അനീഷ് കെ. അയിലറ
നിറവിന്റേയും ഐശ്വര്യത്തിന്റേയും ഒത്തൊരുമയുടെയും സൗഹൃദത്തിന്റേയും സമൃദ്ധിയുടേയും ആഘോഷമായ ഓണം വീണ്ടും വന്നെത്തി. കാലം തെറ്റി വരുന്ന മഴയും പേമാരിയും പ്രളയവും ദുരന്തങ്ങളും സൃഷ്ടിച്ച പ്രതിബന്ധങ്ങള്‍ വകവയ്ക്കാതെ ഓണത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് മലയാളികള്‍. കാരണം മലയാളികളുടെ ജീവിതത്തോട് ഇത്രയധികം ചേര്‍ന്ന് നില്ക്കുന്ന മറ്റൊരു ഉത്സവവും ഉണ്ടെന്നു തോന്നുന്നില്ല.
കേരളം വാണ നീതിമാനായ മഹാബലിചക്രവര്‍ത്തി തന്റെ പ്രജകളെ കാണാനെത്തുന്ന ദിനമാണ് തിരുവോണം എന്നാണ്ഐതിഹ്യം. ഓണത്തിനു പരശുരാമനുമായും ശ്രീബുദ്ധനുമായും ബന്ധപ്പെട്ട മറ്റ് പല ഐതിഹ്യ കഥകളുമുണ്ട്പണ്ട് കേരളത്തിലെ ഏറ്റവും പ്രധാന കൃഷിയായിരുന്നു നെല്ല്. അതിന്റെ വിളവെടുപ്പു ഉത്സവമായാണ് ഓണം കരുതിപ്പോരുന്നത്. ഇല്ലങ്ങളിലെ പത്തായങ്ങളെല്ലാം നിറഞ്ഞ്, കുടിലുകളിലെ വല്ലങ്ങളെല്ലാം നിറഞ്ഞ്, ഓണക്കോടിയും, വിഭവസമൃദ്ധമായ സദ്യയും ഒക്കെയായി നിറവിന്റെയും സന്തുഷ്ടിയുടെയും ദിനങ്ങളായിരുന്നു ഓണം. ഓണസദ്യ, ഓണക്കോടി, ഓണപ്പുടവ, ഓണപ്പൂവ്, ഓണപ്പൂക്കളം, ഓണപ്പാട്ട്, ഓണക്കാലം, ഓണക്കളി, ഓണക്കാഴ്ച, ഓണവില്ല്, ഓണത്തെയ്യം, ഓണക്കുട, ഓണപ്പതിപ്പ്, ഓണനാട്, ഓണക്കമ്പം, ഓണക്കവിത, ഓണക്കുല, ഓണക്കിഴിവ്, ഓണച്ചന്ത, ഓണച്ചന്തം, ഓണത്തപ്പന്, ഓണസ്സദസ്സ്, ഓണത്തുള്ളല്‍, ഓണത്തുമ്പി, ഓണപ്പക്ഷി, ഓണപ്പന്ത്, ഓണപ്പടം, ഓണപ്പരീക്ഷ, ഓണപ്പുട്ട്, ഓണപ്പുലരി, ഓണപ്പൊലിമ, ഓണമയക്കം, ഓണമുറ്റം, ഓണവില്ല്, ഓണാശംസ തുടങ്ങി എത്രയെത്ര വാക്കുകളാണ് ഓണവുമായി ബന്ധപ്പെട്ട് നമുക്കു കിട്ടിയിട്ടുള്ളത്. ഓണത്തെക്കുറിച്ച് എഴുതാത്ത മലയാള സാഹിത്യകാരന്മാര് ഉണ്ടെന്നു തോന്നുന്നില്ല.
ഓണംകേറാമൂല, ഓണം ഊട്ടുക, ഓണം ഉണ്ണുക, ഓണം കൊള്ളുക, ഓണപ്പാച്ചില്‍, ഓണംപോലെയാണോ തിരുവാതിര, ഉള്ളതുകൊണ്ട് ഓണം പോലെ, മാവേലി വരുന്നതുപോലെ തുടങ്ങിയ ഓണശൈലികളും അത്തം കറുത്താല്‍ ഓണം വെളുക്കും, അത്തം പത്തോണം, ഉത്രാടം ഉച്ചയാകുമ്പോള്‍ അച്ചിമാര്‍ക്കു വെപ്രാളം, ഉണ്ടെങ്കില്‍ ഓണം ഇല്ലെങ്കില്‍ പട്ടിണി, ഓണം വരാനൊരു മൂലം വേണം, കാണം വിറ്റും ഓണം ഉണ്ണണം തുടങ്ങി നിരവധി ഓണച്ചൊല്ലുകളും ഓണം നമുക്കു സമ്മാനിച്ചിട്ടുണ്ട്.
തലപ്പന്തുകളി, തുമ്പിതുള്ളല്‍, ഓണവില്ലുകൊട്ടല്‍, അമ്മാനയാട്ടം, ഉറിയടി, പുലികളി, കബഡി കളി, കിളിത്തട്ടുകളി, കുമ്മാട്ടിക്കളി, പശുവും പുലിയും കളി, പിഞ്ഞാണിക്കളി, ചെമ്പഴുക്കാക്കളി, ഒറ്റയ്ക്കും പെട്ടയ്ക്കും ചില്ലാട്ടം പറക്കല്‍, ഓണത്തല്ല് എന്നിങ്ങനെ വ്യത്യസ്തതരം കളികള്‍ ഓണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്നു.
ഓണം പൂക്കളുടെ ആഘോഷമാണ്. തുമ്പയും മുക്കുറ്റിയും ചെമ്പരത്തിയും നന്ത്യാര്‍വട്ടവും തെച്ചിയും തുളസിയും മന്ദാരവും ചേമന്തിയും കണ്ണാന്തളിയും സുഗന്ധിയും നിത്യകല്യാണിയും കുമ്പളപ്പൂവും കൊങ്ങിണിപ്പൂവും കാക്കപ്പൂവും കാര്ത്തികപ്പൂവുമൊക്കെ നമ്മുടെ സ്മൃതികളില്‍ വര്‍ണം വിതറി നില്ക്കുന്ന പൂക്കളുടേയും പൂക്കളങ്ങളുടേയും ആഘോഷമാണ് ഓണം.
ഇന്ന് ഓണം വളരെ ഇന്‍സ്റ്റന്റ് ആയി. പണ്ട് അത്തം തുടങ്ങുന്നതിനു മുമ്പ് തന്നെ വലിയ മരങ്ങളില്‍ ഊഞ്ഞാലിടുന്നത് സര്‍വസാധാരണമായിരുന്നു. ഇന്ന് ഊഞ്ഞാലുകള്‍ വിരളമാണ്. ഊഞ്ഞാല്‍പ്പാട്ടുകളും കേള്‍ക്കാനില്ല. ഇന്ന് മുറ്റം നിറയെ വിടര്‍ന്ന പൂക്കളില്ല. കുടുംബാംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് പരിപ്പും പപ്പടവും ശര്‍ക്കരവരട്ടിയും ഉപ്പേരിയും സാമ്പാറും പുളിശ്ശേരിയും അവിയലും ഓലനും കാളനും തീയലുമൊക്കെ ഉണ്ടാക്കി ഓണം ആഘോഷിക്കുന്ന കാലവും പോയി. എല്ലാം റെഡിമെയ്ഡ് ആയി ഹോട്ടലുകളില്‍നിന്നു വാങ്ങി ഓണം ആഘോഷിക്കുകയാണ് മലയാളികള്‍. വ്യത്യസ്തതകൊണ്ടും ആഘോഷങ്ങളുടെ വൈവിധ്യം കൊണ്ടും ഓരോ വര്‍ഷവും ഓണത്തിനു പുതുമ ഏറിവരികയാണ്.
സുഖസന്ദായകമായ ഒരു കാലഘട്ടത്തിന്റെ മധുരോദാരമായ ഓര്‍മകളാണ് ഓണം നമുക്കു സമ്മാനിക്കുന്നത്. പരസ്പര സ്നേഹത്തിന്റേയും ത്യാഗത്തിന്റേയും പങ്കുവയ്ക്കലിന്റേയും ഉത്സവമാണ് ഓണം. ലോകത്തിന്റെ ഏതു കോണിലായാലും മലയാളികള്‍ ജാതിമതഭേദങ്ങളെല്ലാം മറന്ന് എല്ലാവരും ഒന്നാണ് എന്ന സത്യം മനസ്സില്‍ സൂക്ഷിച്ച് ഒരുമയുടെ സന്തോഷത്തിന്റെ സ്നേഹത്തിന്റെ ഒക്കെ ഉത്സവമായ ഓണം ഗംഭീരമായി ആഘോഷിക്കുക തന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: