സംഘപ്രചാരകന്മാരില്‍ സവിശേഷസ്ഥാനമുള്ള ആളായിരുന്നു മാധവജിയെന്ന് ആദരപൂര്‍വം നാമെല്ലാം വിളിച്ചുവന്നിരുന്ന പി. മാധവന്‍. അദ്ദേഹം ഓര്‍മയായിട്ട് മൂന്നര പതിറ്റാണ്ടുകളായി. അതായത് മാധവജിയുമായി നേരിട്ടു പരിചയമുണ്ടായിരുന്നവര്‍ മധ്യവയസ്‌കരായിക്കഴിഞ്ഞുവെന്നര്‍ത്ഥം. അടുത്തറിയുമായിരുന്നവര്‍ വൃദ്ധരും പടുവൃദ്ധരുമാണുതാനും. ഇന്നത്തെ യുവ, മധ്യവയസ്‌ക, പ്രൗഢവിഭാഗത്തില്‍പ്പെടുന്നവര്‍ക്കു മാധവജിയുടെ മഹത്വത്തെക്കുറിച്ചു മനസ്സിലാക്കാനുള്ള മാര്‍ഗങ്ങള്‍ കുറഞ്ഞുവരികയാണ്. പ്രസിദ്ധി പരാങ്മുഖത സംഘത്തിന്റെയും സംഘാംഗങ്ങളുടെയും മുഖമുദ്രമായി കരുതപ്പെട്ടുവന്നു. സംഘസ്ഥാപകനായ ഡോ. ഹെഡ്‌ഗേവാര്‍ മുതല്‍ നേതൃത്വത്തിന്റെ ഓരോ തലത്തിലുമുള്ളവര്‍ ആ പഥ്യം അനുഷ്ഠിച്ചവരായിരുന്നുതാനും. കാലം ചെല്ലവേ സംഘത്തിന്റെ നേരായ കാഴ്ചപ്പാട് കൂടുതലായി ജനങ്ങളിലേക്കും സമാജത്തിന്റെ വിവിധ തലങ്ങളിലേക്കുമെത്തിക്കാന്‍ പ്രസിദ്ധീകരണങ്ങള്‍ ആവശ്യമായിവന്നു. അങ്ങിനെ 1950 കളായപ്പോഴേക്കും മിക്ക ഭാഷകളിലും വാരികകള്‍ ആരംഭിച്ചു. ഇംഗ്ലീഷില്‍ ഓര്‍ഗനൈസര്‍, ഹിന്ദിയില്‍ പാഞ്ചജന്യ, തമിഴില്‍ ത്യാഗഭൂമി, കന്നടയില്‍ വിക്രമ, തെലുങ്കില്‍ ജാഗൃതി, മലയാളത്തില്‍ കേസരി മുതലായി എല്ലാ ഭാഷകളിലും ആവശ്യാനുസൃതമായി പ്രസിദ്ധീകരണങ്ങള്‍ വന്നുതുടങ്ങി. അക്കാലത്ത് മലബാറില്‍ സംഘത്തിന്റെ വ്യാപ്തി താരതമ്യേന കൂടുതലായിരുന്നതിനാല്‍ കോഴിക്കോട്ടുനിന്നാണ് കേസരിയാരംഭിച്ചത്. നമ്മുടെ ഉജ്ജ്വലസ്മരണയില്‍ വിളങ്ങുന്ന പരമേശ്വര്‍ജി കോഴിക്കോട്ടെ പ്രചാരകനായിരുന്നതിനാല്‍ കേസരിയുടെ താളുകള്‍ ഭാവാര്‍ഥസംപുഷ്ടമായി ജനങ്ങളുടെ മുന്നിലെത്തുമായിരുന്നു. ഭാവാത്മക ഹൈന്ദവതയെപ്പറ്റി ചിന്തിക്കുന്ന തലമുറകള്‍ക്ക് എഴുതിത്തെളിയാനുള്ള വേദിയായിത്തീര്‍ന്നു കേസരി.
1940-കളില്‍ മദിരാശി സര്‍വകലാശാലയിലെ ഏറ്റവും മികച്ച വിദ്യാര്‍ഥികളുടെ മുന്‍നിരയിലായിരുന്ന പി. മാധവന്‍ പഠിത്തം കഴിഞ്ഞ് കോഴിക്കോട്ടെത്തിയത് സംഘമാര്‍ഗത്തിലൂടെ ഹിന്ദുസമാജ സേവനത്തിനായി ജീവിതവ്രതമെടുത്തുകൊണ്ടായിരുന്നു. ആദ്യം തലശ്ശേരിയിലും തുടര്‍ന്ന് ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം മുതലായി രാജവാഴ്ചയിലായിരുന്ന തെക്കന്‍ കേരളത്തിലും പ്രചാരകനായിരുന്ന കാലഘട്ടത്തില്‍ അദ്ദേഹം തന്റെ ചിന്തന, വിജ്ഞാന മണ്ഡലത്തെ വികസ്വരമാക്കി.
ഹിന്ദുസമാജത്തിന്റെയും ഹൈന്ദവചിന്തയുടെയും ഉള്ളറകളില്‍ കിടക്കുന്ന തത്വങ്ങളെയും പ്രശ്‌നങ്ങളെയും കണ്ടും തൊട്ടുമറിഞ്ഞ് അവയെ വെളിവാക്കി സാധാരണ സംഘപ്രവര്‍ത്തകനെ അവയില്‍ പ്രബുദ്ധനാക്കുകയെന്ന കൃത്യം അദ്ദേഹം സ്വയം ഏറ്റെടുത്തു. ഏതു കാര്യത്തിന്റെയും അടിവേരുവരെ ചികഞ്ഞു മനസ്സിലാക്കുന്നതു അദ്ദേഹത്തിന്റെ സഹജസ്വഭാവമായിരുന്നു. ആശയവിനിമയങ്ങളും സംവാദങ്ങളും വഴി സ്വന്തം പ്രജ്ഞാശക്തിക്ക് കരുത്തും മൂര്‍ച്ചയും വരുത്തി. അന്‍പതുകളിലേയും അറുപതുകളിലേയും പാണ്ഡിത്യശ്രേഷ്ഠന്മാരെല്ലാം ഇക്കാര്യത്തില്‍ അദ്ദേഹം സമീപിച്ചിരുന്നവരായിരുന്നു. ഹിന്ദുസമാജം സടകുടഞ്ഞെണീറ്റു വന്നതിന്റെ പലപല മിന്നലാട്ടങ്ങളും അദ്ദേഹത്തിന്റെ ചിന്തയ്‌ക്ക് ആക്കം കൂട്ടി. രാമസിംഹന്റെ കുടുംബഛേദവും ഹിന്ദുമഹാമണ്ഡലവും ശബരിമല തീവെപ്പും പയ്യോളി കലാപത്തിനു കാരണമായ സംഭവങ്ങളും മണത്തല സംഭവവുമൊക്കെ അവയില്‍പ്പെടും.
ഗുരുജിയുമായും അദ്ദേഹം സംസാരിക്കുകയുണ്ടായി. ഹൈന്ദവ ഏകതയെ യാഥാര്‍ഥ്യമാക്കാന്‍ വേണ്ടി എന്തെല്ലാമാണ് നാമനുഷ്ഠിക്കേണ്ടത് എന്ന ചിന്തയും അദ്ദേഹത്തിനുണ്ടായി. വിശ്വഹിന്ദുപരിഷത്ത്, ക്ഷേത്രസംരക്ഷണ സമിതി തുടങ്ങിയ പ്രസ്ഥാനങ്ങള്‍ക്ക് ആശയപരമായ ഉള്‍ക്കരുത്ത് സംഘടനാപരമായ ദാര്‍ഢ്യംപോലെതന്നെ അത്യാവശ്യമാണെന്നദ്ദേഹം കണ്ടു. അതിനായി അദ്ദേഹം ധാരാളം ലേഖനങ്ങള്‍ വിവിധ പ്രസിദ്ധീകരണങ്ങളില്‍ പ്രകാശനം ചെയ്തു. പഴയ മാമൂല്‍ അനുസരിച്ചുള്ള അന്ധവിശ്വാസങ്ങള്‍ പോലെതന്നെ അശാസ്ത്രീയവും ആപല്‍ക്കരവുമാണ് പാശ്ചാത്യരെ അന്ധമായി അനുകരിച്ച്, ഭാരതീയത്തനിമയെ അവഹേളിക്കുകയും നിരാകരിക്കുകയും ചെയ്യുന്നതെന്ന് മാധവജിക്കു വ്യക്തമായിരുന്നു. ശ്രീവിദ്യാ ഉപാസനയും തന്ത്രശാസ്ത്രവും മറ്റും പാശ്ചാത്യലോകത്ത് പ്രചരിച്ചുവന്നപ്പോള്‍ അതിനെ ഫാഷനായി കരുതി നടക്കുന്ന നാട്യക്കാരും വളര്‍ന്നുവരുന്നുണ്ടായിരുന്നു. പഞ്ചമകാരങ്ങളുടെ പേരു പറഞ്ഞ് നിയന്ത്രണമില്ലാത്ത അഴിഞ്ഞാട്ടങ്ങളും പ്രചരിച്ചുവന്നു. അതിനെയും മാധവജി വിശകലനം ചെയ്തു. ഉന്നതതലങ്ങളിലുള്ള ബുദ്ധിജീവികള്‍ക്കിടയിലും മാധവജിയുടെ പ്രഭാവം ക്രമേണ പടര്‍ന്നുകയറി. കൊച്ചി സര്‍വ്വകലാശാലയിലെ ഉന്നതന്മാരും, സി.എന്‍. ശ്രീകണ്ഠന്‍നായരെപ്പോലുള്ളവരും തങ്ങളുടെ ചിന്തനസദസ്സുകളില്‍ മാധവജിയുടെ സാന്നിധ്യം പലതവണ അനുഭവിച്ചു. ഏറ്റവും സൗമ്യതയോടെ, ഉറച്ച പദങ്ങളും ദൃഢമായ ആശയങ്ങളുമായി അദ്ദേഹം അവരുടെയൊക്കെ ആദരപാത്രമായി. ഇംഗ്ലീഷിലും മലയാളത്തിലും അതിവിശിഷ്ടമായും പ്രാഗല്‍ഭ്യത്തോടെയും വിഷയാവതരണം നടത്താന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നു.
യോഗം, തന്ത്രം, സാമൂഹ്യം, രാഷ്‌ട്രീയം, രാജനൈതികം, ശാസ്ത്രം, പുരാവസ്തു വിജ്ഞാനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചദ്ദേഹം വിവിധ പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ ഇപ്പോഴും പലയിടങ്ങളിലായി ചിതറിക്കിടക്കുകയാണ്. അവയില്‍ ക്ഷേത്രാരാധനാ വിഷയങ്ങളെ സംബന്ധിച്ചെഴുതിയ ലേഖനങ്ങള്‍ സമാഹരിച്ച് അദ്ദേഹം തയ്യാറാക്കിയ ക്ഷേത്രചൈതന്യരഹസ്യത്തെ ഇന്ന് ഹൈക്കോടതിപോലും പരാമര്‍ശഗ്രന്ഥമാക്കിയിട്ടുണ്ട്.
മാധവജി അന്തരിച്ച്, മൂന്നര ദശാബ്ദമായിട്ടും അദ്ദേഹത്തിന്റെ സമഗ്രമായ ജീവചരിത്രം നമുക്ക് ലഭ്യമായിട്ടില്ല എന്നത് ഖേദകരമാണ്. അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ സമാഹരിക്കാന്‍ ശ്രമം നടക്കുന്നതായറിയുന്നു. എന്നാല്‍ മാധവജി കേരളസുധ എന്ന ശീര്‍ഷകത്തില്‍ ഡോ. ദീപേഷ് വി.കെ രചിച്ച് കോഴിക്കോട്ടെ ശ്രേഷ്ഠാചാരസഭ പ്രസിദ്ധപ്പെടുത്തിയ ഗവേഷണ ഗ്രന്ഥം, പ്രസാധകര്‍ അയച്ചുതന്നത് വായിച്ചപ്പോള്‍ ഉണ്ടായ സന്തോഷവും ആഹ്‌ളാദവും രേഖപ്പെടുത്താതെ വയ്യ. പുസ്തകത്തിലുടനീളം ഗവേഷണ ശൈലിയിലുള്ള പ്രൗഢമായ ഭാഷയാണ് വായിക്കാന്‍ സാധിക്കുന്നതെന്ന കുളിര്‍മയേറിയ അനുഭവമുണ്ടായി. സംഘപ്രവര്‍ത്തനത്തെയും സംഘത്തെയുംപറ്റിയുള്ള താളവും ശൈലിയുമാണല്ലോ സാധാരണ കാണുക. ഇവിടെയാകട്ടെ ഗവേഷണ പ്രബന്ധത്തിന്റെ സ്വരവും ഈണവുമാണ് അനുഭവപ്പെടുന്നത്. കേസരി, ക്ഷേത്രശക്തി, ഹിന്ദുവിശ്വ, ഓര്‍ഗനൈസര്‍ മുതലായ പ്രസിദ്ധീകരണങ്ങള്‍ക്കുവേണ്ടി മാധവജി തയ്യാറാക്കിയ ലേഖനങ്ങളെയാണ് ഡോ. ദീപേഷ് ചര്‍ച്ചക്കു വിഷയമാക്കിയത്. എന്നാല്‍ അവയേക്കാളൊക്കെ ദീര്‍ഘവും ഗഹനമായ ആശയങ്ങള്‍ അടങ്ങുന്നവയുമായ പ്രഗതി എന്ന പ്രസിദ്ധീകരണത്തില്‍ മാധവജി എഴുതിയ ലേഖനങ്ങളെ പഠനവിഷയമാക്കിയത് ശ്രദ്ധിച്ചു.
സ്വാതന്ത്ര്യം കിട്ടി മുക്കാല്‍ നൂറ്റാണ്ടായിട്ടും നമ്മുടെ ചരിത്രപഠനവും ചരിത്രാഖ്യാനവും നിര്‍മിതിയുമെല്ലാം ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ നിര്‍ണയിച്ച ഫോര്‍മുലയെ പിന്തുടര്‍ന്നാണല്ലോ. ലോകചരിത്രത്തില്‍ ഭാരതത്തിനോ ഭാരതചരിത്രത്തില്‍ കേരളത്തിനോ നല്‍കപ്പെട്ട സ്ഥാനവും പ്രാധാന്യവും എത്രയും ശുഷ്‌കമാണല്ലോ. ഭാരതചരിത്രരചനയിലെ പ്രശ്‌നങ്ങളും നിര്‍ദ്ദേശങ്ങളും പ്രഗതിയിലെ ലേഖനങ്ങളുടെ വെളിച്ചത്തില്‍ ഡോ. ദീപേഷ് അക്കമിട്ടു നിരത്തുന്നുണ്ട്. അതിനു ജില്ലകള്‍തോറും ചരിത്രനിര്‍മാണസമിതികള്‍ വേണമെന്നുതന്നെയല്ല, സമഗ്രമായ ഒരു കര്‍മപരിപാടിയും നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു.
സംഘത്തിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതിഹാസസങ്കലന സമിതി രൂപീകരിച്ചിരുന്നു. കേരളത്തില്‍ അതിന്റെ പ്രവര്‍ത്തനം കാര്യമായി നടന്നില്ല. ചരിത്രരചനാരീതിയെക്കുറിച്ച് ഭാരതചരിത്രരചനയിലെ പ്രശ്‌നങ്ങളും പരിഹാരങ്ങളും എന്ന പ്രബന്ധം 1979 ല്‍ മാധവജി പ്രഗതിയില്‍ എഴുതിയിരുന്നു. ശാസ്ത്രീയയുക്തി എന്നത് വികസ്വരമാണെന്നും, അതില്‍നിന്ന് ബഹുദൂരം സഞ്ചരിച്ചുപൊയ്‌ക്കൊണ്ടിരിക്കുന്ന സചേതനവും വികസിതവുമായ അവസ്ഥയാണ് ഹിന്ദുത്വമെന്നും യുക്തിയുക്തം പറഞ്ഞുവെച്ച മാധവജിയുടെ ചിന്താധാര ഇന്നും കേരളീയ സമൂഹത്തിന് അമൃതവര്‍ഷംതന്നെയാണ്. അതുകൊണ്ടുതന്നെയാണ് ഈ അന്വേഷണത്തിന് മാധവകേരളസുധ എന്ന പേര്‍ വന്നതുമെന്ന് ഡോ. ദീപേഷ് പറയുന്നു.
മാധവജിയെക്കുറിച്ച് ഇനിയും ഏതാനും പുസ്തകങ്ങള്‍ വരാനുണ്ടെന്നും അവ മാധവജി എഴുതിയതും മാധവജിയെപ്പറ്റി എഴുതപ്പെട്ടവയുമാണെന്നാണ് മനസ്സിലാകുന്നത്. മുപ്പത്തിനാലു കൊല്ലക്കാലം ഊഷരമായിക്കിടന്ന ആ സാഹിത്യരംഗം ആ മനീഷിയുടെ നൂറ്റാണ്ട് പിറന്നാള്‍ വേളയില്‍ തളിര്‍ക്കുമെങ്കില്‍ അതു സന്തോഷകരംതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: