കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. കൊച്ചിന്‍ ഷിപ്പിയാര്‍ഡില്‍ വെച്ച് നടന്ന പ്രൗഢഗംഭീര ചടങ്ങിലാണ് പ്രതിരോധ സേനയ്‌ക്ക് കൂടുതല്‍ കരുത്തേകുന്ന കപ്പല്‍ അദ്ദേഹം സമര്‍പ്പിച്ചത്. കേരളത്തിന്റെ പുണ്യഭൂമിയില്‍ നിന്ന് ഒരു പുതിയ സൂര്യോദയമാണ് നടന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷ രാജ്യസുരക്ഷയ്‌ക്ക് ഏറെ നിര്‍ണായകമാണ്. ശക്തമായ ഇന്ത്യയാണ് ലോകത്തിന് ഇപ്പോള്‍ ആവശ്യം. ശക്തമായ ഇന്ത്യയുടെ ശക്തമായ ചിത്രമാണിത്. നാവിക സേനയ്‌ക്ക് കരുത്തും ആത്മവിശ്വാസം വര്‍ധിച്ചിരിക്കുകയാണ്. വിക്രാന്ത്ര് വിശിഷ്ടവും വിശാലവും വിശ്വസവുമാണെന്നും മോദി വ്യക്തമാക്കി.
വിക്രാന്ത് നമ്മുടെ അഭിമാനമാണ്. ഐഎന്‍എസ് വിക്രാന്ത് വെറും ഒരു വിമാനവാഹിനി കപ്പല്‍ അല്ല പരിശ്രമത്തിന്റെയും പ്രതിബന്ധതയുടെയും പ്രതീകമാണ്. ഓരോ ഭാരതീയന്റെയും അഭിമാനത്തിന്റെ പ്രതീകമാണ്. വെല്ലുവിളി എത്ര ദുഷ്‌കരമാണങ്കിലും അതിജീവിക്കാന്‍ കഴിയുമെന്നതിന് തെളിവ് കൂടിയാണ് വിക്രാന്ത് എന്ന് അദ്ദേഹം പറഞ്ഞു.
നാവിക സേനയുടെ പുതിയ പതാകയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. നാവിക സേനയ്‌ക്ക് ലഭിച്ച പുതിയ പതാക അഭിമാന നേട്ടമാണെന്നും നാവികസേന മേധാവി പറഞ്ഞു. സ്വയംപര്യാപ്തതയുടെ പ്രതീകമാണിതെന്ന് ചടങ്ങില്‍ സംസാരിച്ചുകൊണ്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. വിക്രാന്ത് രാജ്യത്തിന് മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ , മുഖ്യമന്ത്രി പിണറായി വിജയന്‍, ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനൊവാള്‍ എന്നിവര്‍ ഐഎന്‍എസ് വിക്രാന്തിന്റെ കമ്മീഷനിംഗ് ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: