തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. 10 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്.
കടല്‍ക്ഷോഭ സാധ്യത കണക്കിലെടുത്ത് കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് ഏര്‍പ്പെടുത്തി. നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ മീങ്കര ഡാമിന്റെ ഒരു സ്പില്‍വേ ഷട്ടര്‍ ഉച്ചയ്ക്ക്ശേഷം തുറക്കുമെന്നും മുന്നറിയിപ്പുണ്ട്.
വെള്ളിയാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി എന്നിവിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത 24 മണിക്കൂറില്‍ 64.5 എംഎം മുതല്‍ 115.5 എംഎം വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അര്‍ത്ഥമാക്കുന്നത്. ചില ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് ആണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: