സച്ചിദാനന്ദസ്വാമി
പ്രസിഡന്റ്, ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ്
ശ്രീനാരായണഗുരുദേവന്റെ 168-ാമത് ജയന്തിയാണിന്ന്. ഈ മാസം 21 ന് മഹാസമാധിദിനവും. ഈ ദിവസങ്ങളിലെങ്കിലും നാം ആലോചിക്കണം. നാം ഗുരുവിനോട് അടുക്കുന്നുവോ അതോ അകലുന്നുവോ എന്ന്. ഗുരുദേവന് ഉണ്ടായിരുന്ന കാലത്തുതന്നെ ഈ ചോദ്യം ഉയര്‍ന്നുവന്നിരുന്നു. മഹാകവി കുമാരനാശാന് ശ്രീനാരായണഭക്തരോട് ”നാം എവിടം വരെ എത്തിയെന്ന്” പ്രതിഭയിലൂടെ ചോദിക്കുന്നുണ്ട്.
”മനസ്സേകം വചസ്സേകം കര്മ്മണ്യേകം മഹാത്മനാം” മഹാത്മാക്കളുടെ വാക്കും വിചാരവും പ്രവൃത്തിയും ഒന്നുതന്നെയായിരിക്കും. ശ്രീനാരായണഗുരുദേവന്‍ ഈ ത്രികരണങ്ങളെയും ഐക്യപ്പെടുത്തി മാതൃകാജീവിതം നയിച്ച മഹാഗുരുവാണ്. ഗുരുദേവനെ നാം നമ്മുടെ വഴിയും വഴികാട്ടിയുമായ ഗുരുവായും പ്രത്യക്ഷദൈവമായും ആരാധിക്കുന്നു. അത് മഹാഗുരുവിന്റെ ജീവിതവിശുദ്ധിയാലാണ്. കൊടിയ വിമര്‍ശകര്‍ക്കുപോലും ആ പാവനജീവിതത്തില് ഒരു കളങ്കം കാണുവാന്‍ സാധിച്ചിട്ടില്ല. മൂര്‍ക്കോത്തു കുമാരന് പറഞ്ഞതുപോലെ നാരായണഗുരുസ്വാമികളുടെ ജീവിതത്തിന്റെ കാല്‍ഭാഗം ജീവിതവിശുദ്ധി, അരഭാഗവും മുക്കാല്‍ഭാഗവും മുഴുവന്‍ ഭാഗവും ജീവിതവിശുദ്ധി തന്നെ. ആ ജീവിതവിശുദ്ധിയാണ് ഗുരുദേവനെ അനശ്വരനായ ആദ്ധ്യാത്മഗുരുവായി ആരോഹണം ചെയ്യിക്കുന്നത്. ഗുരുദേവന്റെ അമാനുഷപ്രഭാവവും ഇതുതന്നെയാണ്. ഒരു യോഗീശ്വരന്റെ യഥാര്ത്ഥസ്വരൂപമാണത്.
ഗുരുദേവന്റെ ദീപ്തമായ ഈ ജീവിതാദര്‍ശത്തോട് നീതികാട്ടുവാന്‍ ഇന്നു നമുക്കാകുന്നുവോ? നാം ഓരോരുത്തരും ആത്മപരിശോധന ചെയ്യണം. ‘ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത്’, മാനവരൊക്കെയും ഒരു ജാതി, അതാണ് നമ്മുടെ മതം’ എന്ന് ഗുരു ഉപദേശിച്ചു. ‘നമ്മെ ഒരവതാരമായി ആരെങ്കിലും കാണാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് ജാതിഭേദം ഇല്ലാതാക്കുവാന്‍ വന്ന അവതാരം’ എന്നുകൂടി പറയണമെന്ന് ഗുരുദേവന് അരുളിചെയ്തു. എന്നാല്‍ ജാതിഭേദനിരാസത്തില് നാമിന്നെവിടെ നില്ക്കുന്നു. മുന്‍പ് വെളിയിലാണ് ജാതിഭൂതമെങ്കില് ഇപ്പോള്‍ ആ ഭൂതം സര്‍വത്ര വ്യാപിച്ച് ജാതിവാദികളുടെ ഉള്ളിന്റെയുള്ളില്‍ കുടിയേറിയിരിക്കുന്നു. ഇപ്പോള്‍ ഏതും ജാതിയുടെ കണ്ണിലൂടെ മാത്രം കാണുന്ന അവസ്ഥ വന്നിരിക്കുന്നു. പണ്ട് ജാതിപ്പേര് മുറിച്ചുകളഞ്ഞു. മന്നത്തുപത്മനാഭപിള്ള മന്നത്തുപദ്മനാഭനായി, കേളപ്പന് നായര്‍ കേളപ്പനായി, എ.കെ.ഗോപാലന് നമ്പ്യാര്‍ എ.കെ.ജിയായി. പണ്ട് കൊച്ചുകുട്ടികള്‍ പോലും പേരിനൊപ്പം അമ്മ എന്നു ചേര്‍ക്കുമായിരുന്നു. ഇപ്പോഴത് ജാതിപ്പേരായി മാറി. മാലതി നമ്പൂതിരി, സീമാവാര്യര്, പാര്‍വതി കെ.നായര്‍ എന്നിങ്ങനെ. എന്നാല്‍ ലക്ഷ്മി ഈഴവന്, ഗീത ആചാരി, പുഷ്പ പുലയന്, രാധ പറയന് എന്നൊന്നും ആരും എഴുതാറില്ല. കാരണം അതെല്ലാം അവര്ണസമുദായങ്ങളായി. അവര്‍ക്ക് ജാതി പറയുന്നത് ഒരു കോംപ്ലക്സാണ്, കുറവാണ്. ഗവണ്മെന്റിന് ഒരു ഓര്‍ഡിനന്‍സ് വഴി പേരിനൊപ്പം ജാതിപ്പേര് ജാതിസൂചകമായ നാമങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന് വ്യവസ്ഥപ്പെടുത്തിക്കൂടെ? ഇന്നത്തെ പിണറായി ഗവണ്മെന്റ് ചെയ്ത നല്ലകാര്യങ്ങളില്‍ ഒന്ന് അവര്ണശാന്തിമാര്ക്കും ദേവസ്വം ക്ഷേത്രങ്ങളില്‍ ശാന്തിക്കാരാമെന്ന് പ്രഖ്യാപനം ചെയ്തതാണ്. എന്നാല്‍ ഇത് അനുസരിക്കാന്‍ ചില ജാതിവാദക്കാര് തയ്യാറല്ല. അബ്രാഹ്മണ ശാന്തിക്കാര്‍ പാടില്ല എന്ന് ശഠിക്കുന്ന ജാതിക്കോമരത്തെ ശിക്ഷിച്ചുകൂടെയോ? ജാതിഭൂതത്തെ തച്ചുടയ്ക്കുവാന്‍ ഗവണ്മെന്റിന് ഏറെ ചെയ്യാനാകും. പക്ഷേ ഭരണത്തിന്റെ സിരാകേന്ദ്രങ്ങള്‍ ‘ഭേദിക്കാന്‍ സാധിക്കാത്ത തമ്പുരാന് കോട്ടകളായിത്തന്നെ’ നിലകൊള്ളുകയാണ്.
ഗുരുദേവന് ഉപദേശിച്ച മതദര്നം ഇവിടെ എത്രയും സംഗതമാണ്. ‘മതം വ്യക്തികാര്യമാണ്. അത് രാജ്യകാര്യമാകുവാന് പാടില്ല’ എന്ന ഗുരുദേവന്റെ മാര്‍ഗനിര്‍ദ്ദേശം രാജ്യത്തിന്റെ മതപരമായ കാഴ്ചപ്പാടിന് ഒരു ചൂണ്ടുപലകയാണ്. ഭാരതം സനാതനമായ ധര്‍മ്മത്തില്‍ അധിഷ്ഠിതമാണ്. ലോകത്ത് മതങ്ങളൊക്കെയും ആവിര്‍ഭവിക്കുന്നതിന് മുന്‍പ് ഭാരതത്തിലുണ്ടായിരുന്ന മഹിതമായ സംസ്കാരമാണ് സനാതനധര്‍മം. അത് ഇവിടെ വ്യക്ത്യാധിഷ്ഠതമായി ആചരിച്ചുപോരുന്നു. അതിനാലാണ് ചാര്‍വാക മതം പോലും സനാതനധര്‍മ്മത്തിനും ഭാരതീയര്‍ക്കും സ്വീകാര്യമായത്.
എന്നാല്‍ ഇന്നിപ്പോള്‍ സര്‍വതും മതപരമായ കാഴ്ചപ്പാടിലൂടെ വിലയിരുത്തപ്പെടുന്നു. ഗവണ്മെന്റിന്റെ തീരുമാനങ്ങള്‍ പോലും മതസംഘടനകളുടെ സംഘടിതശക്തിയാല്‍ കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണത സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഇവിടെ ജീവിക്കുന്ന മുഴുവന്‍ ജനതയ്ക്കും സ്വീകാര്യമാര്‍ന്ന ഒരു ഏകീകൃത സിവില്‍കോഡ് രാജ്യത്തിനാവശ്യമാണെന്ന് രാഷ്ട്രീയ ഭീഷ്മാചാര്യനായിരുന്ന ഇഎംഎസ് ഒരിക്കല്‍ അഭിപ്രായപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തെ അന്ന് വിമര്‍ശിച്ചവര്‍ പോലും ഇന്ന് അതാവശ്യമാണെന്ന് അഭിപ്രായപ്പെടുകയാണ്.
‘പലമതസാരവുമേകം’ എന്ന ഗുരുദേവദര്‍ശനം മുറുകെ പിടിക്കുവാന്‍ ഓരോ ഭാരതീയനും സാധിക്കണം. എല്ലാ മതങ്ങളുടെയും സാരം ഏകമാണ്. ഏതുമതം വഴിയും മനുഷ്യന് നന്നാകാന്‍ സാധിക്കും. അതിനാല്‍ മതസ്പര്‍ധ വെടിഞ്ഞ് മതസമന്വയബോധമുദിക്കണം. സമബുദ്ധിയോടെ സമഭക്തിയോടെ എല്ലാവരും എല്ലാ മതങ്ങളും പഠിച്ചറിയണം. അതിനായി മഹാഗുരു സര്‍വമതമ്മേളനം നടത്തി. അതിന്റെ ശതാബ്ദി വര്‍ഷം (202324) കടന്നുവരികയാണ്. അത് വിപുലമായി സംഘടിപ്പിക്കുവാന്‍ ശിവഗിരിമഠം തീര്‍ച്ചയാക്കിയിരിക്കുകയാണ്. അതുപോലെ ഗുരു സ്ഥാപിച്ച സര്വമതമഹാപാഠശാല ബ്രഹ്മവിദ്യാലയത്തിന്റെ പ്രവര്‍ത്തനവും ശക്തമാക്കണം.
ഇന്നത്തെ കേരളത്തിന് ഗവണ്മെന്റിന് ദിശാബോധം നല്കാന് ഗുരുദേവദര്‍ശനം മറ്റെന്തിനേക്കാളും ഉപരി ആവശ്യമായിരിക്കുന്നു. ഗവണ്മെന്റിന് മതശക്തിക്ക് വിധേയരായി നില്‍ക്കേണ്ടിവരുന്നു. കളക്ടറായി നിയമിച്ച ശ്രീറാം വെങ്കിട്ടരാമനെ ഉടനെ നീക്കം ചെയ്യേണ്ടിവന്നതും ആണ്‍പെണ്‍കുട്ടികള്‍ ഇടകലര്‍ന്നിരുന്നു പഠിക്കുന്നതും ഒരേ യൂണിഫോം ധരിക്കുന്നതും വിലക്കേണ്ടിവന്നതും മതശക്തിയുടെ പിടിയിലമര്ന്നതുകൊണ്ടുമാത്രമാണ്. ബസ് സ്റ്റോപ്പുകളില്‍ ആണ്‍പെണ്‍ വ്യക്താസമില്ലാതെ പെരുമാറുന്നതിനെ വിമര്‍ശിച്ച് തിരുവനന്തപുരത്ത് പ്രത്യേകം പ്രത്യേകം സ്റ്റോപ്പുകള്‍ തിരിച്ചതും മതശക്തികളുടെ സ്വാധീനം മൂലമാണ്. ഇങ്ങനെ പോയാല്‍ രാജ്യം എവിടെപ്പോയി നില്ക്കും. പൊതുജനങ്ങള്‍ മാറിച്ചിന്തിക്കേണ്ട സമയമാണിത്. ചുരുങ്ങിയപക്ഷം ശ്രീനാരായണസമൂഹമെങ്കിലും ഗുരുസന്ദേശപ്രചരണത്തിന് ശക്തി നല്‍കണം.
ഇപ്രാവശ്യം ഗുരുജയന്തി വാരാഘോഷമായിരിക്കണം എന്ന് ശിവഗിരിമഠം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. സപ്തംബര്‍ 4 മുതല്‍ തുടങ്ങിയ ആഘോഷങ്ങള്‍ ഇന്ന് അവസാനിക്കുകയാണ്. ഈ കാലയളവില്‍ പ്രാര്‍ത്ഥനായോഗങ്ങളും കുടുംബയോഗങ്ങളും നടത്തി. പീതപതാകകള്‍ ഉയര്‍ത്തിയും കമാനങ്ങളും ഗുരുജയന്തിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള ബോര്‍ഡുകളും പ്രദര്‍ശിപ്പിച്ചും ഗുരുദേവകൃതികള്‍ ആലാപനം ചെയ്തും പ്രചരിപ്പിച്ചും, ഗുരുമന്ദിരങ്ങള്, ക്ഷേത്രങ്ങള്‍, ആശുപത്രികള്‍, സ്കൂളുകള്‍ മുതലായവ ശുചിയാക്കിയും ഗുരുദേവ തിരു ജയന്തിയാഘോഷിക്കുകയാണ്. അത് മഹാസമാധിദിനം വരെ തുടരാവുന്നതാണ്.
ജയന്തിദിനം മുതല്‍ മഹാസമാദിദിനം വരെ ഗുരുദേവമന്ത്രം ജപിച്ച് അഖണ്ഡനാമജപം നടത്തിയും ശ്രീനാരായണമാസാചാരണവും ധര്മചര്യായജ്ഞവും ബോധാനന്ദസ്വാമി സമാധിദിനം വരെ ആചരിച്ചും അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കണം. ജയന്തിയും സമാധിദിനവും സ്വദേശത്തുനടത്തുന്ന ഗുരുഭക്തര്‍ ചടങ്ങുകളുടെ സമാപനത്തിനായി സപ്തം.24 ന് എത്തി 25 ന് രാവിലെ 3.30 ന് നടത്തുന്ന ബോധാനന്ദ സ്വാമി സമാധിപൂജയില്‍ പങ്കെടുക്കുവാന്‍ ശിവഗിരിയിലെത്തിച്ചേരണമെന്ന് അഭ്യര്‍ഥിക്കുന്നു. ‘ആചാരപ്രഭവോ ധര്‍മ്മ ധര്‍മ്മസ്യ പ്രഭുരച്യുത’ എന്നുവിധിപ്രകാരം ഗുരുക്കന്മാര് വിധിച്ച ആചാരങ്ങള്‍ അനുഷ്ഠിച്ച് ജീവിതത്തില്‍ ധര്‍മ്മം പ്രകാശിപ്പിക്കണം. ജീവിത വിജയത്തിന്റെ അടിസ്ഥാനതത്ത്വം ധര്‍മമാണ്. ഗുരുദേവന്റെ
‘ധര്‍മ്മ ഏവ പരം ദൈവം
ധര്‍മ്മ ഏവം മഹാധനം
ധര്മ്മസര്വ്വത്ര വിജയീ ഭവതു
ശ്രേയസേ നൃണാം’
എന്ന ഉപദേശവും ഈ അവസരത്തില്‍ ശ്രദ്ധിക്കുക. ജന്മംകൊണ്ടുമാത്രമല്ല, കര്‍മ്മംകൊണ്ടും യഥാര്‍ത്ഥ ശ്രീനാരായണീയരാകുന്ന തത്ത്വം സാക്ഷാല്‍ക്കരിക്കുവാന്‍ ജയന്തിസമാധിദിനചിന്തകള് ഓരോരുത്തരിലും ശക്തമായ പ്രേരണ ചെലുത്തുമാറാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: