പരവൂര്‍: ഓണം പടിവാതിലില്‍ എത്തിയതോടെ പപ്പടവിപണിയും ഉണര്‍വിലാണ്. വിഭവങ്ങളോടൊപ്പം പപ്പടമില്ലെങ്കില്‍ സദ്യ പൂര്‍ണമാകില്ല. അതുകൊണ്ട് തന്നെ പരവൂരിലെ ഗുരുവായൂരപ്പന് പപ്പടനിര്‍മ്മാണശാലയില്‍ സ്ത്രീകള്‍ അടക്കം പത്തോളം തൊഴിലാളികള്‍ ആവിശ്രമം പണിയെടുക്കുകയാണ്.
പൊഴിക്കര റോഡിലെ പപ്പട നിര്‍മാണശാലയില്‍ കൊവിഡ് ഉണ്ടാക്കിയ പ്രതിസന്ധികളെ അതിജീവിച്ച് ഇക്കുറി മികച്ച വരുമാനം നേടാമെന്ന ആത്മവിശ്വാസത്തിലാണ് പ്രസാദ്. ഗുരുവായൂരില്‍ നിന്നും 20വര്‍ഷം മുന്‍പാണ് പരവൂരില്‍ എത്തി ഇദ്ദേഹം പപ്പട നിര്‍മ്മാണശാല ആരംഭിച്ചത്. പരമ്പരാഗത രീതിയും യന്ത്രവത്കൃത രീതിയും സമന്വയിപ്പിച്ചു കൊണ്ടാണ് പ്രസാദ് പപ്പടം നിര്‍മിക്കുന്നത്. മഴ തോരാതെ നില്‍ക്കുന്നത് നിര്‍മാണത്തെ ബാധിക്കുന്നതായി പ്രസാദ് പറഞ്ഞു.
ഉഴുന്നുപൊടിയും നല്ലെണ്ണയും ഉപ്പും പപ്പടക്കാരവും പൂളപ്പൊടിയുമാണ് പ്രധാന അസംസ്കൃതവസ്തുക്കള്‍. തൃശ്ശൂര്‍, വയനാട് എന്നിവിടങ്ങളില്‍നിന്നും കേരളത്തിനുപുറത്ത് കോയമ്പത്തൂരില്‍നിന്നുമാണ് പ്രധാനമായും ഇവയെത്തുന്നത്. പരമ്പരാഗത നിര്‍മാണ രീതിയില്‍നിന്നുമാറി ആധുനിക കാലത്തെ മാറ്റം ഉള്‍ക്കൊള്ളാന്‍ തയ്യാറാകാത്ത ആളുകളാണ് രംഗം വിട്ടതെന്നും അല്ലാതെ ന്യൂജന്‍ പപ്പടത്തിന് തകരാറുകള്‍ ഒന്നുമില്ലെന്നുമാണ് മെഷീന്പപ്പട നിര്‍മാതാക്കളുടെ വാദം. യന്ത്രസഹായത്തോടെ നിര്‍മിക്കുന്ന ന്യൂജന്‍ പപ്പടങ്ങള്‍ വിപണിയില്‍ കാര്യമായ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയിലും ആവശ്യത്തിന് പപ്പടം വിപണിയില്‍ ലഭ്യമാക്കാന്‍ യന്ത്രസഹായം കൂടിയേ തീരൂവെന്നും ഇവര്‍ പറയുന്നു.
യന്ത്രവല്കരണത്തിലേക്ക്
നാവില്‍ സ്വാദൂറും പപ്പടരുചി സമ്മാനിച്ചിരുന്ന പരമ്പരാഗത നിര്‍മാതാക്കളില്‍ പലരും ഇപ്പോള്‍ രംഗത്തില്ല. കൈകൊണ്ടു മാവ് പാകപ്പെടുത്തി പരത്തി ഉണക്കിയാണ് പരമ്പരാഗത നിര്‍മാണശൈലിയില്‍ എട്ടുമണിക്കൂര്‍കൊണ്ട് ഒരാള്‍ക്ക് ഏകദേശം 2000 പപ്പടമേ ഉണ്ടാക്കാനാകൂ. എന്നാല്‍ മേഖലയിലെ ആധുനിക യന്ത്രങ്ങളുടെ കടന്നുവരവ് നിര്‍മാണം ഗണ്യമായി വര്‍ധിപ്പിച്ചു. ന്യൂജന്‍ പപ്പടങ്ങള്‍ വന്‍ വിലക്കുറവില്‍ വിപണി കീഴടക്കിയപ്പോള്‍ നിസ്സഹായരായി നോക്കിനില്‍ക്കാനേ പരമ്പരാഗത നിര്മാതാക്കള്ക്കായുള്ളൂ. വില കുറവെന്ന ആകര്‍ഷണത്തില്‍ ആളുകള്‍ ന്യൂജന്‍ പപ്പടത്തിന് പിറകെപോയതോടെ ഇവരുടെ വരുമാനം കുത്തനെ ഇടിഞ്ഞു. ഇതോടെ വര്‍ഷങ്ങളായി ചെയ്തുവന്നിരുന്ന തൊഴില്‍മേഖലയോട് പലരും വിടപറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: