ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ സുരക്ഷാ വീഴ്ച. ക്ഷേത്ര നടയില്‍ ബൈക്കുമായെത്തി യുവാവ് നടത്തിയ പരാക്രമം കണ്ട് ഭക്തര്‍ ചിതറിയോടി. അമിത വേഗതയില്‍ ബൈക്ക് ഓടിച്ച കണ്ടാണശേരി ആളൂര്‍ പാറമ്പുള്ളി വീട്ടില്‍ സുബ്രഹ്മണ്യന് മകന് പ്രണവ് (31)വിനെപോലീസ് പിടികൂടി. യുവാവ് കിഴക്കേ ഗോപുരം വരെ ബൈക്കില്‍ എത്തിയാണ് അഭ്യാസം കാട്ടിയത്. തുടര്‍ന്ന് ബൈക്കും പോലീസ് കസ്റ്റഡിയില്‍ എടുത്തു.
ചൊവ്വാഴ്ച രാത്രി അത്താഴ പൂജയ്ക്ക് ശേഷമായിരുന്നു സംഭവം. കിഴക്കേ നടയില്‍ നിന്ന് അമിത വേഗത്തില്‍ എത്തിയ ബൈക്ക് ദീപ സ്തംഭം വരെയെത്തുകയായിരുന്നു. ബാരിക്കേഡ് കണ്ടതോടെ തെക്കേ നടപ്പന്തലിലേക്ക് തിരിഞ്ഞു. തുടര്‍ന്ന് കൂവളത്തിന് സമീപത്തു കൂടെ പടിഞ്ഞറെ നടയിലെത്തി. പടിഞ്ഞാറേ നടപ്പന്തലിലൂടെ ബൈക്കുമായി പാഞ്ഞെങ്കിലും പന്തലിന്റെ പടിഞ്ഞാറേ അറ്റത്തുള്ള ബാരിക്കേഡ് കാരണം പുറത്തേക്ക് കടക്കാന്‍ കഴിഞ്ഞില്ല. അപ്പോഴേക്കും ഓടിയെത്തിയ ക്ഷേത്രം സുരക്ഷാ ജീവനക്കാരും പോലീസും ഇയാളെ പിടികൂടി. ക്ഷേത്രത്തിനു കനത്ത സുരക്ഷ ഉണ്ടായിട്ടും ഇയാള്‍ എങ്ങനെയാണ് ബൈക്കുമായി ക്ഷേത്രത്തില്‍ എത്തിയതെന്ന അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: