പ്രശസ്ത ബ്രിട്ടീഷ് മാധ്യമമായ ദി എക്കണോമിസ്റ്റിന്റെ യൂറോപ്യന്‍ സാമ്പത്തിക എഡിറ്റല്‍ ക്രിസ്ത്യന്‍ ഒഡെന്ഡല് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു. ‘സ്വന്തം പൗരന്മാര്ക്ക് പണം അക്കൗണ്ടിലൂടെ നല്കാനാവാത്ത അവസ്ഥയിലാണ് ജര്‍മ്മന്‍ സര്‍ക്കാര്‍. ബാങ്ക് അക്കൗണ്ടും ടാക്സ് ഐഡികളും ഒത്തുനോക്കുന്നതിന് വേണ്ടിവരുന്നത് ഒന്നര വര്‍ഷത്തെ കാലതാമസമാണ്. വെറും ഒരു ലക്ഷം ഇടപാടുകള്‍ മാത്രമാണ് പ്രതിദിനം ജര്‍മ്മനിയില്‍ സാധ്യമാകുന്നത്’. സാമ്പത്തിക മേഖലയുടെ ഡിജിറ്റല്വല്ക്കരണത്തില് ഒന്നാം ലോക രാജ്യങ്ങള്‍ക്ക് പോലുമുണ്ടാകുന്ന തിരിച്ചടികള്‍ വ്യക്തമാക്കുന്നതായിരുന്നു ഈ ട്വീറ്റ്.
അതേ സമയം കേവലം വിരലിലെണ്ണാവുന്ന വര്‍ഷങ്ങള്‍ കൊണ്ട് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഡിജിറ്റലൈസേഷന് പ്രക്രിയ കൊണ്ടുവന്ന മാറ്റങ്ങളെപ്പറ്റിയുള്ള ഗൗരവകരമായ ചര്‍ച്ചകള്‍ ലോകമെങ്ങും നടക്കുകയാണ്. അതിന് കാരണം ഇന്ന് ഇന്ത്യയില്‍ നടക്കുന്ന റിയല്‍ടൈം പേമെന്റുകള്‍ 25.5 ബില്യണ്‍ ആണ് എന്നതു തന്നെയാണ്. അതായത് അഗോള തലത്തിലെ ഡിജിറ്റല്‍ പേമെന്റുകളുടെ 40 ശതമാനവും ഇന്ത്യയിലാണ്. യുഎസിന്റെയും ചൈനയുടേയും ബ്രിട്ടന്റെയും കൂടിച്ചേര്‍ന്നാല്‍ പോലും ഇന്ത്യന്‍ ഡിജിറ്റല്‍ പേമെന്റുകളുടെ എണ്ണത്തിന്റെ അത്ര എത്തില്ല എന്നതാണ് യാഥാര്‍ത്ഥ്യം. രണ്ടാം സ്ഥാനത്തുള്ള ചൈനയില്‍ 15.7 ബില്യണ്‍ റിയല്‍ടൈം പേമെന്റുകളാണ് നടക്കുന്നത്. യുഎസില്‍ 1.2 ബില്യന്റെയും ബ്രിട്ടണില്‍ 2.8 ബില്യന്റെയും പേമെന്റുകള്‍ നടക്കുന്നു എന്നാണ് എക്കണോമിക്സ് ഇന്റലിജന്‍സ് യൂണിറ്റിന്റെ കണക്ക്.
ഇന്ത്യയിലെ യുപിഐ(യൂണിഫൈഡ് പേമെന്റ്സ് ഇന്റര്‍ഫേസ്) സംവിധാനത്തിന്റെ വിജയം കൂടുതല്‍ രാജ്യങ്ങള്‍ ഏറ്റെടുത്തു തുടങ്ങിയിട്ടുണ്ട്. യുകെയില്‍ അടക്കം ഇനി യുപിഐ സേവനങ്ങള്‍ ലഭ്യമാണ്. എന്‍ഐപിഎല്‍, പേഎക്സ്പേര്ട്ട് എന്നിവരുമായുള്ള സഹകരണത്തിലാണ് യുകെയില്‍ യുപിഐ ലഭ്യമാക്കുന്നത്. നാഷണല്‍ പേമെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ വികസിപ്പിച്ചെടുത്ത റിയല്‍ടൈം പേമെന്റ് സംവിധാനമാണ് യുപിഐ. 2015ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിച്ച ഡിജിറ്റല്‍ ഇന്ത്യ പ്രചാരണത്തിന്റെ പ്രധാന ഘടകമാണ് യുപിഐ.
ഏഴുപതിറ്റാണ്ട് ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ പലവട്ടം മോദിയുടെ ഡിജിറ്റല്‍ ഇന്ത്യാ ക്യാമ്പയിനെ പാര്‍ലമെന്റിലും പുറത്തും പരിഹസിച്ചിട്ടുണ്ട്. വഴിയരുകില്‍ ഉരുളക്കിഴങ്ങു വില്‍ക്കുന്ന പാവപ്പെട്ടവന് എങ്ങനെ ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന മുന്‍ധനമന്ത്രി പി. ചിദംബരത്തിന്റെ പാര്‍ലമെന്റിലെ പരിഹാസ പ്രസംഗം ഇന്നും സാമൂഹ്യ മാധ്യമങ്ങളില്‍ നമുക്ക് കാണാം. ഇത്രകാലം രാജ്യം ഭരിച്ചവര്‍ക്ക് സങ്കല്പ്പിക്കാന് പോലും സാധിക്കാത്തത്ര വലിയ മാറ്റങ്ങള്‍ ഇന്ത്യന്‍ സമ്പദ് ഘടനയില്‍ കൊണ്ടുവരാന്‍ പ്രധാനമന്ത്രി മോദിക്ക് സാധിച്ചിരിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവുകൂടിയാണ് അവരുടെ ആ പഴയ പ്രസംഗ ദൃശ്യങ്ങള്‍. മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്കെതിരായ ശശി തരൂര്‍ എംപിയുടെ അടക്കമുള്ള പ്രസംഗങ്ങള്‍ ഇന്നും യൂട്യൂബില്‍ ലഭ്യമാണ്. കോണ്‍ഗ്രസ് നേതാക്കള്‍ പരിഹസിച്ച തെരുവ് കച്ചവടക്കാര്‍ മുതല്‍ നഗര-ഗ്രാമങ്ങളിലെ സാധാരണക്കാര്‍ അടക്കം ശതകോടികള്‍ ഡിജിറ്റല്‍ ഇടപാടുകളിലൂടെ ബാങ്കിംഗ് മേഖലയുടെ പ്രയോജനങ്ങള്‍ നേടുന്നു. പിഎം സ്വനിധി പദ്ധതി വഴി രാജ്യത്തെ 35 ലക്ഷം തെരുവ് കച്ചവടക്കാര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ ലഭിക്കുന്നു. മോദി തുറന്നുകൊടുത്ത ഡിജിറ്റല്‍ ലോകത്ത് 130 കോടി പൗരന്മാര് അവരുടെ സ്വന്തം ജീവിതം കെട്ടിപ്പെടുക്കുന്ന സുന്ദരമായ കാഴ്ചയാണ് ഇന്ത്യയില്‍ മാറ്റത്തിന്റെ വിപ്ലവം സൃഷ്ടിക്കുന്നത്.
സ്മാര്‍ട്ട് ഫോണ്‍ ഡേറ്റ ഉപയോഗത്തില്‍ ലോകത്തില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു. ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ലോകത്തില്‍ രണ്ടാം സ്ഥാനത്തും ലോകത്തിലെ മൂന്നാമത്തെ വലിയ ഉപഭോക്തൃ വിപണിയും ഇന്ന് ഇന്ത്യയാണ്. ആഗോള റീട്ടെയില്‍ സൂചികയില്‍ രണ്ടാം സ്ഥാനവും ഊര്‍ജ്ജ ഉപയോഗത്തില്‍ മൂന്നാം സ്ഥാനത്തും ഇന്ത്യയെത്തിയിരിക്കുന്നു. 2014ല്‍ ബ്രോഡ്ബാന്റ് ഉപയോഗിക്കുന്നവര്‍ രാജ്യത്ത് 6.5 കോടി മാത്രമായിരുന്നുവെങ്കില്‍ ഇന്നത് 78 കോടിയാണ്. 2014ല്‍ ഒരു ജിഡി ഡേറ്റയ്ക്ക് 200 രൂപയാണ് ഈടാക്കിയിരുന്നത്. ഇന്നത് വെറും 11-12 രൂപയിലെത്തി നില്ക്കുന്നു. 2014ല്‍ രാജ്യത്തെ ഒപ്ടിക്കല്‍ ഫൈബര്‍ 11 ലക്ഷം കി.മി ആയിരുന്നെങ്കില്‍ ഇന്നത് 28 ലക്ഷം കി.മി ആയി കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചതാണ് ഈ നേട്ടങ്ങളുടെയെല്ലാം പിന്നിലെ കാരണം. വിവിധ കേന്ദ്രപദ്ധതികളുടെ സബ്സിഡി തുക ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറുന്ന സംവിധാനത്തിലൂടെ ഇതുവരെ 22 ലക്ഷം കോടി രൂപയാണ് നല്‍കിയിരിക്കുന്നത്. പിഎം കിസാന്‍ സമ്മാന്‍ നിധി മാത്രം 11 കോടി കര്‍ഷകര്‍ക്ക് രണ്ടു ലക്ഷം കോടി രൂപയാണ് ഇത്തരത്തില്‍ കൈമാറിയിരിക്കുന്നത്. ജര്‍മ്മനിക്ക് ഒരു ലക്ഷം പേര്‍ക്ക് പോലും പണം നല്കാനാവാത്ത സമയത്ത് ഒറ്റ ക്ലിക്കില്‍ 11 കോടി കര്‍ഷകരുടെ അക്കൗണ്ടിലേക്ക് രണ്ടായിരം രൂപ വീതം നിക്ഷേപിക്കാന്‍ മോദിക്ക് സാധിക്കുന്നു.
ഇത്തരം സാമ്പത്തിക പരിഷ്ക്കാരങ്ങളുടെ ഫലമായി ഇന്ത്യ ആഗോളതലത്തില്‍ വമ്പന്‍ നേട്ടങ്ങളിലേക്ക് മുന്നേറുന്ന വാര്‍ത്തകള്‍ പുറത്തുവന്ന ആഴ്ചയാണ് കടന്നുപോയത്. അതിലൊന്ന് ബ്രിട്ടന്റെ കോളനിവാഴ്ച അവസാനിപ്പിച്ചതിന്റെ 75-ാം വര്‍ഷത്തില്‍ ഇന്ത്യ ബ്രിട്ടണേക്കാള്‍ സുശക്തമായ സാമ്പത്തിക ശക്തിയായി ഉയര്‍ന്നു എന്ന ആവേശകരമായ നേട്ടം തന്നെയാണ്. ഇന്ന് ലോകത്തിലെ സുശക്തമായ അഞ്ചാമത്തെ സാമ്പത്തിക ശക്തി ഇന്ത്യയാണ്. കഴിഞ്ഞ ഡിസംബറില്‍ തന്നെ ഈ നേട്ടം ഇന്ത്യ കൈവരിച്ചുവെന്ന് എസ്ബിഐ അറിയിച്ചിരുന്നെങ്കിലും ബ്രിട്ടീഷ് മാധ്യമമായ ബ്ലൂംബര്‍ഗ് ഇക്കാര്യം പ്രസിദ്ധീകരിച്ചതോടെയാണ് ആഗോളതലത്തില്‍ ഇന്ത്യന്‍ നേട്ടം വലിയ ചര്‍ച്ചയായത്. ജി-20 രാഷ്ട്രങ്ങളില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമാണ് ഇന്ന് ഇന്ത്യ. 1961ല്‍ എട്ടാം സ്ഥാനത്തായിരുന്ന രാജ്യം 1971 ആയപ്പോഴേക്കും 9-ാം സ്ഥാനത്തേക്കും 81ല്‍ പപത്താം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടിരുന്നു. 2005 മുതലുള്ള യുപിഎ ഭരണകാലത്ത് പതിമൂന്നും പതിനാലും സ്ഥാനത്ത് വരെ പിന്നിലേക്ക് പോയ ഇന്ത്യ 2014 മുതല്‍ ഗംഭീരമായ തിരിച്ചുവരവാണ് നടത്തിയത്. 2021ല്‍ റിയല്‍ ജിഡിപി വളര്‍ച്ചയില്‍ ചൈനയെ പിന്നിലാക്കി ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ യുഎസിനും ചൈനയ്ക്കും ജപ്പാനും ജര്‍മ്മനിക്കും പിന്നില്‍ അഞ്ചാം സ്ഥാനത്തേക്ക് ആഗോള സാമ്പത്തിക ശക്തിയായി ഇന്ത്യ വളര്‍ന്നു കഴിഞ്ഞു. ഈ ദശാബ്ദത്തില്‍ തന്നെ ജര്‍മ്മനിയെയും ജപ്പാനെയും പിന്തള്ളി ഇന്ത്യ മൂന്നാം സ്ഥാനത്തെത്തുമെന്നാണ് എസ്ബിഐ റിപ്പോര്‍ട്ട്. സാമ്പത്തിക മേഖലയുടെ ഡിജിറ്റല്വല്ക്കരണത്തില് ജര്‍മ്മനി അടക്കമുള്ള രാജ്യങ്ങള്‍ നേരിടുന്ന തിരിച്ചടികള്‍ ഇന്ത്യന്‍ കുതിപ്പിന് കൂടുതല്‍ സഹായകരമായിത്തീരും എന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: