ന്യൂദല്‍ഹി: ഭര്‍ത്താവിന്റെ അച്ഛന്റെ മുഖത്തടിച്ച വനിതാ പോലീസ് ഓഫിസര്‍ക്കെതിരെ കേസ്. സ്വന്തം അമ്മയുടെയും മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്റെയും മുന്നില്‍ വച്ചാണു പ്രായമായ ഭര്‍തൃപിതാവിനെ എസ്ഐ ചഞ്ചല്‍ മര്‍ദ്ദിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
ഭര്‍ത്താവിന്റെ അച്ഛനും അമ്മയും താമസിക്കുന്ന ലക്ഷ്മി നഗറിലെ വീട്ടിലെത്തിയായിരുന്നു ആക്രമണം.വിജേന്ദറിന്റെ മകന് അങ്കുര്‍ ഗുപ്തയുമായി 2020 ചഞ്ചല്‍ വിവാഹിതയായി. നാലു മാസമായപ്പോള്‍ ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായെന്നും ചഞ്ചല്‍ സ്വന്തം വീട്ടിലേക്കു പോയിരുന്നതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിനുശേഷം ഞായറാഴ്ച രാവിലെ ചഞ്ചല്‍ ഭര്‍ത്താവിന്റെ വീട്ടിലേക്കു വരികയും വിജേന്ദറിനെ മര്‍ദിക്കുകയുമായിരുന്നു. വിജേന്ദര്‍ ഗുപ്തയും ഭാര്യ വീണയുമാണ് അപ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നത്. ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് പ്രകോപിതയായ ചഞ്ചല്‍ വിജേന്ദറിനെ മര്‍ദ്ദിക്കുകയായിരുന്നു. ചഞ്ചലിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തതായും ദല്‍ഹി പോലീസ് വ്യക്തമാക്കി. അടുത്തിടെയാണു ചഞ്ചല്‍ ഡിഫന്‍സ് കോളനി സ്റ്റേഷനില്‍ എസ്ഐ ആയി നിയമിതയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: