ന്യൂദല്‍ഹി: രാജ്യ വികസനത്തിന് ഇന്ത്യയുടെ സഹായം അഭ്യര്‍ത്ഥിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ടെക്നോളജിയിലും ഉപരിതല ഗതാഗത വികസനത്തിനുമാണ് ബംഗ്ലദേശ് ഇന്ത്യയുടെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇത്തരം ഒരു ചര്‍ച്ച ഉയര്‍ന്നു വന്നത്.
രാജ്യത്തെ അടിസ്ഥാന സൗകര്യ പദ്ധതികള്‍, ഉല്‍പ്പാദനം, ഊര്‍ജം, ഗതാഗതം തുടങ്ങിയ മേഖലകളില്‍ നിക്ഷേപം നടത്താന്‍ ഇന്ത്യന്‍ ബിസിനസുകാരോടും അവര്‍ അഭ്യര്‍ത്ഥിച്ചു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സിഐഐ) പരപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ഇന്ത്യയും ബംഗ്ലദേശും ഒരുമിച്ചു പ്രവര്‍ത്തിക്കും. ഇന്ത്യയുടെയും ബംഗ്ലദേശിന്റെയും അതിര്‍ത്തിക്ക് ഇരുപുറവുമുള്ള 150 വാരയില്‍ ബാക്കിയുള്ള എല്ലാ സുരക്ഷാ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഉടന്‍ പൂര്‍ത്തീകരിക്കും.
ആയുധങ്ങള്‍, ലഹരി, കള്ളനോട്ട് എന്നിവയുടെ കടത്തും മനുഷ്യക്കടത്തും തടയാന്‍ ഇരു രാജ്യങ്ങളുടെയും അതിര്‍ത്തി രക്ഷാസേനകള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കും. ഭീകരവാദത്തിനും മതമൗലിക വാദത്തിനുമെതിരായ പോരാട്ടങ്ങളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കും.
ഷെയ്ഖ് ഹസീന ഇന്നലെ വിവിധ ബിസിനസ് മേഖലകളിലുള്ളവരുമായി ചര്‍ച്ച നടത്തി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇരു രാജ്യങ്ങള്‍ക്കും താല്പര്യമുള്ള വികസന പദ്ധതികളും ചര്‍ച്ച ചെയ്തു. ഷെയ്ഖ് ഹസീനയും സംഘവും ഇന്നലെ അജ്മേറിലെ ഖ്വാജ മൊയ്നുദ്ദീന് ചിസ്തിയുടെ ദര്‍ഗ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് ജയ്പുരില്‍ നിന്ന് ധാക്കയ്ക്ക് മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: