കൊച്ചി : കൊച്ചി നഗരത്തിലെ എടിഎമ്മുകളില്‍ കവര്‍ച്ച നടത്തിയ കേസിലെ പ്രതി മുബാറക്കുമായി തെളിവെടുപ്പ് നടത്തി. കവര്‍ച്ച നടന്ന കളമശ്ശേരി പ്രീമിയര്‍ ജങ്ഷനിലെ സൗത്ത് ഇന്ത്യന്‍ ബാങ്ക് എടിഎമ്മില്‍ ശനിയാഴ്ച ഉച്ചക്ക് എത്തിച്ചാണ് തെളിവെടുപ്പ് കളമശ്ശേരി പോലീസ് തെളിവെടുപ്പ് നടത്തിയത്.
നഗരത്തിലെ 11 എടിഎമ്മുകളിലാണ് മുബാറക് തട്ടിപ്പ് നടത്തിയത്. ഇയാളുടെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പുറത്തുവന്നതിന് പിന്നാലെ വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ഉത്തര്‍പ്രദേശ് സ്വദേശി മുബാറക് പോലീസ് പിടിയിലായത്. ഇടപ്പള്ളി ടോളിന് സമീപത്തു നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പതിനെട്ടാം തീയതി രാത്രിയും പകലും ആയിട്ടാണ് പ്രീമിയര്‍ ജംഗ്ഷനിലെ സൗത്ത് ഇന്ത്യന്‍ ബാങ്ക് എടിഎമ്മില്‍ നിന്നും ഇടപാടുകാര്‍ക്ക് പണം നഷ്ടമായത്. എടിഎമ്മുകളില്‍ പണം വരുന്നവിടെ സ്കെയില്‍ പോലുള്ള ഒന്നവിടെ വെച്ചശേഷം മാറി നില്കും. പിന്നീട് ഉപഭോക്താക്കളെത്തി പണം പിന്‍വലിക്കുന്നതിനായി പാസ്വേര്ഡ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം പണം ലഭിക്കാതെ ഉപഭോക്താക്കള്‍ പുറത്തിറങ്ങുന്നത് വരെ ഇയാള്‍ മറഞ്ഞു നില്ക്കും. അവര്‍ പോയശേഷം എടിഎം കൗണ്ടറിലെത്തി പണം കൈക്കലാക്കുകയാണ് ഇയാളുടെ പതിവ്. പണം നഷ്ടമായ ഉപഭോക്താക്കള്‍ ബാങ്കില്‍ പരാതിപ്പെടുകയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്.
വിശദമായ ചോദ്യം ചെയ്യലിനായി പ്രതിയെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. അതേസമയം സംഭവത്തില്‍ കൂടുതല്‍ പരാതികള്‍ ലഭിക്കാന്‍ സാധ്യതയുള്ളതായി പോലീസ് അറിയിച്ചു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കളമശേരി, തൃപ്പൂണിത്തറ, ചേന്ദ മംഗലം തുടങ്ങിയ സ്ഥലങ്ങിളിലെ മറ്റ് എറ്റിഎമ്മുകള്‍ കേന്ദ്രീകരിച്ചുള്ള കൂടുതല്‍ അന്വേഷണവും നടന്നു വരികയാണ്. ജില്ലയുടെ മറ്റു പല ഭാഗങ്ങളിലും സമാന തട്ടിപ്പ് നടന്നിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: