ഹൈദരാബാദ്: രാഹുല്‍ഗാന്ധിയ്‌ക്കെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ത്തി തെലുങ്കാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജി.എ. ഖാന്‍ രാജിവെച്ചു. രാഹുല്‍ഗാന്ധിക്ക് എങ്ങിനെ പെരുമാറണം എന്നറിയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിക്ക് നേരെ ശക്തമായ വിമര്‍ശനം അഴിച്ചുവിട്ടാണ് ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്. പൊതുജനത്തെ പ്രചോദിപ്പിക്കുന്ന കാര്യത്തില്‍ രാഹുല്‍ഗാന്ധി സമ്പൂര്‍ണ്ണ പരാജയമാണെന്ന് ഖാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനയച്ച കത്തില്‍ വിമര്‍ശിച്ചു.
“കോണ്‍ഗ്രസിന് അതിന്റെ നഷ്ടപ്രതാപം ഒരിയ്‌ക്കലും കണ്ടെടുക്കാന്‍ കഴിയില്ല. രാജ്യത്തെ മുന്നോട്ട് നയിക്കാനും കഴിയില്ല. രാഹുല്‍ ഗാന്ധി വൈസ്പ്രസിഡന്‍റായി സ്ഥാനമേറ്റ ശേഷം പാര്‍ട്ടി അധപതിക്കുകയായിരുന്നു”- അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഗുലാം നബി ആസാദും ഇതേ വിമര്‍ശനം രാഹുല്‍ഗാന്ധിയ്‌ക്കെതിരെ ഉയര്‍ത്തിയിരുന്നു.
“രാഹുല്‍ഗാന്ധിയുടെ ചിന്താഗതി വേറെയാണ്. അത് പാര്‍ട്ടി അംഗങ്ങളുടെയോ ബ്ലോക്ക് തലം മുതല്‍ ബൂത്ത് തലം വരെയോ ഉള്ളവരുടെ ചിന്തകളുമായി ചേര്‍ന്നുപോകില്ല.”- അദ്ദേഹം പറഞ്ഞു.
“തല മുതിര്‍ന്ന നേതാക്കള്‍ കൂടി പാര്‍ട്ടിയില്‍ നിന്നും ഒഴിഞ്ഞുപോകേണ്ട അവസ്ഥയിലേക്ക് കോണ്‍ഗ്രസ് എത്തി. പാര്‍ട്ടിയെ ദശകങ്ങളായി ശക്തിപ്പെടുത്തിയവരാണ് ഒഴിഞ്ഞുപോകുന്നത്. സീനിയര്‍ ആളുകളോട് എങ്ങിനെ പെരുമാറണം എന്ന് രാഹുല്‍ഗാന്ധിയ്‌ക്ക് അറിയില്ല. ഈ സാഹചര്യം കണക്കിലെടുത്ത് പാര്‍ട്ടി പ്രവര്‍ത്തിനങ്ങളില്‍ പങ്കെടുക്കുന്നത് അവസാനിപ്പിക്കാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ല.”- ഖാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനയച്ച കത്തില്‍ പറയുന്നു.
നിരവധി സീനിയര്‍ നേതാക്കളാണ് ഈ ഒരു വര്‍ഷം കോണ്‍ഗ്രസില്‍ നിന്നും വിട്ടുപോയത്. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ചെറുത്തുനില്‍ക്കാന‍് കഴിയാത്ത വിധം കോണ്‍ഗ്രസ് ദുര്‍ബലമായിക്കഴിഞ്ഞു. സെപ്തംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നും കാശ്മീരിലേക്ക് നടത്തുന്ന 148 ദിവസം നീളുന്ന ഭാരത് ജോഡോ യാത്ര തുടങ്ങുംമുന്‍പ് സ്വന്തം പാളയത്തിലെ നേതാക്കളെ തന്നെ നിലനിര്‍ത്താന്‍ സാധിക്കാത്ത സ്ഥിതിയിലാണ് കോണ്‍ഗ്രസ്. ജമ്മു കശ്മീരിലും ഗുലാം നബി ആസാദിന്റെ രാജിക്ക് പിന്നാലെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രാജിവെച്ചേക്കുമെന്നറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: