മുംബൈ: ഇടംകൈയന്‍ ബാറ്റിങ്ങിന്റെ ചാരുതയും ആക്രമണോത്സുകതയും കൈമുതലാക്കിയ സുരേഷ് റെയ്ന ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചു. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് 2020 ആഗസ്ത് 15ന് വിരമിക്കല്‍ പ്രഖ്യാപിച്ച റെയ്ന, ആഭ്യന്തര, ഐപിഎല്‍ ടൂര്‍ണമെന്റുകളിലും ഇനി കളിക്കില്ല. ഇന്നലെയാണ് കളത്തില്‍ നിന്ന് സമ്പൂര്‍ണമായി വിട്ടുനില്‍ക്കാനുള്ള തീരുമാനം മുപ്പത്തിയഞ്ചുകാരനായ താരം ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്.
ഇതോടെ, താരത്തിന് ഇനി റോഡ് സേഫ്റ്റി ടൂര്‍ണമെന്റുകളും മറ്റ് രാജ്യങ്ങളിലെ ട്വന്റി20 ലീഗുകളിലും കളിക്കാം. മൂന്നു വര്‍ഷം കൂടി കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് റെയ്ന ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. തീരുമാനം ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷനെയും ബിസിസിഐ സെക്രട്ടറി ജയ് ഷാ, വൈസ് പ്രസിഡന്റ് രാജീവ് ശുക്ല എന്നിവരെയും അറിയിച്ചു. റോഡ് സേഫ്റ്റി, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, യുഎഇ ലീഗുകളില്‍ കളിക്കാന്‍ താത്പര്യമുണ്ടോയെന്ന് ചോദിച്ചിട്ടുണ്ടെന്നും ഇതുവരെ തീരുമാനമെടുത്തില്ലെന്നും റെയ്ന കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ടീമിനായും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനായും മികച്ച പ്രകടനം പുറത്തെടുത്തു. 2011 ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും നാലു തവണ ഐപിഎല്‍ കിരീടം നേടിയ ചെന്നൈ സൂപ്പര്കിങ്സിലും അംഗമായിരുന്നു.
ദേശീയ ടീമിനായി 18 ടെസ്റ്റില്‍ നിന്ന് 768 റണ്‍സ് നേടി. ഒരു സെഞ്ചുറി. 226 ഏകദിനങ്ങളില്‍ നിന്ന് 5615 റണ്‍സ്, അഞ്ച് സെഞ്ചുറി. 78 ട്വന്റി20യില്‍ നിന്ന് 1605 റണ്‍സ്, ഒരു സെഞ്ചുറി. മൂന്നു ഫോര്‍മാറ്റിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്ററാണ് റെയ്ന. 109 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 6871 റണ്‍സ് നേടി, 14 സെഞ്ചുറികള്‍. 302 ലിസ്റ്റ് എ മത്സരങ്ങളില്‍ 8078 റണ്‍സ്, ഏഴ് സെഞ്ചുറി. 336 ട്വന്റി20യില്‍ 8654 റണ്‍സ്, നാല് സെഞ്ചുറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: