എസ്. ശ്രീനിവാസ് അയ്യര്‍
കാലത്തെ മഹാപുരുഷനായി ജ്യോതിഷം സങ്കല്പിച്ചിട്ടുണ്ട്. ‘കാലപുരുഷന്‍’ എന്നാണ് ആ മഹിതസങ്കല്പത്തിന് പേര് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങളും നക്ഷത്രങ്ങളും രാശികളുമെല്ലാം കാലപുരുഷനുമായി ബന്ധപ്പെടുന്നുണ്ട്. മേടം രാശി കാലപുരുഷന്റെ ശിരസ്സത്രെ! അപ്പോള്‍ മുഖം ഇടവം രാശിയാണെന്ന് സിദ്ധിക്കുന്നു.
ഇടവം രാശിക്കാരുടെ ‘മുഖശ്രീ’ യുടെ കാരണം മറ്റൊന്നല്ല. അതുകൊണ്ടാവണം വരാഹമിഹിരാചാര്യന്‍ ‘ബൃഹജ്ജാതക’ ത്തില്‍ ഇടവം രാശിക്കാരെ വര്‍ണിക്കാന്‍ തുടങ്ങിയപ്പോള്‍ ‘കാന്തഃ ഖേലഗതി’ എന്നിങ്ങനെ തുടങ്ങിയത്. കാന്തിയുള്ള ശരീരവും ഭംഗിയുള്ള നടത്തവും എന്നിങ്ങനെ ആ മുഖകാന്തിക്ക് ഇണങ്ങുമാറ് മറ്റ് വിശേഷണങ്ങള്‍ പുരോഗമിക്കുന്നു.
ചരസ്ഥിരോഭയം എന്നീ രാശിഭേദങ്ങളില്‍ സ്ഥിരരാശിയാണ് ഇടവം. പ്രകൃതത്തില്‍ സ്ഥിരത്വം ഉണ്ടാവും. ‘ചിത്തം ചലിപ്പതിന് ഹേതു മുതിര്‍ന്ന് നില്‍ക്കെ നെഞ്ചില്‍ കുലുക്കമെവനില്ലവനാണ് ധീരന്‍’ എന്ന മഹാകവി വാക്യം പോലെയാണ് ഇവരുടെ കാര്യം. മുന്നോട്ട് വെച്ച കാല്‍ പിന്നോട്ടേക്കെടുക്കാത്തവരുമാണ്.
കാര്‍ത്തിക 2,3,4 പാദങ്ങള്‍, രോഹിണി മുഴുവന്‍, മകയിരം 1,2 പാദങ്ങള്‍ എന്നിവ ഇടവക്കൂറിലെ നക്ഷത്രങ്ങള്‍. ഇടവം ലഗ്നക്കാരിലും ഇടവം രാശിയുടെ പ്രകൃതം തെളിയും. കാളയാണ് രാശിസ്വരൂപം. അതിനാല്‍ ഋഷഭം, വൃഷം, ഉക്ഷം , ഗോ തുടങ്ങിയ പര്യായങ്ങളുണ്ടായി. നാല്‍ക്കാലി മൃഗം രാശിസ്വരൂപമാകയാല്‍ ‘നാല്‍ക്കാലി രാശി’ എന്ന് പേരുമുണ്ടായി.
നിശാരാശി (രാത്രിയില്‍ ബലമുള്ളത്), പൃഷ്ഠം കൊണ്ട് ഉദിക്കുന്നത് തുടങ്ങിയ വിശേഷണങ്ങളുമുണ്ട്. ഓജം, യുഗ്മം എന്നീ വേര്‍തിരിവുകളില്‍ യുഗ്മം എന്ന വിഭാഗത്തിലാണ് ഇടവം ഉള്‍പ്പെടുന്നത്. യുഗ്മരാശികളെ സ്ത്രീ രാശികളായും മനസ്സിലാക്കപ്പെടുന്നു. സമരാശി എന്നതും മറ്റൊരു വിശേഷണമാണ്.
ഇടവത്തിന്റെ രാശിനാഥന്‍ ശുക്രനാകുന്നു. ചന്ദ്രന്റെ ഉച്ചക്ഷേത്രം എന്നതും പ്രസ്താവ്യമാണ്. മറ്റ് ഗ്രഹബന്ധങ്ങളില്ല. ഇടവക്കൂറുകാരുടെ സ്വഭാവത്തെ ശുക്രന്‍ നിര്‍ണായകമായി സ്വാധീനിക്കുന്നു. കാമനകള്‍ ഇവരെ നയിക്കുകയും നിയന്ത്രിക്കുകയുമാണ്. പ്രാപഞ്ചികത്വത്തോട് ഇഴുകിച്ചേര്‍ന്ന ജീവിതമാണ്. ഒരിക്കലും ജീവിതത്തോട് പരാങ്മുഖത്വമില്ല. വലിയ സൗന്ദര്യ പക്ഷപാതികളാണ്. കലാഹൃദയം ഉള്ളവരാണ്. പാട്ടും നൃത്തവും അഭിനയവും ചിത്രലേഖനവും എല്ലാം രക്തത്തില്‍ അലിഞ്ഞവ. മനസ്സുകൊണ്ട്, ഭാവന കൊണ്ട്, ജീവിതത്തെ ഏതെല്ലാം വിധത്തില്‍ ചമത്കരിക്കാമെന്നതാണ് ഇവരുടെ സജീവചിന്താവിഷയം. തൊട്ട് പിന്നിലെ രാശിയായ മേടക്കൂറുകാരുടെ ചപലതയോ ‘ആരെടാ? എന്ന് ചോദിച്ചാല്‍ ഞാനെടാ! ‘ എന്ന് പറയുന്ന തന്റേടമോ, സാഹസികതയോ ഒന്നും ഇടവം രാശിക്കില്ല. അഥവാ അതിലെ മനുഷ്യര്‍ക്കില്ല. തൊട്ട് മുന്നിലെ രാശിയായ മിഥുനത്തിന്റെ ബൗദ്ധികതയോ കൗശലമോ സമന്വയ ചിന്തയോ ഹാസ്യാത്മകതയോ ഇടവം രാശിയില്‍ നാം അന്വേഷിക്കേണ്ടതില്ല.
ഇടവം രാശിക്ക് ശനി ഭാഗ്യകര്‍മ്മാധിപനാകയാല്‍ യോഗകാരകനാണ്. ബുധനാണ് അതുകഴിഞ്ഞാല്‍ ഗുണപ്രദനായ ഗ്രഹം. ശുക്രന്‍ രാശ്യധിപനാകയാല്‍ ഗുണവാനാണ്; എന്നാല്‍ ആറാം ഭാവാധിപന്‍ കൂടിയാകയാല്‍ ദോഷവാനുമാണ്. സൂര്യന്‍ കേന്ദ്രാധിപന്‍ (നാലാം ഭാവമായ ചിങ്ങത്തിന്റെ നാഥന്‍) ആകയാല്‍ ശുഭനാണ്. ‘പാപാശ്ച കേന്ദ്രപതയഃ ശുഭദാ ഉത്തരോത്തരം’ എന്ന് പ്രമാണമുണ്ട്. ചന്ദ്രന്‍, ചൊവ്വ, വ്യാഴം എന്നിവ മൂന്നും വിപരീത ഗ്രഹങ്ങളാണ്. അഷ്ടമാധിപത്യം, ഏകാദശാധിപത്യം എന്നിവയാല്‍ ഗുരു ഇവര്‍ക്ക് പ്രതിലോമകാരിയാണ്.
ഭൂമി രാശിയാണ് ഇടവം. അതിനാല്‍ മണ്ണില്‍ കാലൂന്നി നില്‍ക്കുന്നവരാവും, ഇടവക്കൂറുകാര്‍. എത്ര കുതിച്ച് ചാടിയാലും മണ്ണില്‍ തന്നെ മടങ്ങണമെന്ന ബോധ്യം ആഴത്തില്‍ വേരൂന്നിയതാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക