മലയാളിയുടെ ഡിജിറ്റല്‍ ജീവിതത്തിന്റെ പ്രാണവായുവാണ് ഓക്‌സിജന്‍. ഇലക്ട്രോണിക്സ് ഉത്പന്നങ്ങളിലെ നവീനത എന്നതിന്റെ പര്യായം-അതാണിപ്പോള്‍ ഓക്സിജന്‍. കേരളത്തിന്റെ ഇലക്ട്രോണിക്സ് രംഗത്ത് പുതുമതേടുന്ന ഓരോ ഉപഭോക്താവിന്റെയും വിരല്‍ സ്പര്‍ശങ്ങള്‍ക്ക് വഴികാട്ടിയായ ഓക്‌സിജന്‍ ഡിജിറ്റല്‍ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാനത്തുടനീളം ശാഖകളുണ്ട്. ലക്ഷക്കണക്കിന് ഉപഭോക്താക്കളും. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ വെറും കമ്പ്യൂട്ടര്‍ കടയായി തുടങ്ങിയതാണ് ഓസോണ്‍ സിസ്റ്റംസ് അഥവാ ഇന്നത്തെ ഓക്‌സിജന്‍.
കാഞ്ഞിരപ്പള്ളിയിലെ സാധാരണ അധ്യാപക ദമ്പതികളുടെ മകന്‍. ബി.എഡും ഡിഗ്രിയുമെടുത്ത് ചോക്‌ബോര്‍ഡിനോടും സിലബസുകളോടും മല്ലിട്ട് ഒരു അധ്യാപകനായി ജീവിക്കേണ്ടതായിരുന്നു ഷിജോ കെ. തോമസ്. എന്നാല്‍, തന്റെ തലവര സ്വയം മാറ്റി വരച്ചു. സ്വന്തമായി ഒരു ഡിജിറ്റല്‍ സ്ഥാപനം. പിന്നിലേക്ക് ഉന്തിനില്‍ക്കുന്ന തലയുള്ള മോണിട്ടറുകളും ബോളിന്‍ തുമ്പത്ത് ഓടിക്കളിക്കുന്ന കര്‍സറുകളുമുള്ള കാലമായിരുന്നു അത്.
മൊബൈലില്‍ മലയാളി ടച്ച് ചെയ്ത് തുടങ്ങുന്നതെയുള്ളൂ. ഓടുന്ന ഡിജിറ്റല്‍ കാലത്തിന് മുമ്പേയുള്ള പറക്കലായിരുന്നു ഓക്‌സിജന്‍. അതുകൊണ്ട് റിസ്‌ക് ഏറും. പരിമിതമായ മൂലധനവും ആകാശം മുട്ടുന്ന ആത്മവിശ്വാസവുമായിരുന്നു കൂട്ട്. ഈ കൂട്ട് തെറ്റിയില്ല. ഇന്ന് ഒരു ഡിജിറ്റല്‍ നെറ്റ്‌വര്‍ക്കു പോലെ കേരളത്തിലാകെ പടര്‍ന്നിരിക്കുന്നു ഓക്‌സിജന്‍ സ്ഥാപനങ്ങള്‍.
40000 രൂപ മുതല്‍മുടക്കലിലായിരുന്നു കാഞ്ഞിരപ്പള്ളി, പുത്തനങ്ങാടിയിലെ ഒറ്റമുറിയിലെ തുടക്കം. ഇവിടെ നിന്ന് വളര്‍ന്ന് ഇപ്പോള്‍ 700 കോടിയുടെ ടേണോവറുള്ള സംരംഭമായി വളര്‍ന്നു ഓക്സിജന്‍. പ്രപഞ്ചത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ഓക്സിജനെപ്പോലെ കേരളത്തിന്റെ ഇലക്ട്രോണിക്സ് രംഗത്ത് പടര്‍ന്ന് പന്തലിച്ചിരിക്കുന്ന ഈ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും ഷിജോ കെ.തോമസിന്റെ നേട്ടം. അദ്ദേഹത്തിന്റെ ബിസിനസ് രംഗത്തെ ക്രാന്തദര്‍ശിത്വവും സംശുദ്ധിയുമാണ് ഓക്സിജന്റെ വളര്‍ച്ചക്ക് പിന്നില്‍. വാങ്ങുന്ന ഓരോ ഉത്പന്നത്തിനൊപ്പവും ഉപഭോക്തവിന് എന്ത് വാല്യു അധികം നല്‍കാന്‍ കഴിയുമെന്നാണ് ഞങ്ങള്‍ ഓരോ തവണയും ആലോചിക്കുന്നതെന്ന് 23 വര്‍ഷമായി ഓക്‌സിജന്റെ സാരഥിയായ ഷിജോ പറയുന്നു.
ബിസിനസ്സിലെ തുടക്കം എങ്ങനെയായിരുന്നു?
കമ്പ്യൂട്ടര്‍ എഞ്ചിനിറിങ് പഠനം പൂര്‍ത്തിയാക്കി എറണാകുളത്തെ ഒരു സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ചു. മുംബൈ കേന്ദ്രമായുള്ള ഒരു കമ്പനിയായിരുന്നു അത്. അന്ന് പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ എല്ലായിടത്തുമായിവരുന്ന കാലഘട്ടം. വീടുകളില്‍ കമ്പ്യൂട്ടറുകള്‍ എടുത്തിരുന്നില്ല. ഉയര്‍ന്ന സ്ഥാപനങ്ങളില്‍ മാത്രമായിരുന്നു കമ്പ്യൂട്ടര്‍ വാങ്ങിയിരുന്നത്. ജോലിയില്‍ തുടരുന്ന ഘട്ടത്തിലാണ് അമ്മയ്‌ക്ക് ഒരു സര്‍ജറി ആവശ്യമായി വന്നത്. അതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരികെ പോന്നു. അങ്ങനെ നാട്ടില്‍ നില്‍ക്കുന്ന സമയത്താണ് സുഹൃത്തിന്റെ കാഞ്ഞിരപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഏറ്റെടുക്കുന്നത്. 50 സ്‌ക്വയര്‍ ഫീറ്റില്‍ താഴെയുള്ള ചെറിയ മുറി. പരീക്ഷണം പോലെ അത് ഏറ്റെടുത്തു. 40,000 രൂപ മുതല്‍മുടക്കിയാണ് സ്ഥാപനം ഏറ്റെടുത്തത്. 1998 ലായിരുന്നു ഈ തുടക്കം. രജിസ്‌ട്രേഷനും മറ്റുമായി ഔദ്യോഗികമായി തുടങ്ങിയത് 1999 ലായിരുന്നു. ‘ഓസോണ്‍’- എന്ന പേരിലായിരുന്നു ആരംഭം.
പിന്നീട് കോട്ടയത്തേക്ക് ചുവടുമാറ്റി. സ്‌പെയര്‍ പാര്‍ട്‌സ് വാങ്ങി അസംബ്ലി ചെയ്ത് കമ്പ്യൂട്ടര്‍ കൊടുക്കുന്ന രീതിയായിരുന്നു അന്നുണ്ടായിരുന്നത്. മാസത്തില്‍ ഒന്നോ രണ്ടോ എണ്ണം നല്‍കാനേ സാധിച്ചിരുന്നുളളൂ. അക്കാലത്താണ് കമ്പ്യൂട്ടര്‍ സ്‌പെയര്‍ പാര്‍ട്‌സുകളുടെ ഹോള്‍സെയില്‍ തുടങ്ങുന്ന ആശയം തോന്നിയത്. ഹോള്‍സെയില്‍ വിപുലമായതോടെ അഞ്ഞൂറിലധികം ഡീലര്‍മാര്‍ വരെയായി. കോട്ടയം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു ഡീലേഴ്‌സ് കൂടുതല്‍. ഓസോണ്‍ സിസ്റ്റംസ് എന്ന പേരിലായിരുന്നു തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍.
ഓക്സിജന്‍ എന്ന പേര് തെരഞ്ഞെടുത്തത് എന്തുകൊണ്ടാണ്?
തുടക്കത്തിലെ പേരായ ഓസോണുമായി സാമ്യമുള്ളതാണിത്. ഡയറക്ട് ഈ ഫീല്‍ഡുമായി ബന്ധമില്ലതാനും. എല്ലാവരും തുടങ്ങുന്ന ബിസിനസ്സുമായി ബന്ധപ്പെട്ട പേര് തെരഞ്ഞെടുക്കുമ്പോള്‍ അതില്‍ നിന്ന് വ്യത്യസ്തമായ നില്‍ക്കുന്ന ഒന്നാണിത്. പിന്നെ ഏറ്റവും പോസിറ്റീവായ വാക്കാണുതാനും.
ഇത്തരത്തിലുള്ള ബിസിനസ്സിലേക്ക് കടന്നുവരാന്‍ ഉണ്ടായ സാഹചര്യം?
ഹോള്‍സെയില്‍ അത്യാവശ്യം നല്ലരീതിയില്‍ വന്ന സമയത്താണ് എനിക്കൊരു ആപകടം ഉണ്ടായത്. അതൊരു തിരിച്ചടിയായിരുന്നു. ആറ് മാസക്കാലം വിശ്രമം ആവശ്യമായി വന്നു. ആ ഘട്ടത്തില്‍ റീട്ടെയിലിലേക്ക് മാറിയാലോ എന്നും ചിന്തിച്ചു. അക്കാലത്ത് കമ്പ്യൂട്ടറും അനുബന്ധ സാധനങ്ങളും ഡിസ്‌പ്ലേ ചെയ്ത് വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നില്ല. ചിന്തിച്ചപ്പോള്‍ റിസ്‌ക്കുണ്ടായിരുന്നു. അങ്ങനെയാണ് കോട്ടയത്തെ കഞ്ഞിക്കുഴിയില്‍ ‘ഓക്‌സിജന്‍’- എന്ന പേരില്‍ സ്ഥാപനം തുടങ്ങുന്നത്.
കമ്പ്യൂട്ടര്‍ റീട്ടെയില്‍ രംഗത്ത് അപ്പോള്‍ ഞങ്ങള്‍ക്കൊരു റോള്‍ മോഡല്‍ ഇല്ലായിരുന്നു. ആ സാഹചര്യത്തില്‍ ഷോറൂം എങ്ങനെ ഡിസൈന്‍ ചെയ്യണം, പരസ്യവാചകം എന്തായിരിക്കണം, മാര്‍ക്കറ്റിങ് എങ്ങനെയായിരിക്കണം എന്നിങ്ങനെയൊന്നും കണ്ടുപഠിക്കാന്‍ സാഹചര്യമില്ലായിരുന്നു. അങ്ങനെയൊരു ഘട്ടത്തില്‍ നിന്നായിരുന്നു തുടക്കം.
ഇത് വലിയൊരു റിസ്‌ക് അല്ലായിരുന്നോ?
അതേ, മറ്റെല്ലാ മേഖലയിലും വലിയ റീട്ടെയില്‍ സ്ഥാപനങ്ങളുണ്ട്. എന്തുകൊണ്ട് ഇലക്ട്രോണിക് മേഖലയില്‍ ഇങ്ങനെയൊരു റീട്ടെയില്‍ സ്ഥാപനമായിക്കൂടേയെന്ന് ചിന്തയുണ്ടായി. ഉത്പന്നം നേരിട്ട് കണ്ട് ടച്ച് ചെയ്ത് വാങ്ങാനുള്ള സാഹചര്യം ഉപഭോക്താവിന്റെ അവകാശമാണെന്ന ബോദ്ധ്യമാണ് അതിലേക്ക് നയിച്ചത്. പല ഡീലേഴ്‌സും പറഞ്ഞത് പണിയാകും, എല്ലാവരും ടച്ച് ചെയ്തിട്ടുപോകും, ആരും എടുക്കാനൊന്നും പോകുന്നില്ലെന്നായിരുന്നു. പക്ഷേ ഇന്നത്തെ സ്ഥിതിയെന്താണ്? ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ നിരത്തിവച്ചിരിക്കുന്ന അവസ്ഥയല്ലേ. എല്ലാ മേഖലയിലും കമ്പ്യൂട്ടര്‍ അത്യാവശ്യമായി വന്നു. ലാപ്‌ടോപ്പുകള്‍ ഒഴിവാക്കാനാവാത്ത സ്ഥിതിയെത്തി. ഇതൊരു ട്രെന്റായി, അത് ഉപയോഗിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. 2007ല്‍ സ്മാര്‍ട്ട് ഫോണിന്റെ കടന്നുവരവ് ശക്തമായതോടെ ആ രംഗത്തേക്കും ചുവടുവച്ചു.
വലിയ രീതിയിലുള്ള മത്സരത്തെ മറികടന്ന് മുമ്പോട്ട് പോകുന്നതിലെ രഹസ്യം?
മത്സരത്തെ വളരെ പോസിറ്റീവായിട്ടാണ് കാണുന്നത്. അത് ബിസിനസ്സിലെ എനര്‍ജിയുടെ ഭാഗമാണ്. മത്സരം വരുന്നതിലൂടെ മേഖലയില്‍ നവീകരണം നടക്കും. ഇതിലൂടെ നല്ല ആശയങ്ങളും ലഭിക്കും. ഉപഭോക്താവിന് മികച്ച അത്യാധുനിക സാഹചര്യങ്ങള്‍ ലഭിക്കാനും ഇടയാക്കുന്നു. ആരോഗ്യപരമായ മത്സരത്തില്‍ ഏറ്റവും മികച്ച സര്‍വ്വീസ് നല്‍കുന്ന മത്സരമായിരിക്കും നടക്കുക. അതില്‍ ഓക്‌സിജന് അതിന്റേതായ സ്‌പേസ് ഉണ്ട്. ഒരു ഉപഭോക്താവ് എത്തുമ്പോള്‍ അവരുടെ ഇഷ്ടങ്ങളും ആവശ്യങ്ങളും അറിയുന്നതിനൊപ്പം സര്‍വ്വീസ് ആവശ്യമായി വരുന്ന സാഹചര്യത്തില്‍ യഥാസമയം എത്തിക്കുന്നതിലും ശ്രദ്ധ പതിപ്പിക്കുന്നു. ഇവിടെ സെയില്‍സ് സെക്ഷനിലുള്ളത് സെയില്‍സ്മാനല്ല മറിച്ച് സെയില്‍സ് കണ്‍സള്‍ട്ടന്റാണ്. ഒരു ഉപഭോക്താവുമായി കാണുന്നത് കണ്‍സള്‍ട്ടേഷന്‍ പോലെയാണ്.
മികച്ച സേവനം നല്‍കാന്‍ ശ്രദ്ധിക്കുന്നത് ഏതൊക്കെ കാര്യങ്ങളിലാണ്?
തുടക്കം മുതലേ ചില കാര്യങ്ങളില്‍ ശ്രദ്ധനല്‍കുന്നുണ്ട്. യഥാര്‍ത്ഥ ഉത്പന്നങ്ങള്‍ മാത്രമേ വില്‍ക്കുന്നുള്ളൂ. ഇതിനായി ഷോട്ട്കട്ടുകളില്ല. ലാഭം കുറവാണെങ്കിലും കൃത്യമായ ടാക്‌സും സംവിധാനങ്ങളും നല്‍കിയാണ് ഞങ്ങള്‍ പോകുന്നത്. ഗ്രേ മാര്‍ക്കറ്റിലുള്ള ഉല്‍പ്പന്നങ്ങള്‍ ആദ്യം മുതലേ ചെയ്യാറില്ല. ഉപഭോക്താവിന് വേണ്ടിയാണ് ഞങ്ങളുടെ പ്രവര്‍ത്തനം. സര്‍വ്വീസിന്റെ കാര്യത്തിലും വിട്ടുവീഴ്ചയില്ല. അതിനായി ഓക്‌സിജന്‍ കെയര്‍ എന്ന പേരില്‍ എല്ലാ ഷോറുമുകളിലും പ്രത്യേക വിഭാഗമുണ്ട്. ഇതിനുവേണ്ടിത്തന്നെ നല്ലൊരു മുതല്‍മുടക്ക് ആവശ്യമായിവരുന്നുണ്ട്. ഇതെല്ലാം എല്ലാവര്‍ക്കും ചെയ്യാന്‍ കഴിയുന്നതാണ്. എന്നാല്‍ ഞങ്ങളത് മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി നടപ്പാക്കുന്നു.
ഡിജിറ്റല്‍ വിപണനരംഗത്തെ പുത്തന്‍ മാറ്റങ്ങള്‍?
വലിയ മാറ്റങ്ങളാണ് ഡിജിറ്റല്‍ വിപണന രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഗൂഗിള്‍ ഇപ്പോള്‍ നടത്തുന്ന പഠനങ്ങള്‍ മനുഷ്യന്‍ മനസ്സില്‍ ചിന്തിക്കുന്ന കാര്യങ്ങള്‍ എന്താണെന്ന് കണ്ടറിയുകയെന്നതാണ്. 2029 ആകുമ്പോഴേക്കും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നമ്മള്‍ ചിന്തിക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കി ഡാറ്റാ തരുന്ന രീതിയിലേക്ക് സംവിധാനം മാറും. റോബട്ടിക് രംഗം വളരെ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. വ്യവസായ സ്ഥാപനങ്ങളില്‍ റോബട്ടിക് കൈയടക്കാന്‍ തുടങ്ങിക്കഴിഞ്ഞു. അതുപോലെ തന്നെ മാറ്റങ്ങള്‍ സംഭവിക്കുന്ന മേഖലയാണ് ത്രിഡി പ്രിന്റിങ്. കണ്‍സ്ട്രക്ഷന്‍ രംഗത്ത് വളരെ വളര്‍ച്ചയുണ്ടാക്കുന്നതാണ് ത്രിഡി പ്രിന്റിങ്.
ഡിജിറ്റല്‍ രംഗത്ത് ഇന്ത്യയുടെ സാധ്യത?
ഈ രംഗത്ത് നമ്മുടെ രാജ്യത്തിന് അനന്ത സാധ്യതകളാണുള്ളത്. ഇതിനായി വിദ്യാഭ്യാസ സംവിധാനം പൊളിച്ചടുക്കണം. പ്രൈമറി തലത്തില്‍ നിന്ന് പഠിച്ചുവന്നിരുന്ന പഴയരീതി മാറണം. കുടുംബശ്രീയെ ഉപയോഗിച്ച് കുടില്‍ വ്യവസായം ഇലക്ട്രോണിക്‌സ് മേഖലയില്‍ ആരംഭിക്കണം. ഇതിലൂടെ നിര്‍മാണ മേഖലയില്‍ സ്ത്രീ ശക്തിയെ കൊണ്ടുവരാന്‍ സാധിക്കും. യുവാക്കളുടെ ജനസംഖ്യയില്‍ ഇന്ത്യയാണ് മുമ്പില്‍. ഇലക്ട്രോണിക് മേഖലയില്‍ യുവാക്കളെ കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതിന് വിദ്യാഭ്യാസ കാലഘട്ടം മുതല്‍ ശ്രദ്ധിക്കണം. പുതിയ സംരംഭങ്ങള്‍ വരുന്നതോടെ തൊഴിലവസരങ്ങള്‍ വര്‍ധിക്കും. ഇനിയുള്ള കാലത്ത് തൊഴിലവസരങ്ങള്‍ വ്യത്യസ്തമായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ‘മെയ്‌ക്ക് ഇന്ത്യ പദ്ധതി’- മികച്ചൊരു തീരുമാനമാണ്.
നിലവില്‍ ഓക്‌സിജന് എത്ര ഷോറൂമുകളാണുള്ളത്?
32 ഷോറൂമുകളാണ് നിലവിലുള്ളത്. കോട്ടയം നാഗമ്പടത്ത് 33-ാമത് ഷോറും കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. പാലക്കാട്, തൃശ്ശൂര്‍, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് നിലവില്‍ ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്നത്. ആറു മാസത്തിനുള്ളില്‍ മറ്റുള്ള ജില്ലകളിലേക്കും ബിസിനസ്സ് വ്യാപിപ്പിക്കും. എഴുന്നൂറോളം ജീവനക്കാരാണ് 32 ഷോറൂമുകളിലായി ഉള്ളത്.
ജീവനക്കാരുമായുള്ള ബന്ധം എങ്ങനെ?
ഇവിടെ മുതലാളി, തൊഴിലാളി ബന്ധമല്ല ഉള്ളത്. എല്ലാ ജീവനക്കാരും സ്വന്തം സ്ഥാപനം പോലെയാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാവരും സാധാരണ കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. അത്തരത്തിലുള്ളവരെ മാത്രമാണെടുത്തിട്ടുള്ളത്. തുടക്കം മുതലേ ചെറുപ്പക്കാരുടെ ഒരു സംഘമായിരുന്നു പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലുണ്ടായിരുന്നത്.
ഈ രംഗത്തെ വെല്ലുവിളികള്‍ എന്തൊക്കെയാണ്?
ബിസിനസ്സ്‌രംഗം എന്നും വെല്ലുവിളികള്‍ നിറഞ്ഞതാണ്. ബിസിനസ്സുകാര്‍ ഒരിക്കലും സേഫ് സോണിലല്ല നില്‍ക്കുന്നത്. സേഫ് സോണ്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരിക്കലും മുന്നോട്ട് പോകാന്‍ സാധിക്കില്ല. വിജയകരമാണെന്ന് ഞാന്‍ ഒരിക്കലും പറയില്ല. ഇനി എത്രയോ മുന്നോട്ട് പോകാനുണ്ട്.
ചെറുപ്പക്കാരായ ഉപഭോക്താക്കളൈ ആകര്‍ഷിക്കാന്‍ ശ്രദ്ധിക്കാറുള്ളത് എന്തിലൊക്കെയാണ്?
സ്ഥാപനത്തിലെ ജീവനക്കാരെല്ലാം തന്നെ യുവാക്കളാണ്. അതുകൊണ്ട് ഇരുകൂട്ടരുടെയും ഭാഷ ഒരേപോലെയായിരിക്കുമല്ലോ. ട്രന്റുകള്‍ നല്ലപോലെ നോക്കുന്നവരാണ് യുവജനങ്ങള്‍. അതിനെല്ലാം യോജിക്കുന്ന രീതിയിലുള്ള ശേഖരം ഉണ്ടെന്ന് ഉറപ്പുവരുത്തണം.
ഉപഭോക്താവിന്റെ സംതൃപ്തിയും വിശ്വാസവും പ്രധാന മുതല്‍മുടക്കായി കണ്ട് പ്രവര്‍ത്തിക്കുന്ന ഓക്‌സിജന്‍ ഗ്രൂപ്പ് സാരഥി ഷിജോ കെ.തോമസിന്റെ ഉറച്ച ആത്മവിശ്വാസം ഡിജിറ്റല്‍ ലോകത്തിനുള്ള വാഗ്ദാനമാണ്. ഭാര്യ രശ്മി ബിസിനസ്സ് കാര്യങ്ങളില്‍ ഒപ്പമുണ്ട്.
പുതിയ പദ്ധതികള്‍
ഡിജിറ്റല്‍ ഉല്‍പന്നങ്ങള്‍ക്കൊപ്പം കേരളീയര്‍ക്ക് എല്ലാവിധ ഹോം അപ്‌ളയന്‍സുകളും നല്‍കുന്ന ഓക്‌സിജന്‍ വിപണന രംഗത്തുനിന്ന് നിര്‍മ്മാണ രംഗത്തേക്കും കടക്കുകയാണ്. ടിവി, വാഷിങ് മെഷീന്‍, സോഫ്ട്‌വെയര്‍ എന്നീ രംഗത്തേക്കാണ് ആദ്യ ചുവടുവയ്പ്. ഓക്‌സിജന്റെ ബ്രാന്‍ഡില്‍ ഈ ഓണത്തോടെ ടെലിവിഷന്‍ വിപണിയിലെത്തും. ‘ഓക്‌സ്‌വ്യൂ’- എന്ന പേരിലായിരിക്കും വിവിധ മോഡലിലുള്ള ടിവികള്‍ വിപണിയിലെത്തുക. ഓക്‌സിജന്‍ ഷോറൂമുകളിലൂടെയാണ് ആദ്യഘട്ടത്തില്‍ വില്‍പ്പന. സാധാരണക്കാര്‍ക്ക് വിലക്കുറവില്‍ ഉയര്‍ന്ന ഗുണമേന്മയുള്ള ടിവികള്‍ എത്തിക്കുകയാണ് ഓക്‌സിജന്‍ ലക്ഷ്യമിടുന്നത്. 32 ഇഞ്ച്, 32 ഇഞ്ച് സ്മാര്‍ട്ട് ടിവി, 43 ഇഞ്ച് സ്മാര്‍ട്ട് ടിവി എന്നിങ്ങനെ വിവിധ മോഡലുകളാണ് ആരംഭത്തിലുള്ളത്. 50 ശതമാനം ഡിസ്‌കൗണ്ടിലാണ് ആദ്യഘട്ടത്തിലെ വില്‍പ്പന. ഒരു വര്‍ഷം മുതല്‍ വാറണ്ടിയും ലഭിക്കും. കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള ബിഐഎസ്, ബിഇഇ സര്‍ട്ടിഫിക്കറ്റുകളോടെയാണ് ടിവികള്‍ വിപണിയിലെത്തുന്നത്. സോഫ്ട്‌വെയര്‍ രംഗത്തേക്കും ഓക്‌സിജന്‍ പ്രവേശിക്കുകയാണ്. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: