പ്രസാദ് മൂക്കന്നൂര്‍
ഉത്രാടം പുലരാന്‍ ഒരു നാള്‍ മാത്രം ബാക്കി. പിന്നെ നാടും നഗരവും ഉത്രാടപ്പാച്ചിലിലേക്ക്. ഉത്രാടരാത്രി തിരുവോണത്തിനുള്ള ഒരുക്കത്തിന്റേതാണ്.
കേരളം ഉത്രാടത്തിരക്കിലാകുമ്പോള്‍, പത്തനംതിട്ട ജില്ലയിലെ തൃക്കാട്ടൂര്‍ ഗ്രാമം പതിനായിരങ്ങള്‍ക്ക് നയനാനന്ദകരവും ഭക്തിനിര്‍ഭരവുമായ ഒരു വിരുന്ന് സമ്മാനിക്കുന്നു. നാടിന്റെ വിവിധഭാഗങ്ങളില്‍ നിന്നും ജനസഹസ്രങ്ങള്‍ പമ്പാതീരത്തുള്ള ഈ കൊച്ചുഗ്രാമത്തിലേക്ക് പ്രവഹിക്കും. ചരിത്ര പ്രസിദ്ധമായ തിരുവോണത്തോണിയുടെ യാത്ര ആരംഭിക്കുന്നത് കാട്ടൂര്‍ ഗ്രാമത്തില്‍, ശ്രീ മഹാവിഷ്ണു ക്ഷേത്രക്കടവില്‍നിന്നുമാണ്. എല്ലാ വര്‍ഷവും ചിങ്ങമാസത്തിലെ ഉത്രാടംനാള്‍ സന്ധ്യയോടെയാണ് തിരുവോണത്തോണി ആറന്മുളക്ഷേത്രം ലക്ഷ്യമാക്കി നീങ്ങുന്നത്. തൃക്കാട്ടൂരില്‍നിന്നും ആറന്‍മുളയിലേക്കുള്ള തിരുവോണത്തോണി യാത്രയ്‌ക്ക് പിന്നില്‍ ഒരു ചരിത്രം ഉണ്ട്.
കോട്ടയം ജില്ലയില്‍പ്പെട്ട കുമാരനെല്ലൂരിലെ മങ്ങാട്ട് ഭട്ടതിരിയുടെ വകയായിരുന്നു കാട്ടൂര്‍ മഠവും സ്വത്തുക്കളും. മഠത്തില്‍ എല്ലാ തിരുവോണനാളിലും ബ്രാഹ്മണര്‍ക്ക് സദ്യ നല്‍കുന്ന ചടങ്ങ് നടന്നിരുന്നു. എന്നാല്‍ ഒരു ചിങ്ങമാസത്തിലെ തിരുവോണനാളില്‍ മഠത്തില്‍ ആരും എത്തിയില്ല. ദുഃഖിതനായ ഭട്ടതിരി ആറന്മുള ദേവനെ വിളിച്ച് പ്രാര്‍ത്ഥിച്ചു.
അല്‍പ്പസമയത്തിനകം മഠത്തില്‍ ഒരു ബ്രാഹ്മണബാലന്‍ എത്തി. ഭട്ടതിരി സന്തോഷത്തോടെ ബാലന് തിരുവോണ സദ്യ നല്‍കി. അന്ന് ഭട്ടതിരിക്ക് സ്വപ്‌നദര്‍ശനം ഉണ്ടായി. ഇനിയുള്ള എല്ലാ ചിങ്ങത്തിലും തിരുവോണനാളില്‍ തനിക്കുള്ള തിരുവോണസദ്യ ആറന്മുളയിലെത്തിക്കണമെന്നായിരുന്നു സ്വപ്‌നത്തിലെ വെളിപാട്. ആറന്മുള പാര്‍ത്ഥസാരഥീ ക്ഷേത്രത്തില്‍ നിന്ന് ഭഗവാന്‍ തന്നെയാണ് അന്ന് പകല്‍ മഠത്തില്‍വന്ന് സദ്യ കഴിച്ചതെന്ന് ഭട്ടതിരിക്ക് ബോദ്ധ്യമായി.
പിറ്റേവര്‍ഷം മുതല്‍ ഭട്ടതിരി ഉത്രാടംനാള്‍ സന്ധ്യയ്‌ക്ക് തിരുവോണസദ്യയ്‌ക്കുള്ള അരിയും പച്ചക്കറികളും മറ്റുമായി തോണിയില്‍ക്കയറി ആറന്മുളയിലേക്ക് പോയിത്തുടങ്ങി.
ഒരിക്കല്‍ തോണി യാത്രയെ അയിരൂര്‍ കടവില്‍വെച്ച് ചിലര്‍ ആക്രമിച്ചു. കാട്ടൂരില്‍ നിന്നുമെത്തിയവര്‍ തോണിയെ രക്ഷിച്ചു. പിറ്റേക്കൊല്ലം മുതല്‍ കാട്ടൂര്‍കരക്കാരും സമീപകരകളിലെ ജനങ്ങളും വള്ളങ്ങളില്‍ക്കയറി തോണിയെ സംരക്ഷിക്കുന്നതിനായി ആറന്മുളയിലേക്ക്‌പോയിത്തുടങ്ങി.
തിരുവോണത്തോണിക്ക് അകമ്പടിസേവിക്കുന്നതിനായി സമീപ കരക്കാര്‍ വലിയ വള്ളങ്ങള്‍ പണിതു. ഇതാണ് ഓരോ കരകളിലുമുള്ള ‘പള്ളിയോടങ്ങള്‍’ആയി മാറിയത്. തൃക്കാട്ടൂരില്‍ താമസിച്ചിരുന്ന ഭട്ടതിരിയും കുടുംബവും പിന്നീട് കോട്ടയം ജില്ലയിലെ കുമാരനെല്ലൂരിലേക്ക് മാറിത്താമസിച്ചു.
എങ്കിലും തിരുവോണത്തോണിയെ ആറന്മുളയില്‍ എത്തിക്കുന്നതിനായി എല്ലാവര്‍ഷവും കുമാരനെല്ലൂരില്‍ നിന്നും മങ്ങാട്ട് ഭട്ടതിരിയുടെ പ്രതിനിധി കാട്ടൂരില്‍ ഇന്നും എത്തിച്ചേരുന്നു. ചുരുളന്‍ വള്ളത്തില്‍കയറിയാണ് മങ്ങാട്ട് ഭട്ടതിരി കുമാരനെല്ലൂരില്‍ നിന്നും നിരവധി പുഴകള്‍ കടന്ന് പമ്പാനദി വഴി കാട്ടൂര്‍ക്കടവില്‍ എത്തുന്നത്.
ചിങ്ങത്തിലെ മൂലം നാളിലാണ് ഭട്ടതിരി ചുരുളന്‍ വള്ളത്തിന്‍ക്കയറി കാട്ടൂരിലേക്ക് പുറപ്പെടുന്നത്. നാഗമ്പടം, തിരുവാറ്റ, താഴത്തങ്ങാടി വഴി അറത്തൂട്ടിയില്‍വെച്ച് കൊടൂരാറ്റില്‍ കടക്കും. പൂരാടത്തിന് വെളുപ്പിന് വീണ്ടും യാത്ര തിരിക്കുന്ന ഭട്ടതിരി കൊടുംതറ, തിരുവല്ല പുളിക്കീഴ് വഴി മണിമലയാറ്റില്‍ കടക്കുന്നു. അവിടെ മൂവടത്ത് പോറ്റിമഠത്തില്‍ ഉച്ചയൂണ്. തുടര്‍ന്ന് ചെങ്ങന്നൂര്‍ ആറാട്ട്പുഴ വഴി പമ്പാനദിയില്‍ കടക്കും. അന്ന് വൈകിട്ട് ആറന്‍മുളയില്‍ എത്തുന്ന ഭട്ടതിരിയുടെ ചുരുളന്‍ വള്ളം ആറന്‍മുളയില്‍ തങ്ങും.
ഉത്രാടംനാള്‍ വെളുപ്പിന് പമ്പാനദി വഴി കിഴക്കോട്ട് പുറപ്പെട്ടത് വേലുകര വെച്ചൂര്‍ മനയ്‌ക്കലെത്തും. ഉച്ചയോടെ കാട്ടൂരിന് അടുത്തുള്ള അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രക്കടവില്‍ എത്തും. അവിടെനിന്നും കാട്ടൂര്‍മഠത്തില്‍ എത്തുന്ന ഭട്ടതിരിയെ കരക്കാര്‍ സ്വീകരിക്കും. ഉത്രാടംനാള്‍ സന്ധ്യയോടെ തിരുവോണത്തോണി കാട്ടൂരില്‍ നിന്നും ആറന്‍മുളയിലേക്ക് യാത്രതിരിക്കും. പതിനായിരങ്ങള്‍ തോണിയെ ആറന്‍മുളയിലേക്ക് യാത്രയയക്കാന്‍ തൃക്കാട്ടൂരില്‍ എത്തിച്ചേരുക പതിവാണ്.
തിരുവോണസദ്യയ്‌ക്കുള്ള അരിയും പച്ചക്കറികളും മറ്റും തിരുവോണത്തോണിയില്‍ കയറ്റും. കാട്ടൂരിലെ 18 നായര്‍ കുടുംബങ്ങളിലെ പ്രതിനിധികളും തോണിയില്‍ ഭട്ടതിരിക്ക് ഒപ്പം കയറും. വഞ്ചിപ്പാട്ടും വായ്‌ക്കുരവയും താളമേളങ്ങളും ഉയരവെ, തിരുവോണത്തോണി പമ്പാനദിയിലൂടെ ആറന്മുളയെ ലക്ഷ്യമാക്കി നീങ്ങും.
അയിരൂര്‍ കടവ്‌വരെ തിരുവോണത്തോണി ശാന്തമായാണ് നീങ്ങുക. അവിടെയെത്തുമ്പോള്‍, തോണിയില്‍ വിളക്കുകള്‍ പ്രകാശിക്കും, വാദ്യമേളങ്ങള്‍ ഉയരും. അയിരൂര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമിക്ഷേത്രക്കടവില്‍ തോണിക്ക് സ്വീകരണം ഉണ്ട്. നിരവധി ആറന്മുള പള്ളിയോടങ്ങള്‍ തിരുവോണത്തോണിക്ക് അകമ്പടിയായി ഉണ്ടാകും. തിരുവോണത്തോണിയെ സ്വീകരിക്കുന്നതിനും വണങ്ങുന്നതിനുമായി പതിനായിരങ്ങള്‍ ഉറക്കമൊഴിഞ്ഞും ഉത്രാടരാത്രിയില്‍ പമ്പാതീരത്ത് കാത്ത്‌നില്‍ക്കുണ്ടാകും. പമ്പാതീരത്തെ ഇരുകരകളും ഉത്രാടരാത്രിയില്‍ വിളക്കുകളാല്‍ പ്രകാശം ചൊരിയും. വഞ്ചിപ്പാട്ടും വെടിനാദവും വായ്‌ക്കുരവയും അന്തരീക്ഷത്തില്‍ ഉയരും .അര്‍ദ്ധരാത്രിയോടെ തിരുവോണത്തോണി മേലുകര വെച്ചൂര്‍ മനയിലെ കടവില്‍ അടുക്കും. നിറപറയും നിലവിളക്കും ഒരുക്കി വെച്ചൂര്‍കടവില്‍ സ്വീകരണം. മഠത്തിലെ ക്ഷേത്രത്തിലെ പൂജകള്‍ക്ക് ഭട്ടതിരി കാര്‍മികത്വം നല്‍കും. തിരുവോണംനാള്‍ പ്രഭാതത്തില്‍ തിരുവോണത്തോണി ആറന്മുള ക്ഷേത്രക്കടവില്‍ അടുക്കും.
തുടര്‍ന്ന് തിരുവോണത്തോണിയിലെ അരിയും പച്ചക്കറികളും മറ്റും ക്ഷേത്രത്തിലെത്തിക്കും. ഈ സാധനങ്ങള്‍ ഉപയോഗിച്ചാണ് ആറന്മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ തിരുവോണസദ്യ ഒരുക്കുന്നത്. തിരുവോണത്തോണി തിരുവോണനാള്‍ പ്രഭാതത്തില്‍ ആറന്‍മുളയിലെത്തുമ്പോള്‍ നിരവധി പള്ളിയോടങ്ങളും അവിടെ ഉണ്ടാകും. തിരുവോണനാള്‍ പ്രഭാതത്തില്‍ മറ്റൊരു ജലമേളയുടെ അനുഭൂതിയും ആയിരങ്ങള്‍ക്ക് നുകരാം.
ചരിത്രം ഏല്‍പ്പിച്ചുകൊടുത്ത ഉത്തരവാദിത്വം നിറവേറ്റിയതിന്റെ സംതൃപ്തിയുമായി ഭട്ടതിരി കുമാരനെല്ലൂരിലേക്ക് കരമാര്‍ഗം മടങ്ങുന്നതോടെയാണ് തിരുവോണത്തോണി യാത്രയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് സമാപനമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: