കൊല്ലം: രാഷ്ട്രീയസംഘര്‍ഷങ്ങളില്‍ തുടക്കത്തില്‍തന്നെ ശക്തമായ നടപടി സ്വീകരിക്കണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശം അഞ്ചാലുംമൂട് പോലീസ് അട്ടിമറിക്കുന്നതായി ആക്ഷേപം.
കഴിഞ്ഞ ദിവസം പനയം കോവില്‍മുക്കില്‍ ആര്‍എസ്എസ് ശാഖ വിദ്യാര്‍ത്ഥിപ്രമുഖ് ഗോകുലിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികളായ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ നിസാര വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഇതേ പ്രതികള്‍ വീണ്ടും പ്രദേശത്ത് എത്തി വെല്ലുവിളി നടത്തുന്നത് പ്രദേശത്ത് വീണ്ടും സംഘര്‍ഷസാധ്യത സൃഷ്ടിക്കുകയാണ്.
അതേ സമയം അഞ്ചാലുംമൂട് എസ്എച്ച്ഒ ദേവരാജന്‍ സിപിഎം നേതാക്കളുടെ നിര്‍ദ്ദേശാനുസരണം കേസ് അട്ടിമറിച്ചുവെന്ന ആരോപണവുമായി ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ രംഗത്തെത്തി. തലയ്ക്ക് ഏഴ് തുന്നിക്കെട്ടുള്ള ഗോകുലിന്റെ മൊഴിയില്‍ പോലീസ് പ്രതികള്‍ക്കെതിരെ സ്റ്റേഷന്‍ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയത് സിപിഎം നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരമാണെന്ന് ആര്‍എസ്എസ് ആരോപിച്ചു. ഇന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്നും അക്രമത്തില്‍ പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷന് മാര്‍ച്ച് ഉള്‍പ്പെടെയുള്ള പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു. പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ കേസെടുത്തതില്‍ സിഐക്ക് വീഴ്ച സംഭവിച്ചുവെന്ന് പറയുന്നുണ്ട്. ഇവിടെ സംഘര്‍ഷം ഉണ്ടായപ്പോള്‍ വിവരം ഉന്നത ഉദ്യോഗസ്ഥരെ ധരിപ്പിക്കുന്നതിലും വീഴ്ച സംഭവിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: