Categories: Article

ഇരിപ്പിടം അന്തരീക്ഷത്തില്‍

''വിദ്യാലയത്തിലെ ലിംഗസമത്വം: വിവാദമായപ്പോള്‍ തിരുത്തി ഇരിപ്പിടം എന്നവാക്ക് സ്‌കൂള്‍ അന്തരീക്ഷമെന്നാക്കി''

Published by

ഈ വാര്‍ത്ത ഏറെ കൗതുകത്തോടെയാണ് വായിച്ചത്. നാക്കുപിഴക്കാര്‍ വാക്കുകള്‍ തെറ്റിക്കുന്നതും തിരുത്തുന്നതും തിരുത്താതിരിക്കുന്നതും നമ്മുടെ നാട്ടില്‍ സാധാരണമാണ്. ഈ തിരുത്തലിന് കാരണം നാക്കുപിഴയാണോ കൈപ്പിഴയാണോ നയപ്പിഴയാണോ എന്ന് വ്യക്തമല്ല.

സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി, കരട് സമീപനരേഖ പൊതുചര്‍ച്ചയ്‌ക്ക് നല്‍കാന്‍ തയ്യാറാക്കിയ ചോദ്യത്തില്‍ ‘ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒന്നിച്ചുള്ള ഇരിപ്പിടം’ എന്ന ഭാഗത്തിലാണ് തിരുത്തല്‍ വേണ്ടിവന്നത്. ലിംഗസമത്വവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തിന്റെ പശ്ചാത്തലത്തിലാണത്രെ വാക്കിലും വിശേഷണത്തിലും എസ്‌സിഇആര്‍ടിയുടെ തിരുത്തല്‍. ലിംഗഭേദം പരിഗണിക്കാതെ കുട്ടികളെ വിദ്യാലയത്തിലെത്തിക്കാനും ക്ലാസ്മുറികളില്‍ പഠനപ്രവര്‍ത്തനങ്ങള്‍ നല്‍കുമ്പോഴും ഇരിപ്പിട സൗകര്യങ്ങള്‍ ഒരുക്കുമ്പോഴും സമത്വത്തോടെ പ്രവര്‍ത്തിക്കാനും എന്തെല്ലാം ചെയ്യേണ്ടതുണ്ട് എന്നായിരുന്നു ചോദ്യം. ഇതിലെ ‘ഇരിപ്പിട സൗകര്യ’മാണ് ‘സ്‌കൂള്‍ അന്തരീക്ഷ’മാക്കിയത്. വിശാലമായ ക്ലാസ്മുറി, കളിസ്ഥലം തുടങ്ങിവയൊക്കെ വരുന്ന അര്‍ഥത്തില്‍ പദപ്രയോഗത്തില്‍ മാറ്റം വരുത്തുകയാണ് ചെയ്തിട്ടുള്ളതത്രെ.

എന്തായാലും ചെറിയൊരു വാക്കുമാറ്റി വലിയൊരു പ്രശ്‌നം ഞൊടിയിടയില്‍ പരിഹരിച്ചവരെ ഭാഷാസ്‌നേഹികളും പണ്ഡിതരും മാത്രമല്ല, മുഴുവന്‍ മലയാളികളും അഭിനന്ദിക്കാതിരിക്കില്ല. ഒന്നിച്ചുള്ള ഇരിപ്പിടം നഷ്ടപ്പെട്ടാലെന്ത്, കിട്ടാന്‍ പോകുന്നത് ഇരിപ്പിടത്തേക്കാള്‍ ഉയരവും പരപ്പുമുള്ള അന്തരീക്ഷമാണ്. വിശാലമായ ക്ലാസ്മുറി, കളിസ്ഥലം എന്നിവ മാത്രമല്ല എന്തും ‘അന്തരീക്ഷ’ത്തില്‍ ഉള്‍ക്കൊള്ളിക്കാം! സംഭരണശേഷിയില്‍ വന്‍ അണക്കെട്ടുകളെപ്പോലും തോല്പിക്കാന്‍ കെല്പുള്ള പദമാണ് അന്തരീക്ഷം. ക്ലാസ് മുറിയും കളിസ്ഥലവുമൊന്നുമില്ലെങ്കിലും സ്‌കൂള്‍ അന്തരീക്ഷം അവിടെത്തന്നെയുണ്ടാകുമെന്നതാണ് മറ്റൊരു സവിശേഷത.

ഒരു ഇരിപ്പിടവും അന്തരീക്ഷത്തിനൊപ്പമാവില്ല. ഇരിപ്പിടവും കിടപ്പിടവുമില്ലാത്തവര്‍ അന്തരീക്ഷത്തിലേക്ക് നോക്കി നില്‍ക്കുന്നത് കണ്ടിട്ടില്ലേ? പുതിയ പദപ്രയോഗത്തിന് ഇങ്ങനെ ഒട്ടേറെ അര്‍ഥങ്ങളും അര്‍ഥതലങ്ങളുമുണ്ട്!

അങ്ങനെ ഒറ്റ വാക്കുകൊണ്ട് വിദ്യാലയത്തിലെ ലിംഗസമത്വം ഇരിപ്പിടം വിട്ട് അന്തരീക്ഷത്തില്‍ അപ്രത്യക്ഷമായി!

‘ചൊന്നീടുകൊന്നു സംശയിക്കാതെ

മന്നിലെന്തുണ്ടുവാക്കിന്നു മീതെ?”

എന്ന് ചങ്ങമ്പുഴ പാടിയത് വെറുതെയാണോ!

വാര്‍ത്തകളില്‍ നിന്ന്:

‘യഥാര്‍ഥത്തില്‍’ ആവശ്യമില്ല.

”അത്തം ഘോഷയാത്ര

മുന്നൊരുക്കങ്ങള്‍ തുടങ്ങി”

‘ഒരുക്കങ്ങള്‍തുടങ്ങി’ എന്നുമതി. ഒരുക്കം എപ്പോഴും മുന്നിലാണല്ലോ. ‘പിന്നൊരുക്കം’ ഉണ്ടോ?

”മൂന്നുപേരുകളടങ്ങിയ ഒരു പാനലിന്‍ നിന്നും ഒരാളെ വി സിയായി ചാന്‍സലര്‍ നിയമിക്കണം.”

‘ഒരു’ വേണ്ട. ‘നിന്നും’ വേണ്ട. ‘നിന്ന്’ ശരി.

മുഖപ്രസംഗങ്ങളില്‍ നിന്ന്:

”ജാമ്യം നല്‍കുമ്പോള്‍ വയ്‌ക്കുന്ന പ്രധാന ഉപാധി  സാക്ഷികളെ സ്വാധീനിക്കരുതെന്നതാണെങ്കിലും വിപരീതാനുഭവങ്ങള്‍ ഏറെയാണ് വസ്തുത”

‘……. ഏറെയാണെന്നതാണ് വസ്തുത’ എന്നുവേണം.

”പുതിയ ഇന്ത്യയില്‍ ജനാധിപത്യം സ്വേച്ഛാധിപത്യമായും മതനിരപേക്ഷത ഭൂരിപക്ഷമതവാദമായും രൂപാന്തരം സംഭവിച്ചിരിക്കുകയാണ്.”

‘……….. ജനാധിപത്യത്തിന് സ്വേച്ഛാധിപത്യമായും മതനിരപേക്ഷതയ്‌ക്ക് ഭൂരിപക്ഷമതവാദമായും…’ എന്നാണ് വേണ്ടത്.

‘അതിനാല്‍ ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വിശ്വാസമര്‍പ്പിക്കുന്ന എല്ലാ സംഘടനയും വ്യക്തികളും രാഷ്‌ട്രീയപ്രസ്ഥാനങ്ങളും…’

”എല്ലാസംഘടനകളും….’ ശരി.

”അതിനുപുറമെയാണ് മോശം കാലാവസ്ഥകാരണം പല ദിവസങ്ങളിലും കടലില്‍ പോകാനാവാത്തതിനാലുള്ള വറുതിയും കേന്ദ്രസര്‍ക്കാര്‍ മണ്ണെണ്ണയ്‌ക്ക് വന്‍തോതില്‍ വിലകൂടുകയും സംസ്ഥാന സര്‍ക്കാര്‍ അതിനനുസൃതമായി സബ്‌സിഡി കൂട്ടാതിരിക്കുകയും ചെയ്യുന്നതിനുള്ള പ്രയാസവും.”

‘……….. ചെയ്യുന്നതിലുള്ള പ്രയാസവും’ എന്നാവാം ഉദ്ദേശിച്ചത്.

പിന്‍കുറിപ്പ്:

ഭാര്യ: എന്തിനാണ് ഈ ചിതലരിച്ച കൈയെഴുത്തു മാസിക എടുത്തുവച്ചത്? കത്തിച്ചേക്കട്ടെ?

ഭര്‍ത്താവ്: അയ്യോ! അതില്‍ ഞാന്‍ 60 കൊല്ലം മുന്‍പെഴുതിയ കവിതയുണ്ട്. അതെടുത്ത് ഫേസ്ബുക്കിലിടണം.

ഭാര്യ: (ആത്മഗതം) കഷ്ടം!

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by