തൊടുപുഴ: കോളേജ് ഓണാഘോഷത്തിന്റെ പേരിൽ രൂപമാറ്റം വരുത്തിയ വാഹനങ്ങളിൽ വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം. തൊടുപുഴ ന്യൂമാൻ കോളേജിലെ വിദ്യാർത്ഥികളാണ് വാഹനങ്ങളുമായി എത്തിയത്. വാഹനങ്ങൾ മോട്ടോര്‍ വാഹന വകുപ്പും പോലീസും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തു. ഒരു റിക്കവറി വാഹനം ഉള്‍പ്പെടെ മൂന്ന് വാഹനങ്ങളാണ് വെള്ളിയാഴ്ച രാവിലെ 10ന് കസ്റ്റഡിയിലെടുത്തത്.
കാറും ജീപ്പും രൂപമാറ്റം വരുത്തിയിരുന്നു. വാഹന ഉടമകള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. വിദ്യാർത്ഥികൾ വാഹനങ്ങൾക്ക് മുകളിലും മറ്റും അഭ്യാസപ്രകടനം നടത്തുന്നുവെന്ന വിവരം ലഭിച്ചതിനെതുടർന്നാണ് മോട്ടോർ വാഹനവകുപ്പും തൊടുപുഴ ആർടിഒ സംഘവും സ്ഥലത്ത് എത്തിയത്. ആഘോഷനങ്ങൾക്കും മറ്റുമായി വലിയ വാടകയ്ക്ക് രൂപം മാറ്റം വരുത്തിയ വാഹനങ്ങൾ നൽകുന്നത് പതിവായിട്ടുണ്ടെന്നും ഇതിനെതിരെ കർശന നടപടിയുണ്ടാകുമെന്നും എൻഫോഴ്സ്മെൻ്റ് ആർടിഒ വി.എ നസീർ പറഞ്ഞു.
സ്കൂളുകളിലും കോളേജുകളിലും മറ്റും ഓണാഘോഷങ്ങളുടെ ഭാഗമായി രൂപമാറ്റം വരുത്തിയ വാഹനങ്ങളില്‍ എത്തരുതെന്ന് മോട്ടോര്‍ വാഹന വകുപ്പ് കഴിഞ്ഞ ദിവസം തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരത്തില്‍ എത്തുന്ന വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുമെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരം അഭ്യാസം നടത്തുന്നത് തടയാന്‍ പ്രത്യേക പരിശോധന നടത്തുമെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരം സാഹചര്യത്തില്‍ പിടികൂടുന്ന വാഹനങ്ങളുടെ രജിസ്ട്രേഷന് ഒരു വര്‍ഷത്തേക്ക് റദ്ദ് ചെയ്യുമെന്നും സൂചനകളുണ്ട്. ഇതിനുപുറമെ, വാഹനമോടിക്കുന്ന വിദ്യാര്‍ഥികളുടെ ലൈസന്‍സും സസ്പെന്‍ഡ് ചെയ്യുമെന്നായിരുന്നു അറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: