സുനീഷ് മണ്ണത്തൂര്‍
നടനും പ്രൊഡക്ഷന്‍ കണ്‍ഡ്രോളറുമായ നന്ദുപൊതുവാള്‍ സിനിമാ ജീവിതം തുടങ്ങിയിട്ട് 30 വര്‍ഷം പൂര്‍ത്തീകരിച്ചിരിക്കുകയാണ്. സിനിമയുടെ വിത്യസ്തമേഖലകളില്‍ അദ്ദേഹം കയ്യൊപ്പു പതിപ്പിച്ചിട്ടുണ്ട്. മിമിക്രി കലാകാരനായി ജീവിതം ആരംഭിച്ച നന്ദു വഴിപോക്കനായും കച്ചവടക്കാരനായും സ്ഥിരം ചെയ്യാറുള്ള ചെറുവേഷങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ചേക്കേറി. ഇന്ന് എത്തിനില്‍ക്കുന്നത് അഭ്രപാളിയിലെ ആരും കൊതിക്കുന്ന നേട്ടത്തിനൊപ്പമാണ്. ബ്രഹ്മാണ്ഡ കമല്ഹാസന് ചിത്രമായ ഇന്ത്യനില്‍ അഭിനയിക്കാന്‍ പോകുന്നു. സിനിമാ വിശേഷങ്ങളുമായി ജന്മഭൂമിയോട് മനസ് തുറക്കുന്നു.
സിനിമാ ജീവിതത്തെ എങ്ങനെ നോക്കി കാണുന്നു?
ഞാന്‍ ഒട്ടും പ്രതീക്ഷിക്കാതെ വന്ന മേഖലയാണ് സിനിമാ ലോകം. അതിലുപരി പ്രൊഡക്ഷന്‍ കണ്ട്രോളര് എന്ന നിലയില്‍ പ്രവര്‍ത്തിക്കുവാനായത് തികച്ചും യാദൃശ്ചികം. സ്വന്തം നാടായ ഏലൂരില്‍ അല്ലറ ചില്ലറ മിമിക്രിയും ചെറു ഹാസ്യനാടകങ്ങളുമായി നടന്നിരുന്ന ഒരു കാലം എനിക്കുണ്ടായിരുന്നു. എന്നാല്‍ ഇതുകൊണ്ട് ജീവിതത്തില്‍ രക്ഷപെടാനാകില്ലെന്ന് തോന്നിയതുകൊണ്ടാവാം അച്ഛന് എന്നെ ബോബേയിലേക്ക് നിര്‍ബന്ധിച്ച് തീവണ്ടികയറ്റിവിട്ടു. അവിടെ ജോലിയില്‍ പ്രവേശിച്ച് മനസ്സില്ലാ മനസ്സോടെ ജീവിതം ആരംഭിച്ചു.
ഹാസ്യനാടകങ്ങളിലേക്കുള്ള കടന്നു വരവ് ഒന്ന് പറയാമോ ?
1978 ലാണ് മിമിക്രിയിലേക്ക് കടന്നുവന്നത്. അന്ന് മിമിക്രിയോ മികിക്സ് പരേഡുകളോ ഇല്ലായിരുന്നു. പകരം കോമഡി സ്കിറ്റുപോലുള്ള ഹാസ്യ കലാപരിപാടികള്‍ക്കായിരുന്നു പ്രചാരം. ഞാന്‍ പഠിച്ചത് ഏലൂര്‍ എഫ്എസിടി സ്കൂളിലാണ്. കോളജില്‍ പഠിക്കുന്ന കാലത്ത് കോമഡി സ്കിറ്റുകള്‍ ചെയ്യുമായിരുന്നു. അക്കാലത്ത് ഫാക്ടില്‍ പ്രതിമാസ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഹരേകൃഷ്ണ ഹരേരാമ എന്ന ഗ്രൂപ്പ് പ്രതിമാസ പരിപാടികളുമായി അവിടെ എത്തുമായിരുന്നു. അക്കാലത്ത് ചെറു കോമഡി നാടകങ്ങളിലൂടെ പ്രശസ്തനായിരുന്ന കൊതുക് നാണപ്പന് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന നാണപ്പന് ചേട്ടന്റെ ‘ത്രീ മൊസ്കിറ്റോസ്’ എന്ന് പരിപാടിയാണ് എന്നെ മിമിക്രിയിലേക്ക് ആകര്‍ഷിപ്പിച്ചത്.
ബോംബെയില്‍ എത്തപ്പെട്ട താങ്കള്‍ എങ്ങനെ മിമിക്രിയിലേക്ക് എത്തി?
അച്ഛന്റെ നിര്‍ബന്ധപ്രകാരം ബോംബെയില്‍ ജോലി ചെയ്യുന്നതിനിടെയാണ് അവിടെ വച്ച് സാനിറ്ററീസ് ഫുഡ് ഇന്‍സ്പെക്ടര്‍ കോഴ്സ് പഠിക്കുവാനെത്തിയ അബിയെ പരിചയപ്പെടുന്നത്. ബോംബെയില്‍ മലയാളികളുടെ ഇടയില്‍ പ്രതിമാസ കലാപരിപാടികള്‍ നടക്കാറുണ്ടായിരുന്നു. അവിടെ വച്ചായിരുന്നു തരംഗണി ഓര്‍ക്കസ്ട്രയിലേക്ക് ഞാന്‍ കടന്നുചെന്നത്. പിന്നെ അബിയുമായി ചേര്‍ന്ന് നരിവധി ചെറിയ പ്രോഗ്രാമുകള്‍ ചെയ്യുമായിരുന്നു. പിന്നീട് ഞങ്ങള്‍ തരംഗണിയുടെ സംഘാടകരായി മാറുകയായിരുന്നു. അബി നാട്ടിലേക്ക് മടങ്ങുകയും കൊച്ചി കേന്ദ്രീകരിച്ച് ‘കൊച്ചിന് സാഗര്‍’ എന്ന മിമിക്രി ട്രൂപ്പ് ആരംഭിച്ചു. അധികം വൈകാതെ ഞാനും നാട്ടിലെത്തി വീട്ടുകാരുടെ ശക്തമായ എതിര്‍പ്പിനിടെയും ട്രൂപ്പില്‍ ചേര്‍ന്നു. അക്കാലത്ത്. ദിലീപ്, നാദിര്‍ഷ, ടിനിടോം, കോട്ടയം നസീര്‍, സലിംകുമാര്‍, ഉണ്ടപക്രു ഇവരൊക്കെ ആ ട്രൂപ്പിലുണ്ടായിരുന്നു. അവിടെ നിന്നാണ് സിനിമാ ലോകത്തേക്ക് ദിലീപ് പോയതും അത് ഞങ്ങള്‍ക്ക് വഴിയൊരുക്കിയതും.
മിമിക്രി ലോകത്ത് എത്തുന്നതിന് മുന്‍പ് സിനിമായില്‍ അഭിനയിച്ചതായി കേട്ടിട്ടുണ്ടല്ലോ. അതെങ്ങനെ സംഭവിച്ചു?
ശരിയാണ്, ഞാന്‍ ആദ്യമായി അഭിനയിച്ചത് ഒമ്പാതാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. ഏലൂരില്‍ ചിത്രീകരിച്ച ‘സമയമായില്ലാപോലും’ എന്ന ചിത്രത്തിലാണ് അഭിനയിച്ചത്. പിന്നീട് ബാലു കിരിയത്ത് സംവിധാനം ചെയ്ത മിമിക്സ് ആഷന്‍ 500 എന്ന ചിത്രത്തിലെ നായകരില്‍ ഒരാളായതോടെ പൂര്‍ണ്ണമായും സിനിമയിലേക്ക് എത്തുകയായിരുന്നു. ചെറിയ വേഷങ്ങള്‍ ചെയ്തു മുന്നോട്ട് പോകുന്നതിനിടെയാണ് ജോഷിസാര്‍ സംവിധാനം ചെയ്ത ‘ജന്മം’ എന്ന സുരേഷ് ഗോപി ചിത്രത്തില്‍ നായകന്റെ ഒപ്പമുള്ള മുഴുനീള കഥാപാത്രമായി അഭിനയിച്ചത്. പക്ഷേ ചിത്രം പുറത്തിറങ്ങിയില്ല.
അഭിനയത്തിനിടെ സിനിമാ പ്രൊഡക്ഷന്‍ മേഖലയിലേക്ക് എങ്ങനെ മാറി?
ചില്ലറ വേഷങ്ങള്‍ ചെയ്ത് നടക്കുന്ന സമയത്താണ് ദിലീപും ലാല്‍ ജോസും എന്നെ പ്രൊഡഷന്‍ ജോലികളിലേക്ക് തിരിയുവാന്‍ ആവശ്യപ്പെടുന്നത്. ലേലം എന്ന സിനിമയുടെ സെക്കന്റ് ഷെഡ്യൂളിലാണ് ആദ്യമായി പ്രവേശിക്കുന്നത്. സെവന് ആര്‍ട്സ് മോഹനന് ആയിരുന്നു സിനിമയുടെ കണ്ട്രോളര്. ആ സിനിമ മുതല്‍ ജോഷി സാറിന്റെ എല്ലാ പടങ്ങളിലും പ്രൊഡക്ഷനില്‍ ഞാന്‍ ഉണ്ട്. ഇന്ന് 100 ലധികം ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. അത് അഭിനയത്തേക്കാള്‍ സാമ്പത്തിക മെച്ചം ഉണ്ടാക്കി. മുന്‍നിര സംവിധായകരായ ജോഷി, പ്രിയദര്ശന്, ലാല്‍ജോസ്, നാദിര്‍ഷ എന്നിവരുടെ ഒപ്പം സ്ഥിരമായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുമ്പ് ഓണക്കാലത്ത് ദിലീപും നാദിര്‍ഷയുമൊക്കെ ചേര്‍ന്ന് പുറത്തിറക്കാറുള്ള കോമഡി ഓഡിയോ കാസറ്റുകളില്‍ പ്രൊഡക്ഷനില്‍ വര്‍ക്ക് ചെയ്തിരുന്നു. അത് സിനിമാ പ്രൊഡക്ഷനില്‍ സഹായകമായി.
എങ്ങനെ ആണ് ഇന്ത്യന്‍ 2 എന്ന് സിനിയിലേക്ക് ക്ഷണം എത്തിയത്?
എത്തപ്പെട്ട വഴി സത്യത്തില്‍ ഇന്നും അറിയില്ല. ഈ ക്ഷണം എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണ്. നെറ്റ്ഫ്ളിക്സിന് വേണ്ടി എം.ടി.വാസുദേവന്‍നായരും പ്രിയദര്‍ശനും ചേര്‍ന്ന് ഒരുക്കുന്ന സിനിമാ ചിത്രീകരണത്തിനിടെയാണ് വിളി വരുന്നത്. തൊടുപുഴയിലായിരുന്നു ലൊക്കേഷന്‍. ഉള്‍പ്രദേശമായതിനാല്‍ എനിക്ക് മൊബൈല്‍ റേഞ്ച് കിട്ടിയില്ല. രണ്ട് തവണ അവര്‍ വിളിച്ചു. പരിചയമില്ലാത്ത നമ്പറില്‍ നിന്നായതിനാല്‍ കോള്‍ സ്വീകരിച്ചില്ല. സംശയം തോന്നി തിരിച്ച് വിളിച്ചു. അപ്പോഴാണ് ഈ വിവരം അറിയുന്നത്. ഈ വിവരം മോഹന്‍ലാലിനോട് സൂചപ്പിച്ചു. ലാല്‍ സാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് ചെന്നെയിലെ ലെയ്സന്‍ ഓഫീസര്‍ കാര്‍ത്തിക്കുമായി ബന്ധപ്പെട്ട് വിളി സത്യമാണോ എന്ന് അന്വേഷിച്ചത്. സംഭവം സത്യമാണെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. എന്റെ സമ്മതം കിട്ടിയപ്പോള്‍ തന്നെ അവര്‍ ഫ്ളൈറ്റ് ടിക്കറ്റും അയച്ചുതന്നു. ഏന്റെ ഏറ്റവും വലിയ ഭാഗ്യമായാണ് ഞാന്‍ ഇതിനെ കാണുന്നത്. നടന് സൗബിന് താഹിറിന്റെ പിതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാബുസലിമിനാണ് ശങ്കര്‍ സാറിന്റെ മാനേജരായ വിമല്‍ എന്റെ ഫോട്ടോ അയച്ചുകൊടുത്ത ശേഷം ഇതാരാണെന്നും ഇയാളുടെ നമ്പര്‍ തരുമോ എന്നും ചോദിച്ചത്. ബാബുസലിമാണ് നമ്പര്‍ കൈമാറിയത്. ആശിര്‍വാദ് സിനിമാസിലെ മനോഹരനും വിമലുമായുള്ള പരിചയവും ഇക്കാര്യത്തില്‍ എനിക്ക് സഹായകമായി. പക്ഷേ ശങ്കര്‍ സാറും വിമലും എന്നെ എങ്ങനെ കണ്ടെത്തി എന്ന് അറിയില്ല.
ചെറിയ വേഷങ്ങളിലെത്തി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ അഭിനേതാവാണ് താങ്കള്‍, എന്ത് തോന്നുന്നു?
ചെറിയ വേഷങ്ങളായാല്‍ പോലും എന്നെ ശ്രദ്ധിക്കുന്നത് വലിയ ആര്‍ട്ടിസ്റ്റുകളുടെ കൂടെ അഭിനയിക്കുന്നതുകൊണ്ടാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, സുരേഷ് ഗോപി, ജയറാം എന്നിവര്‍ അഭിനയത്തില്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്. പിന്തുണയും നല്‍കിയിട്ടുണ്ട്.
സാമ്പത്തികമായി സിനിമ താങ്കള്‍ക്ക് പ്രയോജനപ്പെട്ടിട്ടുണ്ടോ?
ഒരുപാട് സമ്പാദിക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും ഇന്നും ജീവിക്കുന്നത് സിനിമകൊണ്ടാണ്. എങ്കിലും നല്ലൊരു കഥാപാത്രം എന്നെ തേടി എത്തിയിട്ടില്ല. ചെയ്യണമെന്ന് ആഗ്രഹവുമുണ്ട്. അഭിനയത്തേക്കാള്‍ പ്രൊഡക്ഷന്‍ ജോലികളില്‍ നിന്നാണ് വരുമാനം. കൊവിഡ് കാലത്ത് ഏറെ ബുദ്ധിമുട്ടിയിരുന്നു. ഭാര്യയ്ക്ക് ജോലിയുള്ളതുകൊണ്ട് പിടിച്ചു നിന്നു. ജീവിതത്തില്‍ ഏറ്റവും സ്വാധീനിച്ച വ്യക്തികള്‍ ദിലീപും നാദിര്‍ഷയും പ്രൊഡഷന്‍ കണ്ട്രോളര് ബാദുഷയുമാണ്. മകന്റെ കല്യാണസമയത്ത് അതും കൊവിഡ് സമയത്ത് വര്‍ക്ക് ഇല്ലാതിരുന്നപ്പോള്‍ എന്തു ചെയ്യുമെന്ന് ആലോചിച്ച് നിന്നപ്പോള്‍ ദൈവമായി ‘കേശു ഈ വീടിന്റെ നായകന്’ എന്ന് ചിത്രത്തില്‍ വര്‍ക്ക് ചെയ്യാന്‍ അവസരം തന്നു. അത് വലിയൊരു ആശ്വാസമായി, പിന്നെ മോഹന്‍ലാലുമായും വളരെ അടുത്ത ആത്മബന്ധമുണ്ട്. ഏത് പടത്തിലും നന്ദു ഉണ്ടാവില്ലേ എന്ന് വിളിച്ചു ചോദിക്കും. തിരക്കുകള്‍ക്കിടയില്‍ എന്റെ മകന്റെ കല്യാണത്തിന് അദ്ദേഹം വീട്ടില്‍ എത്തിയിരുന്നു. ഞാന്‍ ആദ്യമായി സ്വതന്ത്രമായി വര്‍ക്ക് ചെയ്തത് മോഹന്‍ലാല്‍ ചിത്രമായ പ്രജയാണ്. ചിപ്പിയുടെ ഭര്‍ത്താവ് രഞ്ജിത്താണ് എന്നെ മോഹന്‍ലാലിനോട് കൂടുതല്‍ അടുപ്പിച്ചത്. ഇന്ത്യന്‍ ടു വിലേക്ക് വിളിവന്നപ്പോള്‍ ആദ്യം പറഞ്ഞത് മോഹന്‍ലാലിനോടും ദിലീപിനോടുമാണ്.
ഭാവി പ്രൊജക്ടുകള്‍?
നിലവില്‍ പ്രിയദര്ശന്-എം.ടി. കൂട്ടുകെട്ടില്‍ നെറ്റ് ഫ്ളിക്സിന് വേണ്ടി ചെയ്യുന്ന 10 കഥകളില്‍ എനിക്ക് നല്ലൊരു വേഷം ഉണ്ട്. നിരവധി പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ വന്നിട്ടുണ്ട്. അതോടൊപ്പം ചെറിയ വേഷങ്ങളും ഇനി ചെയ്യാനുണ്ട്. വന്നവഴി മറക്കാത്തതുകൊണ്ട് തരംഗണിയുടെ ഇപ്പോഴത്തെ മാനേജരും ഞാന്‍ ആണ്. ഇതിനോടൊപ്പം പല ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളേയും സിനിമാ ലോകത്തേക്ക് എത്തിക്കുവാന്‍ എനിക്ക് കഴിഞ്ഞു. കോട്ടയം പ്രദീപ് പോലുള്ള കലാകാരന്മാരെ കണ്ടെത്തിയത് ഞാനായിരുന്നു. പ്രൊഡക്ഷന്‍ മേഖലയിലും നിരവധി പേര്‍ക്ക് ഞാന്‍ അവസരം ഒരുക്കി കൊടുത്തു.
അമൃതാ ഹോസ്പിറ്റലിലെ ജീവനക്കാരി റീത്തയാണ് ഭാര്യ. മകന് വിഷ്ണു. വിദ്യ മരുമകളാണ്. സഹോദരന് ശശികുമാര്‍ പൊതുവാള് സിനിമാ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: