ന്യൂദല്‍ഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എന്‍ഐഎ. വ്യാജ കറന്‍സി കേസിലാണ് നടപടി.
ഇന്ത്യ കണ്ട ഏറ്റവും വലിയ കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമിനെ കണ്ടെത്താന്‍ വേണ്ടിയാണ് എന്‍ഐഎയുടെ ഇപ്പോഴത്തെ നടപടി. നിലവില്‍ പാക്കിസ്ഥാനിലും ദുബായിയിലുമായി ദാവൂദ് ഇബ്രാഹിമിന് വ്യാപാര ബന്ധങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡി കമ്പനിയുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ആയുധം കടത്തിയതിനും, സ്ഫോടകവസ്തുക്കളും മയക്കുമരുന്നുകളും സൂക്ഷിച്ചതിന്, വ്യാജ കറന്‍സി കേസിലുമാണ് ദാവൂദിനും കൂട്ടാളികള്‍ക്കുമെതിരെ എന്‍ഐഎ പിടിമുറുക്കുന്നത്.
ദാവൂദ് ഇബ്രാഹിമിന് 25 ലക്ഷം രൂപയും, ഛോട്ടാ ഷക്കീലിന് 20 ലക്ഷം രൂപയും അനീസ്, ചിക്ന , മേമന് എന്നിവര്‍ക്ക് 15 ലക്ഷം രൂപ വീതവുമാണ് ഏജന്‍സി പ്രഖ്യാപിച്ചതെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഫെബ്രുവരിയിവാണ് ദാവൂദ് ഇബ്രാഹിമിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. എന്‍ഐഎ സ്പെഷ്യല്‍ യൂണിറ്റ് ആണ് കേസെടുത്തത്. ഈ കേസുമായി ബന്ധപ്പെട്ട് 25 ഇടങ്ങളിലാണ് എന്‍ഐഎ ഇതുവരെ റെയ്ഡ് നടത്തിയത്.
പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമാക്കി, 1993ലെ മുംബൈ സ്ഫോടന പരമ്പര ഉള്‍പ്പെടെ, ഇന്ത്യയിലെ നിരവധി ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് ഇബ്രാഹിമിന്റെ തലയ്ക്ക് 2003ല്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ 25 മില്യണ്‍ ഡോളര്‍ ഇനാം പ്രഖ്യാപിച്ചിരുന്നു.
ലഷ്കര്‍ ഇ ത്വയ്ബ തലവന്‍ ഹാഫിസ് സയീദ്, ജെയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹര്‍, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ സ്ഥാപകന്‍ സയ്യിദ് സലാഹുദ്ദീന്, അദ്ദേഹത്തിന്റെ അടുത്ത സഹായി അബ്ദുള്‍ റൗഫ് അസ്ഗര്‍ എന്നിവര്‍ക്കൊപ്പം ദാവൂദിനെയും ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: