തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തില്‍ 10 ദിവസത്തെ ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി. സഞ്ചാരികളെ വരവേല്‍ക്കാന്‍ എല്ലാ ദിവസവും ആഭ്യന്തര, രാജ്യാന്തര ടെര്‍മിനലുകളില്‍ പൂക്കളങ്ങള്‍ ഒരുക്കും. പൂക്കളങ്ങള്‍ ഒരുക്കാന്‍ യാത്രക്കാര്‍ക്കും അവസരമുണ്ട്. വിവിധ വകുപ്പുകളുടെ കീഴില്‍ വ്യത്യസ്തമായ പരിപാടികളും ഒരുക്കുന്നുണ്ടെന്ന് തിരുവനന്തപുരം വിമാനത്താവള അധികൃതര്‍ അറിയിച്ചു.
ഇന്നലെ ഓപ്പറേഷന് വിഭാഗത്തിന്റെ നേതൃത്വത്തില്‍ തിരുവാതിരക്കളിയും വടംവലിയും ഉറിയടിയും ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടന്നു. എയര്‍ ഇന്ത്യ സാറ്റ്സിന്റെ നേതൃത്വത്തിലും കലാ, കായിക പരിപാടികള്‍ സംഘടിപ്പിച്ചു. ഇന്ന് വിമാനത്താവളത്തിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ സംഗീത പരിപാടി അരങ്ങേറും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശിങ്കാരിമേളവും മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങിയ നൃത്ത ഇനങ്ങളും സംഘടിപ്പി്കുന്നതായി. നാലിന് സായി ഗ്രാമത്തിലെ അന്തേവാസികള്‍ വിമാനത്താവളത്തില്‍ ഓണം ആഘോഷിക്കാന്‍ എത്തും. അഞ്ചിന് എയര്‍പോര്‍ട്ട് അതോറിറ്റിയിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും. ആറിന് വിമാനത്താവളത്തിലെ കൊമേഴ്സ്യല്‍ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആയിരിക്കും കലാപരിപാടികള്‍. ഏഴിനും എട്ടിനും യാത്രക്കാര്‍ക്ക് ആശംസകളും സമ്മാനങ്ങളുമായി ‘മഹാബലി’ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: