കണ്ണൂര്‍: തമിഴ്നാട് സ്വദേശിയായ സ്ത്രീയെ കണ്ണൂരിൽ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ജോലി വാഗ്ദാനം നൽകി ഒപ്പം കൂടിയവരാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ജ്യൂസിൽ മരുന്ന് നൽകി അബോധാവസ്ഥയിലാക്കിയ ശേഷമാണ് യുവതിയെ സംഘം പീഡിപ്പിച്ചതെന്നാണ് പോലീസ് നൽകുന്ന സൂചന.
സംഭവത്തിൽ കാഞ്ഞങ്ങാട് സ്വദേശിയായ വിജേഷ് (28), തമിഴ്നാട് സ്വദേശി മലര്(26) എന്നിവരേയും കണ്ടാലറിയാവുന്ന മറ്റൊരാളേയും പ്രതി ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്. പ്രതികൾക്കായി കണ്ണൂര്‍ സിറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു. ആഗസ്റ്റ് 27 ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ചാലക്കുന്നില്‍ നില്‍ക്കുകയായിരുന്ന യുവതിയെ ജോലി ആവശ്യാർഥമെന്ന് വിശ്വസിപ്പിച്ച് മൂന്നംഗ സംഘം ഓട്ടോയില്‍ കൂട്ടി ക്കൊണ്ടുപോവുകയായിരുന്നു.
ജോലി കഴിഞ്ഞ് വൈകീട്ട് ഓട്ടോയില്‍ തിരിച്ചുകൊണ്ടുവിടുന്നതിനിടെ മഴ കാരണം സമീപത്തെ ക്വാർട്ടേഴ്സിലേക്ക് പോയിരുന്നു. ഇവിടെവെച്ച് പ്രതികൾ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നൽകി. പിറ്റേന്ന് രാത്രിവരെ യുവതിയെ ഇവിടെ പാര്‍പ്പിച്ച സംഘം കടന്നുകളഞ്ഞതായും പരാതിയിൽ പറയുന്നു. യുവതിയുമായി നേരത്തെ പരിചയമുള്ളവരാണ് ഇതിനു പിന്നിലെന്നും ഇവരുടെ താമസസ്ഥലം പൂട്ടിയിട്ട നിലയിലാണെന്നും ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: