ന്യൂദല്‍ഹി: ഇന്ത്യന്‍ നാവികസേനയുടെ ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പല്‍ (ഐഎസി) ‘വിക്രാന്ത്’ സപ്തംബര്‍ രണ്ടിന് കമ്മീഷന്‍ ചെയ്യും. ഈ സുപ്രധാന അവസരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയാകും. ഇന്ത്യയില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും വലിയ യുദ്ധക്കപ്പലാണ് വിക്രാന്ത്. ഇന്ത്യന്‍ നാവികസേനയ്‌ക്ക് വേണ്ടി തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ച ആദ്യത്തെ വിമാനവാഹിനിക്കപ്പല്‍ കൂടിയാണിത്.
ഇന്ത്യന്‍ നാവികസേനയുടെ ആഭ്യന്തര സ്ഥാപനമായ വാര്‍ഷിപ്പ് ഡിസൈന്‍ ബ്യൂറോ (ഡബ്ലുഡിബി) രൂപകല്പന ചെയ്തത്, തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ കപ്പല്‍ശാലയായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ് (സിഎസ്എല്‍) നിര്‍മ്മിച്ചതാണ് ഇത്. 1971ലെ യുദ്ധത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ഇന്ത്യയുടെ ആദ്യത്തെ വിമാനവാഹിനിക്കപ്പലിന്റെ ഓര്‍മയ്‌ക്കായാണ് ഈ തദ്ദേശീയ വിമാനവാഹിനിക്കപ്പലിന് നാമകരണം ചെയ്തിരിക്കുന്നത്.
‘വിക്രാന്ത്’ എന്നാൽ വിജയി, ധീരൻ എന്നാണ് അർത്ഥം. 2005 ഏപ്രിലിൽ ആചാരപരമായ ചടങ്ങിൽ സ്റ്റീൽ മുറിച്ചു കൊണ്ടാണ് കപ്പലിന്റെ നിർമ്മാണത്തിന് തുടക്കം കുറിച്ചത്. നിർമ്മാണത്തിനാവശ്യമായ ഗുണമേന്മയുള്ള ഉരുക്ക്, ഡിആർഡിഎല്ലിന്റെയും ഇന്ത്യൻ നാവികസേനയുടെയും സഹകരണത്തോടെ SAIL-ൽ വഴി വിജയകരമായി സമാഹരിച്ചു. യുദ്ധക്കപ്പൽ നിർമ്മാണത്തിന് വേണ്ട ഉരുക്കിന്റെ കാര്യത്തിൽ രാജ്യം സ്വയംപര്യാപ്തത കൈവരിച്ചു എന്നതാണ് ഒരു പ്രധാന നേട്ടം. 2009 ഫെബ്രുവരിയിൽ കപ്പലിന്റെ ആധാരം സ്ഥാപിച്ചു. കപ്പൽ നിർമ്മാണത്തിന്റെ ആദ്യ ഘട്ടം 2013 ഓഗസ്റ്റിൽ വിജയകരമായി പൂർത്തിയാക്കി.
262 മീറ്റർ നീളവും 62 മീറ്റർ വീതിയുമുള്ള വിക്രാന്ത് പൂർണ്ണമായി ലോഡുചെയ്യുമ്പോൾ ഏകദേശം 43,000 ടൺ അളവ് സ്ഥാനഭ്രംശം വരുത്തുന്നു. 7,500 NM ദൂരത്തിൽ (endurance) രൂപകൽപ്പന ചെയ്ത കപ്പലിന്റെ പരമാവധി വേഗത 28 നോട്ട് (knots) ആണ്. 1600-ഓളം വരുന്ന ജീവനക്കാർക്കായി കപ്പലിൽ ഏകദേശം 2200 കംപാർട്ട്‌മെന്റുകളുണ്ട്. ഇതിൽ വനിതാ ഓഫീസർമാർക്കും നാവികർക്കും പ്രത്യേക ക്യാബിനുകളും ഉൾപ്പെടുന്നു.
യന്ത്രങ്ങളുടെ പ്രവർത്തനങ്ങൾ, കപ്പൽ നാവിഗേഷൻ, അതിജീവനം എന്നിവയ്‌ക്കായി വളരെ ഉയർന്നതരം യന്ത്രവത്കൃത സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കപ്പൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അത്യാധുനിക മെഡിക്കൽ ഉപകരണ സൗകര്യങ്ങളുള്ള മെഡിക്കൽ കോംപ്ലക്‌സ് ഉൾപ്പെടെ നൂതന ഉപകരണങ്ങളും സംവിധാനങ്ങളും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.
തദ്ദേശീയമായി നിർമ്മിച്ച അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകൾ (എഎൽഎച്ച്), ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റുകൾ (എൽസിഎ-നാവികസേന), മിഗ്-29കെ യുദ്ധവിമാനങ്ങൾ, കമോവ്-31, എംഎച്ച്-60ആർ മൾട്ടി റോൾ ഹെലികോപ്റ്ററുകൾ എന്നിവ ഉൾപ്പെടുന്ന 30 വിമാനങ്ങൾ അടങ്ങുന്ന എയർ വിംഗ് പ്രവർത്തിപ്പിക്കാൻ കപ്പലിന് കഴിയും. ഷോർട്ട് ടേക്ക് ഓഫ് ബട്ട് അറെസ്റ്റഡ് റിക്കവറി (STOBAR) എന്നറിയപ്പെടുന്ന ഒരു പുതിയ എയർക്രാഫ്റ്റ്-ഓപ്പറേഷൻ മാതൃക ഈ കപ്പലിൽ ഉപയോഗിച്ചിരിക്കുന്നു.
2020 നവംബറിൽ ബേസിൻ (basin) പരീക്ഷണങ്ങളുടെ ഭാഗമായി തുറമുഖത്തെ കപ്പലിന്റെ പ്രൊപ്പൽഷൻ ശക്തിയും, ഊര്‍ജ്ജ ഉല്പാദന ഉപകരണങ്ങളുടെയും/സംവിധാനങ്ങളുടെയും ക്ഷമതയും പരീക്ഷിച്ചു. ആഗസ്റ്റ് 21 മുതൽ നാളിതുവരെയുള്ള കടൽ പരീക്ഷണങ്ങളിൽ ഒന്നിലധികം ഘട്ടങ്ങൾ വിക്രാന്ത് വിജയകരമായി പൂർത്തിയാക്കി. വിമാനങ്ങളുടെ സുരക്ഷ ഉൾപ്പെടെയുള്ള കപ്പലിന്റെ പ്രവർത്തന കമാൻഡും നിയന്ത്രണവും നാവികസേനയുടെ പക്കലായിരിക്കുമ്പോൾ, ഫിക്സഡ് വിങ് വിമാനങ്ങളുടെ ഡെക്ക് ഇന്റഗ്രേഷൻ പരീക്ഷണങ്ങളും ഏവിയേഷൻ ഫെസിലിറ്റി കോംപ്ലക്‌സിന്റെ ഉപയോഗവും കപ്പൽ കമ്മീഷൻ ചെയ്തതിന് ശേഷം നടത്തും.
BEL, BHEL, GRSE, Keltron, Kirloskar, L&T, Wartsila India തുടങ്ങിയ പ്രമുഖ വ്യവസായ സ്ഥാപനങ്ങൾ കൂടാതെ 100-ലധികം സൂക്ഷ ചെറുകിട ഇടത്തരം സംരംഭങ്ങൾ നിർമ്മിച്ച ധാരാളം തദ്ദേശീയ ഉപകരണങ്ങളും യന്ത്രസാമഗ്രികളും വിക്രാന്തിലുണ്ട്. കൊച്ചി കപ്പൽ ശാലയിലെ 2000 ഉദ്യോഗസ്ഥർക്കും അനുബന്ധ വ്യവസായങ്ങളിലെ 13,000 ജീവനക്കാർക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം അനുബന്ധ വ്യവസായങ്ങളുടെ വികസനത്തിനും ഈ സ്വദേശിവൽക്കരണ ശ്രമങ്ങൾ കാരണമായി. പദ്ധതിയുടെ തദ്ദേശീയ ഉള്ളടക്കം ഏകദേശം 76% ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: