ലോകത്തില്‍ ഏറ്റവും ദയനീയമാണ് പേ വിഷബാധ ഏറ്റുള്ള മരണം. അതിദാരുണവും. പന്ത്രണ്ട് വയസുമാത്രം പ്രായമുള്ള അഭിരാമിയെ നമ്പര്‍വണ്‍ കേരളത്തിലെ ആരോഗ്യവകുപ്പ് തള്ളിവിട്ടത് ഇനിയാര്‍ക്കും സംഭവിക്കരുതേയെന്ന് എല്ലാവരും പ്രാര്‍ത്ഥിക്കുന്ന ദുരന്തത്തിലേക്കാണ്. അടുത്തിടെ കേരളത്തില്‍ നായ്ക്കളുടെ കടിയേറ്റ്, പേ വിഷബാധയെ തുടര്‍ന്ന് മരിച്ചവര്‍ നിരവധി. അവരില്‍ പലരും വിഷബാധയേല്‍ക്കാതിരിക്കാനുള്ള വാക്സിന് കുത്തിവച്ചിരുന്നു. പട്ടിയുടെ കടിയേറ്റ അഭിരാമിക്ക് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശാനുസരണം മൂന്നുഡോസ് പ്രതിരോധ കുത്തിവയ്പ് എടുത്തു. നാലാമത്തേത് എടുക്കാനുള്ള ഇടവേളയിലാണ് റാബിസ് വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. റാബിസ് വൈറസുകള്‍ ശരീരത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ പിന്നെ മരണത്തിന് കീഴടങ്ങുകയേ നിര്‍വ്വാഹമുള്ളൂ. വൈറസ് ശരീരത്തില്‍ പ്രവര്‍ത്തിക്കാതിരിക്കാനുള്ള പ്രതിരോധമരുന്നാണ് കുത്തിവയ്ക്കുന്നത്. അതില്‍ പാളിച്ച വന്നാല്‍ മരണം ഉറപ്പ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അഭിരാമി.
പേ വിഷബാധയ്ക്ക് എതിരെ കുത്തി വയ്ക്കുന്ന റാബീസ് വാക്സിന്റെയും റാബീസ് ഇമ്മ്യൂണോഗ്ലോബുലിന്റെയും പരാജയം സംബന്ധിച്ച് പഠനം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. വാക്സിന് പരാജയമല്ലെന്നും പഠനം വേണ്ടെന്നും പറഞ്ഞ ആരോഗ്യമന്ത്രി വീണാജോര്‍ജ്ജിനെ തിരുത്തിക്കൊണ്ടായിരുന്നു അത്. വാക്സിന് സുരക്ഷിതമെന്നാണ് ആരോഗ്യവകുപ്പ് ആവര്‍ത്തിക്കുന്നത്. കേന്ദ്ര ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറിയുടെ ബാച്ച് റിലീസ് സര്‍ട്ടിഫിക്കറ്റോടു കൂടിയാണ് റാബീസ് വാക്സിനും റാബീസ് ഇമ്മ്യൂണോഗ്ലോബുലിനും വിതരണം ചെയുന്നതെന്നാണ് കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്പ്പറേഷന് ലിമിറ്റഡി(കെഎംഎസ്സിഎല്) ന്റെ വിശദീകരണം. വിതരണോത്തരവ് അനുസരിച്ച് വിതരണക്കാരന് സ്റ്റോക്ക് തയ്യാറാക്കിയെങ്കിലും കസൗളിയിലെ കേന്ദ്ര ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയില്‍ നിന്നും ബാച്ച് റീലീസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തിനാല്‍ വിതരണം ചെയ്തിരുന്നില്ലെന്നും മറിച്ചുള്ള പ്രചരണം തെറ്റാണെന്നുമാണ് കെഎംഎസ്സിഎല് എംഡി വാര്‍ത്താകുറിപ്പ് ഇറക്കിയത്.
റാബീസ് വാക്സിനെ സംബന്ധിച്ചിടത്തോളം പരാജയപ്പെടാനുള്ള സാധ്യത അത്യപൂര്‍വമാണെന്ന് ലോകാരോഗ്യസംഘടനയും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ആശങ്കകള്‍ അസ്ഥാനത്തല്ല. എവിടെയാണ് വാക്സിന് പിഴയ്ക്കുന്നതെന്നാണ് ചോദ്യം ഉയരുന്നത്. വാക്സിന് സൂക്ഷിക്കുന്നതിലേക്കും വാക്സിന് കുത്തിവയ്ക്കുന്ന രീതിയിലേക്കുമാണ് സംശയമുന നീളുന്നത്.
മുറിവുകളെ മൂന്നു കാറ്റഗറിയായി കണക്കാക്കിയാണ് ചികിത്സ നടത്തേണ്ടത്. മൃഗങ്ങളെ തൊടുകയോ ഭക്ഷണം കൊടുക്കുകയോ ചെയ്യുമ്പോഴുള്ള സ്പര്‍ശനം, മുറിവുകള്‍ ഇല്ലാത്തത്, തൊലിപ്പുറത്തു മൃഗങ്ങള്‍ നക്കുക തുടങ്ങിയവ കാറ്റഗറി ഒന്നാണ്. രണ്ടാമത്തെ കാറ്റഗറിയില്‍ വരുന്നത് തൊലിപ്പുറത്തുള്ള മാന്തലും, രക്തം വരാത്ത ചെറിയ പോറലുകളുമാണ്. മൂന്നാമത്തെ കാറ്ററിയാണ് അതീവ ഗുരുതരം. മുറിവുള്ള തൊലിപ്പുറത്തു നക്കുക, രക്തം പൊടിയുന്ന മുറിവുകള്‍, ചുണ്ടിലോ വായിലോ നാക്കിലോ നക്കുക, മാരകമായ കടിയേക്കല്‍ എന്നിവയാണ് മൂന്നാമത്തെ കാറ്റഗറി. പട്ടിയും പൂച്ചയുമല്ലാത്ത ഏതു വന്യമൃഗങ്ങളുടെ കടിയും കാറ്റഗറി മൂന്നായി കരുതി വേണം ചികിത്സിക്കാന്‍. മുഖത്തോ വിരലുകളിലോ ഉള്ള കടി ഗുരുതരമാകാം. നാഡികളിലൂടെ വൈറസുകള്‍ വേഗം തലച്ചോറിലേക്ക് പകരാന്‍ സാധ്യത ഉള്ളതിനാലാണിത്. അതുകൊണ്ടുതന്നെ കാലതാമസം ഇല്ലാതെ ചികിത്സ നല്‍കണം. ഈ കാറ്റഗറി തിരിക്കുന്നതിലെ പിഴവുപോലും വാക്സിന് കൃത്യമായി പ്രവര്‍ത്തിക്കാത്തതിന് കാരണമാകുമെന്ന് വിദഗ്ദ്ധര്‍ നിരവധി തവണ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മറ്റൊന്ന് വാക്സിന് സൂക്ഷിക്കുന്ന രീതിയാണ്. 2.8 ഡിഗ്രി സെല്‍ഷ്യസില്‍ വാക്സിന് സൂക്ഷിക്കണമെന്നാണ് നിര്‍ദ്ദേശം. ഇതിലുണ്ടാകുന്ന പിഴവ് വാക്സിന്റെ ഗുണമേന്മയില് മാറ്റം വരുത്തും. ഒരു വാക്സിന് തുറന്നാല്‍ എട്ടുമണിക്കൂറാണ് കാലാവധി. അഞ്ചുപേര്‍ക്ക് ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബാക്കിയുള്ളവ ഉപയോഗശൂന്യമാണ്. കുത്തിവെക്കുന്ന പ്രക്രിയയില്‍ വരുന്ന സാങ്കേതികപ്പിഴവും വാക്സിനെ പരാജയപ്പെടുത്തും. ചര്‍മപാളികളിലേക്ക് കുത്തിവെക്കുന്നത് പ്രത്യേകപരിശീലനം ലഭിച്ചവര്‍ക്കേ സാധിക്കൂ. അതില്‍ പിഴവുണ്ടായാല്‍പോലും വാക്സിന് ഫലവത്താകണമെന്നില്ല.
ഇവയില്‍ എല്ലാത്തിനേക്കാളും ഏറെ പ്രാധാന്യം പ്രാഥമിക ശുശ്രൂഷയ്ക്കാണ്. പേ വിഷബാധ പ്രതിരോധത്തില്‍ വളരെ പ്രധാനമാണ് കടിയേറ്റ ഭാഗം ഒഴുകുന്ന വെള്ളത്തില്‍ സോപ്പുപയോഗിച്ച് 10-15 മിനിറ്റു കഴുകുക എന്നത്. ഇത് പലപ്പോഴും കൃത്യമായി നടക്കാറില്ല. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ സോപ്പുപയോഗിച്ച് കഴുകി എന്നു പറഞ്ഞാല്‍ പിന്നെ ആരോഗ്യപ്രവര്‍ത്തകര്‍ ആ വശത്തേക്ക് ചിന്തിക്കില്ല. ഒരിക്കലെങ്കിലും മൃഗങ്ങളുടെ കടിയേറ്റ് ചെന്നിട്ടുള്ളവര്‍ക്ക് ആരോഗ്യവകുപ്പിന്റെ അനാസ്ഥ എത്രത്തോളം ഉണ്ടെന്ന് അതിവേഗം മനസിലാകും.
മറ്റൊരു ഗുരുതരവീഴ്ച ഉണ്ടാകുന്നത് മൃഗസംരക്ഷണ വകുപ്പിലാണ്. വായമൂടിക്കെട്ടി നായയെ മൃഗാശുപത്രിയില്‍ കൊണ്ടുപോയാല്‍ പോലും അവയുടെ അടുത്തു പോകാതെ ദൂരെ നിന്ന് വാക്സിന് എടുക്കുന്ന മൃഗസംരക്ഷണവകുപ്പിലെ ഉദ്യോഗസ്ഥരുണ്ട്. തെരുവു നായ്ക്കളെ പിടികൂടി വാക്സിന് എടുക്കുന്നതിലും അപകാതയുണ്ടെന്നാണ് നായ്ക്കളുടെ കടികള്‍ കൂടുന്നതിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം ജൂണ്‍വരെ 3.49ലക്ഷം പേരാണ് നായ, പൂച്ച കടിയേറ്റ് കുത്തിവയ്പ്പിനെത്തിയത്. ഇതില്‍ 1.47ലക്ഷം പേര് നായകടിയേറ്റും 2.19ലക്ഷം പേര് പൂച്ചകടിച്ചതിനുമാണ് ചികിത്സതേടിയത്. ഇതില്‍ അധികവും തെരുവനായ്ക്കളുടെ കടിയാണ്. കോടികളാണ് തെരുവുനായ്ക്കളുടെ നിയന്ത്രണത്തിനായി ചെലവഴിക്കുന്നത്. ഇതും പരാജയമെന്നാണ് ഇപ്പോഴുള്ള തെരുവനായകളുടെ ആക്രമണ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
അഭിരാമിയുടെ മരണത്തോടെ അടുത്തിടെ കേരളത്തില്‍ പേ വിഷബാധയേറ്റുള്ള മരണം 21 ആയി. മരിച്ച 21 പേരില്‍ 15പേരും വാക്സിന് എടുക്കാത്തവരോ വാക്സിന് എടുക്കുന്നതിലെ ഇടവേളകള്‍ കൃത്യമായി പാലിക്കാത്തവരോ ആണെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. ആരോഗ്യ-മൃഗസംരക്ഷണ വകുപ്പുകളുടെ വീഴ്ച ഇപ്പോള്‍ ‘റാബിസ്’ വൈറസിന്റെ ചുമലില്‍ കെട്ടിവയ്ക്കാനാണ് ഒടുവിലത്തെ നീക്കം.
സംസ്ഥാനത്ത് പേ വിഷബാധ വൈറസിന് ജനിത വകഭേദം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നാണ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഒടുവില്‍ പറഞ്ഞത്. വാക്സിനുകളുടെ ഫലപ്രാപ്തി നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള ജനിതക വ്യതിയാനങ്ങള്‍ റാബിസില്‍ അത്യപൂര്‍വമാണ്. എങ്കിലും അടുത്ത കാലത്ത് പേ വിഷബാധ ഉണ്ടായവരില്‍ വാക്സിനും സിറവും സ്വീകരിച്ചവരുമുണ്ട് എന്നതിനാലാണ് ഇത്തരം ഒരന്വേഷണം കൂടി നടത്തുന്നതത്രേ. ഇതിനായി സംസ്ഥാനത്തുനിന്ന് ശേഖരിച്ച വൈറസുകളുടെ സമ്പൂര്‍ണ ജനിതക ശ്രേണീകരണം (കംപ്ളീറ്റ് ജീനോമിക് അനാലിസിസ്) പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തുമത്രേ. ലോകത്താകമാനം നിരീക്ഷണങ്ങളും പഠനങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന വാക്സിനെകുറിച്ചാണ് ആരോഗ്യവകുപ്പിന്റെ ഈ പുതിയ നിഗമനം. നിഗമനങ്ങള്‍ പലത് നടക്കുമ്പോഴും ഇന്നലെ വൈകിട്ടും ആറ്റിങ്ങലില്‍ എട്ടുപേര്‍കൂടി തെരുവുനായയുടെ ആക്രമണത്തിന് ഇരയായി. ഒരു വയോധികയുടെ നില ഗുരുതരവുമാണ്. ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും പാളിച്ചകള്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ ഇനിയും ജീവനുകള്‍ ദയനീയ മരണത്തിന് കീഴടങ്ങേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: