ന്യൂദല്‍ഹി : ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറി ഇന്ത്യ. വന്‍കിട രാജ്യമായ യുകെയെ പിന്തള്ളിയാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. യുകെ ഇപ്പോള്‍ ആറാം സ്ഥാനത്താണ്. 2021ലെ അവസാന മൂന്ന് മാസങ്ങളിലെ സാമ്പത്തിക വളര്‍ച്ചയാണ് യുകെയെ പിന്തള്ളി ഇന്ത്യ മുന്നോട്ട് കുതിക്കാന്‍ കാരണമായത്.
യുഎസ് ഡോളറിനെ അടിസ്ഥാനമാക്കിയാണ് കണക്കുകൂട്ടല്‍. ബ്രിട്ടന്റെ സാമ്പത്തിക മേഖല ഏതാനും നാളുകളായി അനിശ്ചിതത്വത്തിലാണ്. അന്താരാഷ്‌ട്ര നാണയ നിധിയുടെ ജിഡിപി കണക്കുകള്‍ പ്രകാരം ആദ്യ പാദത്തില്‍ ഇന്ത്യ മുന്നിലെത്തിയെന്നാണ് സൂചന. മാര്‍ച്ച് വരെയുള്ള പാദത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വലുപ്പം പണത്തിന്റെ അടിസ്ഥാനത്തില്‍ 854.7 ബില്യണ്‍ ഡോളറാണ്. യുകെയുടേത് 816 ബില്യണ്‍ ഡോളറായിരുന്നു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഈ വര്‍ഷം 7 ശതമാനത്തിലധികം വളര്‍ച്ച നേടുമെന്നാണ് കണക്കുകൂട്ടല്‍.
അനിയന്ത്രിതമായ വിലക്കയറ്റവും രാഷ്‌ട്രീയത്തിലെ അനിശ്ചിത്വവും ബ്രിട്ടന് ആഘാതമായത്. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും വേഗത്തിലുള്ള പണപ്പെരുപ്പത്തിനാണ് യുകെ ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. കൂടാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ റിപ്പോര്‍ട്ട് പ്രകാരം 2024 വരെ നീണ്ടുനില്‍ക്കുന്ന മാന്ദ്യ ഭീഷണിയും രാജ്യം നേരിടുന്നുണ്ട്.
അതേസമയം ഈ പാദത്തിലെ ഇന്ത്യന്‍ ഓഹരികളുടെ തിരിച്ചുവരവ് എംഎസ്സിഐ എമര്‍ജിംഗ് മാര്‍ക്കറ്റ് ഇന്‍ഡക്സില്‍ രാജ്യത്തെ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ത്തിയതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങളാണ് ഇപ്പോള്‍ ഇന്ത്യയ്‌ക്ക് മുന്നിലായുള്ളത്. ഈ വര്‍ഷം ഡോളര്‍ മൂല്യത്തില്‍ യുകെയെ ഇന്ത്യ മറികടക്കുമെന്ന് ഐഎംഎഫ് വ്യക്തമാക്കിയിരുന്നതാണ്. ഈ വര്‍ഷം ഇതുവരെ ഇന്ത്യന്‍ രൂപയ്‌ക്കെതിരെ പൗണ്ടിന്റെ മൂല്യം 8 ശതമാനം ഇടിഞ്ഞു. ഇന്ത്യന്‍ സ്റ്റോക്കുകളില്‍ വന്‍ തിരിച്ചു വരവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: