ഇറക്കത്ത് രാധാകൃഷ്ണന്
മാനസശുദ്ധിയോടെ പരമാത്മാവിനെ ഭജിക്കുന്നവര്‍ക്കും പൂജിക്കുന്നവര്‍ക്കും നാമം ജപിക്കുന്നവര്ക്കും അകക്കണ്ണില്‍ ഭഗവാന് ദര്‍ശനം നല്‍കാറുണ്ട്. വശ്യമനോഹരമായ സച്ചിദാനന്ദസ്വരൂപം വര്ണനകള്ക്കതീതമാണ്. ദര്‍ശനം ലഭിച്ചവര്‍ക്കു മാത്രമേ അതിന്റെ അനുഭൂതിയുടെ ആഴം മനസ്സിലാക്കുവാന്‍ കഴിയൂ. നാരദമുനി പൂര്വജന്മത്തില് കണ്ട രൂപം കാണുവാന്‍ പല ആവര്‍ത്തി ശ്രമിച്ചു ഒരു ഫലവും കണ്ടില്ല. സങ്കടപ്പെട്ട് അപേക്ഷിച്ചപ്പോള്‍ നിനക്ക് ഈ ജന്മം ഇത്രയേ ഉള്ളൂ എന്നാണ് അരുള്‍ ചെയ്തത്. ദര്‍ശനം കിട്ടിയ ഭഗവദ്സ്വരൂപത്തെ പിന്തുടര്ന്നാണ് നാരദമുനിക്ക് നാരായണ ഭക്തനാകാന്‍ കഴിഞ്ഞത്.
പ്രപഞ്ച സ്രഷ്ടാവായ ബ്രഹ്മാവിന് ഉല്പത്തിസ്ഥാനം മനസ്സിലാകാതെ ‘ഞാനാണ് ആദ്യസ്വരൂപന്’ എന്നുറപ്പിച്ചു. എങ്കിലും ഉല്പത്തി കണ്ടു പിടിക്കുവാന്‍ താമരത്തണ്ടിലൂടെ കറങ്ങി നടന്നു. ഒന്നും പിടി കിട്ടിയില്ല. പഴയസ്ഥാനത്ത് വന്നിരുന്ന് വീണ്ടും ആലോചിച്ചു. ബഹുകാലം ചിന്തിച്ചതിന്റെ ഫലമായി ആരോ തപസ്സു ചെയ്യാന്‍ പറയുന്നതായി തോന്നി. അങ്ങനെ നീണ്ട തപസ്സു ചെയ്തതിന്റെ ഫലമായി ശ്രീനാരായണന്റെ നാഭികമലമാണ് ഉല്പത്തിസ്ഥാനമെന്ന് മനസ്സിലായി. ജഗത് നിയന്താവായ പരമാത്മാവിന്റെ രൂപം ബ്രഹ്മാവ് ഹൃദയത്തില്‍ പ്രതിഷ്ഠിച്ചു.
കദംബ പുഷ്പങ്ങളുടെ അല്ലികള്‍ പോലെ ഞൊറികളുള്ള മഞ്ഞപ്പട്ടുടുത്തുംഅമൂല്യരത്നങ്ങള് പതിച്ച് സ്വര്‍ണ അരഞ്ഞാണ്‍ അരക്കെട്ടിലണിഞ്ഞും, മാറിടത്തു കാണുന്ന ശ്രീവത്സവും മുത്തു മാലയും കൗസ്തുഭ രത്നത്തിന്റെ ശോഭയും കണ്ഠം മുതല്‍ പാദം വരെ നീളുന്ന വനമാലയും സുദര്ശനാദിയായ ആയുധങ്ങള്‍ കൊണ്ട് ശോഭിച്ച, നീണ്ട ഭംഗിയാര്‍ന്ന ബാഹുക്കളും അതിപ്രഭ ചൊരിയുന്ന കര്‍ണാഭരണങ്ങളും തോള് വളകളും നീണ്ടതും ശോഭയാര്‍ന്നതുമായ നാസികയും തൊണ്ടിപ്പഴത്തിന് സമാനമായ അധര പുടങ്ങളും താപത്രയങ്ങളകറ്റുന്ന മന്ദഹാസവും അധരത്തില്‍ മൊട്ടിട്ട ദന്തനിരകളും ചുരുണ്ടു കിടക്കുന്ന കേശ ഭംഗിയും പ്രഭചൊരിയുന്ന കിരീടങ്ങളും ധരിച്ച ദിവ്യ രൂപത്തെ കണ്ടാലും കണ്ടാലും മതി വരാതെ ബ്രഹ്മാവ് കൈകൂപ്പി നിന്നു.
ബഹുകാലത്തെ തപസ്സിന്റെ ഫലമായി വിശ്വരൂപത്തെ കാണാന്‍ കഴിഞ്ഞ ബ്രഹ്മാവില്‍ നിന്ന് എല്ലാ അധികാരങ്ങളും അകന്നുപോയി. ജ്ഞാനദീപത്തിന്റെ പ്രഭയില്‍ അജ്ഞാനം നശിച്ചു. ത്രികാലജ്ഞാനം ലഭിച്ചപ്പോള്‍ സര്‍വേശ്വരനായ ഭഗവാനെ സ്തുതിക്കുവാന്‍ തുടങ്ങി. ഇതാണ് ബ്രഹ്മസ്തുതിയായി ഭാഗവതത്തില്‍ അറിയപ്പെടുന്നത്. ഇരുപത്തിയഞ്ച് ശ്ലോകങ്ങളിലൂടെയാണ് ബ്രഹ്മാവ്, വിഷ്ണു ഭഗവാനെ സ്തുതിക്കുന്നത്.
ഭഗവദ് ദര്‍ശനം ലഭിക്കാത്ത ശരീരം കൊണ്ട് എന്ത് പ്രയോജനമാണുള്ളത്. സകല ജീവജാലങ്ങളും അങ്ങയുടെ രൂപഭേദങ്ങള്‍ തന്നെയാണെങ്കിലും ത്രിഗുണങ്ങളാല്‍ പൂര്‍ണ പരിശുദ്ധമാകുന്നില്ല. മായാരൂപങ്ങള്‍ നിമിത്തം ബഹുരൂപനായി കാണപ്പെടുന്നു. അറിവാകുന്ന അമൃതിന്റെ പ്രവാഹം കൊണ്ടാണ് ഈ രൂപം എനിക്ക് കാണാന്‍ കഴിഞ്ഞത്. വിശ്വത്തെ സൃഷ്ടിക്കുന്നതും വിശ്വത്തെക്കാള്‍ ഉപരിയായിരിക്കുന്നതും ഭൂതങ്ങള്‍ ഇന്ദ്രിയങ്ങള്‍ മുതലായവയുടെ കാരണമായിരിക്കുന്നതുമായ പരാത്മസ്വരൂപത്തെ ഞാന്‍ ആശ്രയിക്കുന്നു. ധ്യാനത്തിലൂടെയും ഉപാസനയിലൂടെയും കഴിയുന്ന സദ്ജനങ്ങള്‍ ദര്‍ശനത്താല്‍ സായൂജ്യമടയുന്നു.
ദുഷ്ടസംസര്‍ഗം നരകത്തിലേയ്ക്ക് പതിക്കാന്‍ കാരണമാകുന്നു. പാപികള്‍ സച്ചിദാനന്ദ സ്വരൂപത്തെ ആദരിക്കുകയില്ല. ഓരോ ജീവി വര്‍ഗവും ഓരോ ജീവിത രീതിയാണ് തിരഞ്ഞെടുക്കുന്നത്. കാകനും അരയന്നവും പക്ഷിവര്ഗത്തില്പ്പെടുമെങ്കിലും ആഹാരത്തിലും ജീവിത രീതിയിലും വ്യത്യസ്തമാണ്. അരയന്നം താമരക്കുളത്തില്‍ നീരാടി ആനന്ദമനുഭവിക്കുമ്പോള്‍ കാകന് നികൃഷ്ടമായ ഭക്ഷണം തേടി അലഞ്ഞുതിരിഞ്ഞ് ജീവിക്കുന്നു. മനുഷ്യരും അതുപോലെ വ്യത്യസ്ത പ്രവൃത്തികളിലൂടെ പരമാനന്ദരഹസ്യം കണ്ടെത്താതെ കാലം കഴിക്കുന്നു.
ഭഗവാന്റെ ചരണാംബുജം കാണാനും സുഗന്ധം അനുഭവിക്കാനും പാദപത്മം ഹൃദയത്തില്‍ സൂക്ഷിക്കാനും ധനം, ഗൃഹം, ബന്ധുക്കള്‍ എന്നിവ മൂലമുണ്ടാകുന്ന കാമാദികള്‍ നിമിത്തം പലര്‍ക്കും കഴിയുന്നില്ല. ആഗ്രഹങ്ങളാല്‍ അശുഭകരങ്ങളായ കര്‍മങ്ങള്‍ ചെയ്ത് ജീവിക്കാനിടവരുന്നു. ശരീരാദികളിലുള്ള അഭിമാനം നിമിത്തമാണ് ജനനമരണാദി രൂപമായസംസാരത്തില് വലയുന്നത്. പുണ്യപാപകര്‍മ്മങ്ങളും ഫലങ്ങളും ജീവാത്മാക്കളെ പിരിയുകയില്ല. വേദശാസ്ത്രാദികള്‍ പഠിച്ചാലും കഥാശ്രവണാദികള്‍ ചെയ്യാതെ മായക്ക് അടിമപ്പെട്ട് ഭാര്യപുത്രാദികളേയും ധനാദിപദാര്ത്ഥങ്ങളേയും സംരക്ഷിക്കുവാനായി സമയം പാഴാക്കിക്കളയുന്നു. അതിനാല്‍ സംസാരക്ലേശത്തില്‍ നിന്ന് മുക്തരാകുന്നില്ല.
ദിവ്യമംഗള വിഗ്രഹം ഹൃദയത്തില്‍ സൂക്ഷിക്കുന്നവരുടെ ജന്മം സഫലമാകുന്നു. അവര്‍ക്ക് ഭഗവാന്റെ കാരുണ്യമുണ്ടാകും. ഫലം ആഗ്രഹിക്കാതെയാണവര് ഭജിക്കുന്നത്. സകലപ്രാണികളുടേയും ഹൃദയത്തില്‍ അന്തര്യാമിയായി വസിക്കുന്ന അവരുടെ ഉറ്റ ബന്ധുവായി ഭഗവാന് മാറുന്നു. സകാമ ഭജനവും നിഷ്കാമഭജനവും ഉണ്ട്. ഭഗവദ്കാരുണ്യം ലഭിക്കുന്നത് നിഷ്കാമഭക്തര്ക്കാണ്.
ഏതെങ്കിലും വിധത്തിലുള്ള ഫലത്തെ ഉദ്ദേശിച്ച് നടത്തുന്ന കര്‍മം അത് കഠിന തപസ്സാകാം, ഏകാദശ്യാദി വ്രതാനുഷ്ഠാനമാകാം. എന്നാല്‍ അത് ഭഗവത് പ്രസാദം ലഭിച്ചു കഴിയുന്നതോടുകൂടി നശിച്ചു പോകുന്നു. ഇതാണ് സകാമഭജനം. അതുകൊണ്ട് വിവേകികള്‍ നിഷ്കാമഭജനം ഫലകാംക്ഷ കൂടാതെയുള്ള കര്‍മ്മങ്ങളാണ് അനുഷ്ഠിക്കേണ്ടത്. ഏത് പ്രവൃത്തി ചെയ്താലും അത് ഭഗവാനായി സമര്‍പ്പിക്കുക. ഈ മാര്‍ഗത്തില്‍ ഉറച്ച് കര്‍മാനുഷ്ഠാനം നടത്തുന്നവരുടെ കര്മഫലത്തിന് നാശം സംഭവിക്കുകയില്ല.
സൃഷ്ടിക്കു മുമ്പേ ഏകനായ ഭഗവാന് ഗുണത്രയ സ്വരൂപനായി ബ്രഹ്മവിഷ്ണു മഹേശ്വരനായി സൃഷ്ടി, സംരക്ഷ, സംഹാരം എന്നീ ലീലകളാടി പിന്നെയും വിവിധ രൂപങ്ങള്‍ സ്വീകരിക്കുന്നു. ഒരു വിത്ത് മുളപൊട്ടി മൂന്ന് സ്കന്ധങ്ങളായി പിന്നീട് ബഹുശാഖകളായി മഹത്തായി ഭവിക്കുന്നതു പോലെയാണ് ഭഗവാന്. ഒരു പരമാര്‍ത്ഥ വസ്തു ബ്രഹ്മാദികളായും, ദേവന്മാരായും, മാനുഷന്മാരായുംഅനേകമനേകം ജാതികളായി ജന്മം പൂണ്ട് കഴിക്കുന്നവനേ അങ്ങക്ക് നമസ്കാരം.
നാം ചെയ്യുന്ന സകല കര്‍മങ്ങളും ഭഗവദ് പ്രീതിക്കായി ചെയ്യുക. മനസ്സിനെ ഭഗവാനില്‍ തന്നെ പ്രതിഷ്ഠിക്കുകയും, സ്നേഹിക്കുകയും, പൂജിക്കുകയും, നമസ്കരിക്കുകയും ചെയ്യുന്നവന് ഭഗവാനെ പ്രാപിക്കും. ധര്മാധര്മ ചിന്തകളെ വെടിഞ്ഞ് ഭഗവാനെ ശരണം പ്രാപിക്കുക. എങ്കില്‍ ജനനമരണ പ്രവാഹമായ സംസാരത്തില്‍ നിന്ന് കരകയറാം. സകലലോകങ്ങളുടെ ആത്മാവും ഹിതകര്ത്താവുമായ ഭഗവാന് ഏതു ജ്ഞാനത്താലാണ് ലോകത്തെ ആനന്ദിപ്പിക്കുന്നത് അങ്ങനെയുള്ള ജ്ഞാനവും ഐശ്വര്യവും എനിക്കുണ്ടാകാന്‍ അനുഗ്രഹിക്കണമേ. ജഗദ്സൃഷ്ടിക്ക് ആവശ്യമായ ജ്ഞാനവും ഐശ്വര്യവും എനിക്ക് നല്കണമേ. ലോകത്തെ ഏതുവിധം സൃഷ്ടിക്കണമെന്നുള്ള എന്റെ ഖേദത്തെ മധുരമായ വാക്കുകൊണ്ട് നശിപ്പിക്കുവാന്‍ കരുണയേകണമേ. ഉയര്‍ന്നും താണുമിരിക്കുന്ന സകല ജീവരാശികളിലും കുടികൊള്ളുന്ന അങ്ങ് എന്റെ മനസ്സില്‍ ദോഷം സംഭവിക്കാതെ കാത്തുകൊള്ളേണമേ. ആനന്ദരസ്വരൂപനായ അങ്ങക്ക് എന്റെ സാഷ്ടാംഗ പ്രണാമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: