കൊച്ചി: രാജ്യം തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിക്കുന്നു. കൊച്ചി കപ്പല്‍ശാലയില്‍ കപ്പലിന്റെ ക്വാര്‍ട്ടര്‍ ഡെക്കില്‍ പ്രധാനമന്ത്രി പുതിയ നാവികസേന പതാക ഉയര്‍ത്തി സല്യൂട്ട് ചെയ്യുന്നതോടെ വിക്രാന്ത് ഇന്ത്യന്‍ നാവികസേനയുടെ യുദ്ധസാമഗ്രിയാകും. രാജ്യത്തിന്റെ പുതിയ നാവിക പതാകയും ചടങ്ങില്‍ അദ്ദേഹം അനാച്ഛാദനം ചെയ്യും. നാവികസേനയിലെയും കപ്പല്‍ശാലയിലെയും ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം ഇന്ത്യയിലെ റഷ്യന്‍ അംബാസിഡര്‍ ഡെനിസ് അലിപോവും ചടങ്ങിനു സാക്ഷ്യം വഹിക്കാനുണ്ട്. രാവിലെ ഒമ്പതോടെ പ്രധാനമന്ത്രി കൊച്ചിന് ഷിപ്പിയാര്‍ഡില്‍ എത്തി. തുടര്‍ന്ന് നാവികസേന അംഗങ്ങള്‍ പ്രധാനമന്ത്രി ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി. തുടര്‍ന്നാണ് ഉദ്ഘാടന ചടങ്ങ്.
വിക്രാന്തിന്റെ നിയുക്ത കമാന്‍ഡിങ് ഓഫിസര്‍ കമ്മഡോര്‍ വിദ്യാധര്‍ ഹര്‍കേ വാറന്റ് വായിച്ചതോടെ ചടങ്ങ് തുടങ്ങി. പിന്നീട് പ്രധാനമന്ത്രി കപ്പലിന്റെ ഫോക്സല്‍ എന്ന മുന്‍ഭാഗത്ത് ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്നാണ് നാവികസേന പതാക ഉയര്‍ത്തി സല്യൂട്ട് ചെയ്യുന്നത്. ഈ ചടങ്ങ് കഴിയുമ്പോള്‍ രാജ്യത്തെ എല്ലാ നാവികസേനാ കപ്പലുകളിലും കൊളോണിയല്‍ ചിഹ്നങ്ങള്‍ ഉള്ള പഴയ പതാക മാറ്റി പുതിയത് ഉയര്‍ത്തും. അഞ്ച് കടല്‍ പരീക്ഷണങ്ങള്‍ കഴിഞ്ഞ കപ്പല്‍ ഇന്നു നാവികസേനയ്ക്കു കൈമാറിയ ശേഷം വിമാനങ്ങള്‍ ഇറക്കുന്നതിനും ടേക്ക് ഓഫ് ചെയ്യുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ആദ്യ വിമാനം അടുത്ത മാസം ഇറക്കും. രണ്ടു വര്‍ഷംകൊണ്ടേ പൂര്‍ണമായി പ്രവര്‍ത്തനസജ്ജമാവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: