തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമയുണ്ടാക്കാൻ ലൈസൻസ് നിർബന്ധമാക്കി. ഇനി മുതൽ ലൈസൻസില്ലാതെ ഷവർമ വിൽപന നടത്തിയാൽ 5 ലക്ഷം രൂപ വരെ പിഴയും 6 മാസം വരെ തടവും ലഭിക്കുമെന്ന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു. ഷവര്‍മയിലൂടെ ഭക്ഷ്യവിഷബാധ വ്യാപകമാകുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടി.
എല്ലാ ഭക്ഷ്യ വസ്തുക്കളും തയാറാക്കുന്നതിന് ഫുഡ് സേഫ്റ്റിയുടെ ലൈസന്‍സ് വേണമെന്ന നിര്‍ദേശമാണ് ഷവര്‍മയുടെ കാര്യത്തിലും ബാധകമാകുന്നത്. എഫ്എസ്എസ്എഐ അംഗീകാരമുള്ള വ്യാപാരികളിൽ നിന്നു മാത്രമേ ഷവർമ തയാറാക്കാനുള്ള ഉത്പന്നങ്ങൾ വാങ്ങാവൂ. വൃത്തി ഹീനമായ സാഹചര്യത്തില്‍ ഷവര്‍മ പാകം ചെയ്യരുതെന്നും പാചകക്കാരനും വിതരണക്കാരനും മെഡിക്കല്‍ ഫിറ്റ്നസ് സര്ട്ടിഫിക്കറ്റുണ്ടാകണമെന്നും ആരോഗ്യവകുപ്പ് ഉത്തരവില്‍ പറയുന്നു. ഭക്ഷണമുണ്ടാക്കുന്നവർ ഹെയർ ക്യാംപും ഗ്ലൗസും ധരിക്കണം. തൊഴിലാളികൾക്ക് കൃത്യമായ പരിശീലനം നൽകണമെന്നും മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഷവർമ നിർമാണത്തിന് ഉപയോഗിക്കുന്ന സ്റ്റാൻഡ് വൃത്തിയുള്ളതും പൊടിപിടിക്കാത്തതും ആയിരിക്കണം. ഇറച്ചി മുറിക്കാൻ വൃത്തിയുള്ള കത്തികൾ ഉപയോഗിക്കണമെന്നുിം നിർദ്ദേശത്തിൽ പറയുന്നു. പച്ചക്കറി ഉപയോഗിക്കുന്നതിനും കടുത്ത നിബന്ധനയുണ്ട്. ബ്രഡിലും കുബ്ബൂസിലും ഉപയോഗ കാലാവധി രേഖപ്പെടുത്തുന്ന സ്റ്റിക്കറുകൾ ഉണ്ടാകണം. ചിക്കൻ 15 മിനിട്ടും ബീഫ് 30 മിനിട്ടും തുടർച്ചയായി വേവിക്കണം. അരിയുന്ന ഇറച്ചി വീണ്ടും വേവിച്ചെന്ന് ഉറപ്പാക്കണം.
ബീഫ് 71 ഡിഗ്രി സെൽഷ്യസിൽ 15 സെക്കൻഡും കോഴിയിറച്ചി 74 ഡിഗ്രി സെൽഷ്യസിൽ 15 സെക്കൻഡും രണ്ടാമത് വേവിക്കണം. പാസ്റ്ററൈസ്ഡ് മുട്ട മാത്രമേ മയണൈസ് നിർമാണത്തിന് ഉപയോഗിക്കാവൂ. മയണൈസ് പുറത്തെ താപനിലയിൽ 2 മണിക്കൂറിലധികം വയ്ക്കാൻ പാടില്ല. ഉപയോഗിച്ച ശേഷം ബാക്കിവരുന്ന മയണൈസ് 4 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കണം. ഇത് 2 ദിവസത്തിന് ശേഷം ഉപയോഗിക്കാൻ പാടില്ലെന്നാണ് നിർദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: