തിരുവനന്തപുരം: ആഭ്യന്തര മന്ത്രാലയം അതീവ കര്‍ശനമായാണ് മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ നേരിടുന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ . സംസ്ഥാനങ്ങള്‍ നാര്‍ക്കോ കോഓര്‍ഡിനേഷന്‍ സെന്റര്‍ (എന്‍സിആര്‍ഡി) യോഗങ്ങള്‍ പതിവായി നടത്തുകയും അവയെ ജില്ലാതലത്തില്‍വരെ എത്തിക്കുകയും വേണം. ദക്ഷിണ മേഖലാ കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞു
12 ലക്ഷത്തിലധികം മത്സ്യത്തൊഴിലാളികള്‍ക്ക് ക്യുആര്‍ സൗകര്യമുള്ള പിവിസി ആധാര്‍ കാര്‍ഡുകള്‍ നല്‍കിയതായി ഷാ അറിയിച്ചു. ഇത് തീരദേശ സംസ്ഥാനങ്ങളിലെ മത്സ്യത്തൊഴിലാളികളെ തിരിച്ചറിയാന്‍ സഹായിക്കുക മാത്രമല്ല, സമുദ്ര സുരക്ഷ ശക്തിപ്പെടുത്തുകയും ചെയ്യും. ഫോറന്‍സിക് സയന്‍സ് ലാബുകള്‍ സ്ഥാപിക്കുന്നതിനുള്ള നയം തയ്യാറാക്കി സംസ്ഥാനങ്ങള്‍ക്ക് അയച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. ഇത് കുറ്റനിര്‍ണ്ണയ നിരക്ക് വര്‍ദ്ധിപ്പിക്കും. ഓരോ അഞ്ച് കിലോമീറ്ററിലും ഒരു ബാങ്ക് ശാഖ എന്നതാണ് മോദി ഗവണ്‍മെന്റിന്റെ ലക്ഷ്യം. ഇതിനായി ദക്ഷിണ മേഖല കൗണ്‍സിലിലെ അംഗങ്ങളായ സംസ്ഥാനങ്ങള്‍ അതതു പ്രദേശങ്ങളിലെ ഓരോ ഗ്രാമത്തിന്റെയും അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ ബാങ്കിങ് സൗകര്യം ഒരുക്കാനും ശാഖകള്‍ തുറക്കാന്‍ സഹകരണ ബാങ്കുകളെ പ്രേരിപ്പിക്കാനും ശ്രമിക്കണം. ഗവണ്‍മെന്റ് പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ഡിബിടി വഴി ഗുണഭോക്താക്കള്‍ക്ക് നേരിട്ട് എത്തിക്കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പരസ്പരധാരണയിലൂടെ കേന്ദ്രവും സംസ്ഥാനങ്ങളും അന്തര്‍ സംസ്ഥാനങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കുക, സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രാദേശിക സഹകരണം പ്രോത്സാഹിപ്പിക്കുക, ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളില്‍ ബോധവല്‍ക്കരണം നടത്താന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും വേദിയൊരുക്കുക തുടങ്ങിയവയാണു മേഖലാ കൗണ്‍സില്‍ യോഗങ്ങളുടെ ലക്ഷ്യങ്ങളില്‍ പ്രധാനം. എല്ലാ പങ്കാളികള്‍ക്കിടയിലും സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സഹകരണ സംവിധാനത്തിനു രൂപംകൊടുക്കുക എന്നിവയാണ് മേഖല കൗണ്‍സില്‍ യോഗത്തിന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ സര്‍വതോമുഖമായ വികസനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ടീം ഇന്ത്യ’ എന്ന ആശയം രാജ്യത്തിന് മുന്നില്‍ വെച്ചിട്ടുണ്ടെന്നും എല്ലാ സംസ്ഥാനങ്ങളും ചേര്‍ന്ന് ടീം ഇന്ത്യ രൂപീകരിക്കുമെന്നും ഷാ പറഞ്ഞു.
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്‌നാട് മുഖ്യന്ത്രി എം.കെ. സ്റ്റാലിന്‍, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, ആന്ധ്ര പ്രദേശ് ധനമന്ത്രി ബഗ്ഗ്‌റ രാജേന്ദ്രനാഥ്, തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് മഹ്മൂദ്, പുതുച്ചേരി ലഫ്. ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടല്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ലഫ്. ഗവര്‍ണര്‍ അഡ്മിറല്‍ ഡി.കെ. ജോഷി, കേന്ദ്ര സര്‍ക്കാരിലേയും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേയും ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: