തിളക്കം എന്ന ചിത്രത്തിലെ എന്ന തവം സെയ്തനേ… എന്ന പാട്ടിലെ കുഞ്ഞു ശബ്ദം തിരിച്ചറിഞ്ഞതോടെയാണ് പെരിന്തല്‍മണ്ണ സ്വദേശിയായ നിമിഷ കുറുപ്പത്ത് എന്ന ഗായികയെ സംഗീത സ്നേഹികള്‍ ശ്രദ്ധിക്കുന്നത്്. പതിനൊന്ന് വയസ്സായിരുന്നു അന്ന് നിമിഷയ്ക്ക്. ഹിന്ദുസ്ഥാനി സംഗീതജ്ഞനായ പണ്ഡിറ്റ് രമേശ് നാരായണന്റെ അഭിപ്രായത്തിലാണ് മഞ്ചേരിയിലെ നളിന്‍ മുള്‍ജി എന്ന ഗുജറാത്തുകാരനായ ഗുരുവിന്റെ കീഴില്‍ ഹിന്ദുസ്ഥനി സംഗീതം പഠിക്കാനൊരുങ്ങുന്നത്. ഗോവ സര്‍വ്വകലാശാലയില്‍ നിന്ന് ഹിന്ദുസ്ഥാനി സംഗീതത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ബിപിഎയിലും എംപിഎയിലും വായ്പാട്ടില്‍ ഒന്നാം റാങ്ക് ലഭിച്ചു. എംപിഎയ്ക്കുള്ള ഒന്നാം റാങ്ക് അന്നത്തെ രാഷ്്രടപതി പ്രണബ് മുഖര്‍ജിയില്‍ നിന്ന് ഏറ്റുവങ്ങാന്‍ കഴിഞ്ഞത് ജീവിതത്തിലെ അഭിമാനകരമായ നേട്ടമായി നിമിഷ കരുതുന്നു. ഇതിലൂടെ ജീവിതം മുഴുവന്‍ സംഗീതത്തില്‍ മുഴുകാനുള്ള ഊര്‍ജ്ജം ലഭിച്ചു നിമിഷയ്ക്ക്. പ്രായോഗിക തലത്തിലും താത്ത്വിക തലത്തിലും അഗാധമായ പാണ്ഡിത്യം നിമിഷയുടെ ആലാപനത്തില്‍ നിന്ന് വ്യക്തമാകും. യുജിസി, നെറ്റ് പരീക്ഷകള്‍ പാസ്സായ നിമിഷയ്ക്ക് അധികം വൈകാതെ ഗോവ സര്‍വ്വകലാശാലയില്‍ ഗസ്റ്റ് ലക്ചറായി നിയമനവും ലഭിച്ചു.
മൂന്നാം വയസ്സില്‍ ശ്രീദേവി ടീച്ചറുടെ കീഴില്‍ സംഗീതത്തിന്റെ ആദ്യാക്ഷരങ്ങള്‍ കുറിച്ച നിമിഷ, സത്യഭാമ, മങ്കട ദാമോദരന്‍ എന്നിവരുടെ കീഴിലും കര്‍ണ്ണാടക സംഗീതം അഭ്യസിച്ചു. കേരളത്തിനകത്തും പുറത്തുമായി നിരവധി മത്സരങ്ങളില്‍ പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്. 2010 ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയില്‍ ശ്രദ്ധ നേടിയിരുന്നു. വിധികര്‍ത്താക്കളുടെയും ആസ്വാദകരുടെയും മികച്ച പ്രതികരണമാണ് അന്ന് ലഭിച്ചത്.
സംഗീത പാരമ്പര്യമുള്ള അമോന്‍കര്‍ കുടുംബത്തിലെ പ്രശസ്തയായ പ്രചല അമോന്‍കറുടെ കീഴിലെ ഹിന്ദുസ്ഥാനി സംഗീത പഠനം നിമിഷയുടെ സംഗീത സങ്കല്പങ്ങളെ മാറ്റിമറിച്ചു. അത് വിവിധ ഭാഷകളില്‍ പാടാനുള്ള കരുത്തേകി. ഗുരുവിന്റെ പ്രോത്സാഹനം കൊണ്ട് രക്തയുഗ് എന്ന കൊങ്കണി സിനിമയില്‍ പാടാന്‍ സാധിച്ചു. തുടര്‍ന്ന് കന്നട, തെലുങ്ക്, ഉറുദു എന്നീ ഭാഷാ സിനിമകളിലും പാടാനുള്ള അവസരം കൈവന്നു. അതോടെ കൊങ്കണി ഭാഷ അനായാസമായി സംസാരിക്കാനും നിമിഷ പഠിച്ചു. പിന്നീട് മറാത്തിയടക്കം പത്തോളം ഇന്ത്യന്‍ ഭാഷകളിലെ ഗാനങ്ങള്‍ നിമിഷയുടെ സ്വരമാധുരിയിലൂടെ ഒഴുകി.
കുട്ടിക്കാലം മുതലേ സംഗീതസ്വപ്നങ്ങളിലാണ് നിമിഷ ജീവിച്ചത്. എട്ടാം വയസ്സിലാണ് ആദ്യമായി ശബ്ദം റെക്കോര്‍ഡു ചെയ്യപ്പെടുന്നത്. എസ്.രമേശന്‍നായര്‍, ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി എന്നിവരുടെ ഭക്തിഗാനങ്ങളും, ഒ.എം. കരുവാരക്കുണ്ട്, ബാപ്പു വെള്ളിപ്പറമ്പ് എന്നിവരുടെ മാപ്പിളപ്പാട്ടുകളുമടക്കം മുന്നൂറിലേറെ ആല്‍ബങ്ങളില്‍ നിമിഷ പാടിക്കഴിഞ്ഞു. മധുബാലകൃഷ്ണന്, ബിജുനാരായണന്, ഗണേശ് സുന്ദരം, ചെങ്ങന്നൂര്‍ ശ്രീകുമാര്‍, സുധീപ്കുമാര്‍, കല്ലറ ഗോപന് എന്നീ പ്രശസ്തര്‍ക്കൊപ്പം പാടാന്‍ കഴിഞ്ഞത് സനിമയിലേക്കുള്ള അവസരങ്ങളുടെ വാതില്‍ തുറക്കലായിരുന്നു. ഈ അടുത്ത് റിലീസായ ഉടുമ്പ് എന്ന മലയാള ചിത്രത്തിലെ ഈ മഴയില്‍… ഗാനത്തിന്റെ പ്രശസ്തിയുടെ നിറവിലാണ് നിമിഷ.
നിരവധി പരസ്യഗാനങ്ങളിലും നിമിഷ തന്റെ കഴിവുകള്‍ തെളിയിച്ചുകഴിഞ്ഞു. നിരന്തര സാധകത്തിലൂടെ സ്ഫുടം ചെയ്തെടുത്ത ശബ്ദമാണ് മറ്റു ഗായികമാരില്‍ നിന്നും നിമിഷയെ വ്യത്യസ്തയാക്കുന്നത്. ആഴമേറിയതും ഘനഗാംഭീര്യം നിറഞ്ഞതുമായ ശബ്ദം ഈ ഗായികയ്ക്കുണ്ട്. നിമിഷ ലളിതഗാനം പാടുന്നതിലും ശാസ്ത്രീയ സംഗീതത്തിന്റെ ഉറപ്പുണ്ട്. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ലയവും ഒഴുക്കും ചലച്ചിത്രഗാനങ്ങള്‍ പാടുന്നതിന് ഏറെ ഗുണം ചെയ്തിട്ടുണ്ട്. ശങ്കര്‍ മഹാദേവന് അക്കദമിയിലെ സംഗീത അദ്ധ്യാപികയാണ് ഇപ്പോള്‍ നിമിഷ. സംഗീതജീവിതത്തിന് കരുത്ത് പകര്ന്നുനല്കിക്കൊണ്ട് ഗായകനായ പിതാവ് അച്ചുതന്കുട്ടിയും അധ്യാപികയായ അമ്മ ജമുനയും നിമിഷയുടെ കൂടെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: