തൃശൂര്‍: ഓണമെത്തിയതോടെ ചെങ്ങാലിക്കോടന്‍ അരങ്ങു തകര്‍ക്കുകയാണ്. സ്വര്‍ണനിറവും തേനൂറും രുചിയും രൂപഭംഗിയുമാണ് ചെങ്ങാലിക്കോടന്‍ നേന്ത്രപ്പഴത്തിന്റെ ‘ഹൈലൈറ്റ്’. ഓണവിപണിയില്‍ ചെങ്ങാലിക്കോടന്‍ കഴിഞ്ഞുള്ള സ്ഥാനമേ മറ്റേതു നേന്ത്രപ്പഴത്തിനുമുള്ളൂ. ഭൗമസൂചിക പദവി കൂടി ലഭിച്ചതോടെ ചെങ്ങാലിക്കോടന്റെ പ്രാധാന്യമേറി.
ഉത്രാടനാളില്‍ ഗുരുവായൂരപ്പന് കാഴ്ചക്കുലയായി സമര്‍പ്പിക്കപ്പെടുന്നത് ചെങ്ങാലിക്കോടന്‍ കുലകളാണ്. വേലൂര്‍, എരുമപ്പെട്ടി, ചൂണ്ടല്‍, കൈപ്പറമ്പ്, വരവൂര്‍, മുള്ളൂര്‍ക്കര, തെക്കുംകര, കടങ്ങോട്, മുണ്ടത്തിക്കോട് മേഖലകളിലായി ചെങ്ങാലിക്കോടന്‍ ടൗണ്‍ കണക്കിനാണ് കര്‍ഷകര്‍ കൃഷി ചെയ്തിരിക്കുന്നത്.
നിലവില്‍ 85 രൂപയാണ് കിലോക്ക് മൊത്തവില. ഇത് ചില്ലറ വിപണിയില്‍ 100 ല്‍ എത്തി നില്‍ക്കുകയാണ്. തിരുവോണം അടുക്കുമ്പോള്‍ വില പ്രതിദിനം കൂടുകയാണ്. ഓണത്തിന് ചെങ്ങാലിക്കോടനുള്ള ബുക്കിംഗ് നേരത്തെ കഴിഞ്ഞതായി കര്‍ഷകര്‍ പറയുന്നു. ഇപ്പോഴും നിരവധി പേരാണ് കായ ആവശ്യപ്പെട്ട് വരുന്നത്. മുള്ളൂര്‍ക്കര മുതല്‍ ചൂണ്ടല്‍ വരെയുള്ള ഭാഗങ്ങളില്‍ വ്യാപകമായി കൃഷി ചെയ്തിട്ടുണ്ടെങ്കിലും ഓണത്തിന് ചെങ്ങാലിക്കോടന് വന്‍ ഡിമാന്റാണ്.
അതേസമയം നാടന്‍ കായയായ നെടുനേന്ത്രനും വിപണിയില്‍ സജീവമാണ്. ചാലക്കുടി, പരിയാരം, പുത്തുര്‍ ഭാഗങ്ങളില്‍ നിന്നും അടക്കം വന്‍തോതില്‍ നാടന്‍ നേന്ത്രക്കായ വിപണിയില്‍ എത്തുന്നുണ്ട്. കിലോക്ക് 65 രൂപയാണ് മൊത്ത വിപണി വില. ചില്ലറ വിപണിയില്‍ 75 മുതല്‍ 80 രൂപ വരെയാണ് നിരക്ക്. അതിനൊപ്പം തമിഴ്‌നാട്ടില്‍ നിന്നുള്ള പുളിയംപെട്ടി നേന്ത്രനും ജില്ലയിലെ വിവിധ പച്ചക്കറി മാര്‍ക്കറ്റുകളില്‍ എത്തുന്നുണ്ട്. കിലോക്ക് 55 രൂപ മൊത്തവിലയുള്ള കായ 65 മുതല്‍ 70 രൂപവരെ വിലക്ക് വില്‍ക്കുന്നുണ്ട്.
പ്രധാനമായും കായ ഉപ്പേരിക്കാണ് ഇത് ഉപയോഗിക്കുന്നത്. വറുക്കാന്‍ വെളിച്ചെണ്ണ കുറച്ചുമതി എന്നതാണ് ഇതിന്റെ പ്രത്യേകത. ചെറുപഴങ്ങളില്‍ ഞാലിപ്പുവന്‍ തന്നെയാണ് താരം. 35 മുതല്‍ 40 രൂപവരെയുണ്ട് പൂവ്വന്. പൂവ്വന്‍പഴത്തിന് 50 മുതല്‍ 60വരെ കിലോക്ക് വിലയുണ്ട്. 25 മുതല്‍ 28 രൂപവരെ വിലവരുന്ന പാളിയന്‍കോടന് 40 രൂപവരെ ചില്ലറവിലയുണ്ട്. റോബസ്റ്റിന് മൊത്തവില 30 രൂപയാണ്. ചില്ലറ വില 40 മുതല്‍ 45 വരെയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: