ബംഗാള്‍: തൃണമൂല്‍ സംഘടനാകാര്യങ്ങളില്‍ ഇടപെടാന്‍ ശ്രമിച്ച മഹുവ മൊയ്ത്ര എംപിയ്ക്കെതിരെ താക്കീതു നല്കി മുഖ്യമന്ത്രി മമത ബാനര്‍ജി. ലൈസന്‍സില്ലാത്ത നാക്കുമായി വിവാദപ്രസ്താവനകള്‍ നടത്തുന്ന മഹുവ മൊയ്ത്രയ്ക്കെതിരെ ശക്തമായ താക്കീതുകള്‍ മമത നല്‍കിവരുന്നതിനിടയിലാണ് മഹുവ മൊയ്ത്രയുടെ പുതിയ ഇടപെടല്‍ വിവാദമായത്. കൃഷ്ണനഗര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയായ മഹുവ മൊയ്ത്ര കരിംപൂര്‍ നിയോജക മണ്ഡലത്തിലെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ ശ്രമിച്ചതാണ് മമതയെ ചൊടിപ്പിച്ചത്.
സ്വന്തം പാര്‍ലമെന്റ് മണ്ഡലത്തിലനപ്പുറം ഒരു ഇടപെടലും നടത്തരുതെന്ന ശക്തമായ താക്കീതാണ് മമത നല്‍കിയിരിക്കുന്നത്. . മഹുവ മൊയ്ത്രയുടെ സ്വന്തം സ്ഥലവും മുന്‍ പാര്‍ലമെന്റ് മണ്ഡലവുമായ നദിയ ജില്ലയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടയിലായിരുന്നു മമതയുടെ താക്കീത്.
2016ല്‍ നാദിയ ജില്ലയിലെ കരിംപൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നാണ് ആദ്യമായി മഹുവ മൊയ്ത്ര വിജയിച്ചത്. പിന്നീട് 2019ല്‍ കൃഷ്ണനഗര്‍ ലോക്സഭാ മണ്ഡലത്തില്‍ മത്സരിച്ച് ജയിച്ചു. “കരിംപൂര്‍ മഹുവയുടെ അധികാരപധിയില് പെടാത്ത പ്രദേശമാണ്. ഇപ്പോള്‍ ഇത് അബു താഹെറിന്റെ കീഴിലാണ്. അദ്ദേഹം ഈ മണ്ഡലം നോക്കും. നിങ്ങള്‍ നിങ്ങളുടെ ലോക് സഭാ മണ്ഡലത്തിന്റെ മാത്രം കാര്യമന്വേഷിച്ചാല്‍ മതി”- മമത ബാനര്‍ജി പറഞ്ഞു.
കഴിഞ്ഞ ഡിസംബറില്‍ മമത മഹുവ മൊയ്ത്രയെ ശകാരിക്കുന്നതും മഹുവ അതുകേട്ട് തലയാട്ടി ഇരിക്കുന്നതുമായ വീഡിയോ വൈറലായി പ്രചരിച്ചിരുന്നു.
നിരന്തരം വിവാദപ്രസ്താവനകള്‍ നടത്തി തൃണമൂലിനെ പ്രതിരോധത്തിലാക്കുന്ന മഹുവ മമതയ്ക്ക് തലവേദനയാണ്. ബീഡി വലിക്കുന്ന കാളീദേവിയുടെ സിനിമാ പോസ്റ്റര്‍ വിവാദമായപ്പോള്‍ മഹുവ അതിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. ഈ പ്രസ്താവനയില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് അന്ന് തൃണമൂല്‍ ഔദ്യോഗികമായി പ്രസ്താവിച്ചത് മഹുവയ്ക്ക് വലിയ ആഘാതമായിരുന്നു. അതുപോലെ വിലക്കയറ്റത്തെക്കുറിച്ച് ചര്‍ച്ച നടക്കുമ്പോള്‍ വില കൂടിയ(ഒന്നര ലക്ഷം മുതല്‍ രണ്ട് ലക്ഷം വരെ വിലവരുന്ന) തന്റെ ലൂയി വിറ്റോണ്‍ ബാഗ് ഒളിച്ചുവെയ്ക്കാന് ശ്രമിക്കുന്ന മഹുവയുടെ വീഡിയോയും വൈറലായി പ്രചരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: