പുത്തൂര്‍: പുത്തൂരിലെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ ഓണം ആഘോഷിച്ചത് ലഹരി വിരുദ്ധ സന്ദേശവുമായി. ‘ജീവിതമാണ് ലഹരി’ എന്ന സന്ദേശമുയര്‍ത്തിക്കൊണ്ട് കുട്ടി പോലീസ് കേഡറ്റുകള്‍ മാവേലികളായും പുലികളായും വേട്ടക്കാരായും വേഷമണിഞ്ഞ് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പുത്തൂര്‍ ടൗണില്‍ ലഹരി വിരുദ്ധ റാലി നടത്തി.
ലഹരി ഉപയോഗത്തില്‍ നിന്ന് പൂര്‍ണമായും സ്വയം ഒഴിഞ്ഞു നില്‍ക്കുമെന്നും കുട്ടികളില്‍ വ്യാപിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ പോരാടുമെന്നും ദൃഢപ്രതിജ്ഞ ചെയ്തു കൊണ്ടാണ് ചടങ്ങുകള്‍ ആരംഭിച്ചത്. എക്‌സൈസ് വകുപ്പ് പുറത്തിറക്കിയ ലഹരി വിരുദ്ധ ലഘുലേഖകള്‍ കുട്ടികള്‍ വിതരണം ചെയ്തു. കുട്ടി പോലീസുകാര്‍ മാവേലിമാര്‍ ചൊല്ലിക്കൊടുത്ത ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റെടുക്കാന്‍ തയ്യാറായ പൊതുജനങ്ങള്‍ക്ക് ഉപ്പേരിയും ലഡുവും വിതരണം ചെയ്തു.
മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ കുരികേഷ് മാത്യു ഉദ്ഘാടനം ചെയ്ത മൂന്നുദിവസം നീണ്ടുനിന്ന ഓണം അവധിക്കാല ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ചാണ് വ്യത്യസ്തമായ ഓണാഘോഷ പരിപാടികള്‍ നടന്നത്. പുത്തൂര്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജി. സുഭാഷ് കുമാര്‍, ഇന്‍സ്‌പെക്ടര്‍ റ്റി.ജെ.ജയേഷ്, സ്‌കൂള്‍ പ്രഥമാധ്യാപിക എസ്സ്. ലിനി, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ കെ.വി ഗോപകുമാര്‍, അധ്യാപകരായ ബി.പ്രദീപ്, അര്‍ച്ചന.എസ്. വൈ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: