സ്വാതന്ത്ര്യം അര്‍ത്ഥ പൂര്‍ണ്ണമാവുന്നത് അര്‍ഹിയ്‌ക്കുന്നവര്‍ക്കെല്ലാം പൂര്‍ണ്ണമായും സുലഭമായും അതിന്റെ ഗുണഫലങ്ങള്‍ ലഭ്യമാവുമ്പോള്‍ മാത്രമാണ്. ആസാദി കാ അമൃത് മഹോത്സവം ആഘോഷിയ്‌ക്കുമ്പോള്‍ ഇന്നത്തെ സ്വാതന്ത്ര്യത്തിന്റെ ഗുണം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും കിട്ടുന്നുണ്ടോ എന്ന ആത്മ പരിശോധനയ്‌ക്കുള്ള അവസരം കൂടിയാണ്.
അത്തരം ചിന്തയിലേക്ക് നയിച്ച രണ്ടു കാരണങ്ങള്‍ . ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി ദേശീയ തലത്തില്‍ പ്രവര്‍ത്തിയ്‌ക്കുന്ന കൂട്ടായ്മയാണ് സക്ഷമ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സമദൃഷ്ടി ക്ഷമതാ വികാസ് ഏവം അനുസന്ധാന്‍ മണ്ഡല്‍. സക്ഷമ കേരളാ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ അമൃത മഹോത്സവ ആഘോഷം കൊച്ചിയില്‍ നടന്നു. കഴിഞ്ഞ രണ്ടു മാസക്കാലമായി കേരളമെങ്ങും ജില്ലകള്‍ കേന്ദ്രീകരിച്ച് ഭിന്നശേഷി കുട്ടികളുടെ ചിത്രരചനാ മത്സരങ്ങളും ദേശഭക്തിഗാന മത്സരങ്ങളും നടന്നു വരികയായിരുന്നു. അവയിലെ ജേതാക്കളുടെ സംസ്ഥാന തല മത്സരങ്ങള്‍ക്കും കൊച്ചിയിലെ ഭാസ്‌ക്കരീയം വേദിയായി. ദിവ്യാംഗരുടെ സംഘടന ആയതുകൊണ്ട് അവരുടെ ആവശ്യങ്ങള്‍ വ്യക്തമായി അറിയുന്ന സക്ഷമ, സമ്മേളന വേദിയിലും അത്തരത്തിലാണ് സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നത്. വേണ്ട പിന്തുണ കിട്ടിയതോടെ ആ കലാകാരന്മാരില്‍ ഒളിഞ്ഞു കിടന്നിരുന്ന അത്ഭുതകരമായ കഴിവുകള്‍ മനോഹരങ്ങളായ ചിത്രങ്ങളായും ദേശഭക്തിഗാനങ്ങളായും പുറത്തുവന്നു.
നമ്മുടെ നാട്ടില്‍ ഇപ്പോഴും പൊതുസമൂഹത്തിന്റെ ശ്രദ്ധ വേണ്ടത്ര കിട്ടിയിട്ടില്ലാത്തവരാണ് ഭിന്നശേഷിക്കാര്‍ എന്ന് പറയാതെ വയ്യ. ശരിയ്‌ക്കും പ്രത്യേക പരിഗണന അര്‍ഹിയ്‌ക്കുന്ന ന്യൂനപക്ഷങ്ങള്‍ ഇവരൊക്കെയാണ്. എന്നാല്‍ വോട്ടുബാങ്കിന്റെ ശക്തി ഇല്ലാത്തതിനാല്‍ ജനാധിപത്യത്തില്‍ തങ്ങളുടെ ശബ്ദം കേള്‍പ്പിയ്‌ക്കാനോ അവകാശങ്ങള്‍ നേടിയെടുക്കാനോ പലപ്പോഴും അവര്‍ക്ക് കഴിയുന്നില്ല. സമാപന സമ്മേളനത്തില്‍ സംസാരിച്ച പിന്നണി ഗായകന്‍ ജി വേണുഗോപാല്‍ ഭിന്നശേഷി സൗഹൃദത്തിന്റെ കാര്യത്തില്‍ അമേരിക്കയില്‍ താന്‍ കണ്ട വ്യത്യസ്തമായ സമീപനത്തെ കുറിച്ച് യോഗത്തില്‍ എടുത്തു പറഞ്ഞു. അവിടെ എല്ലാ പൊതു ഇടങ്ങളിലും വര്‍ഷങ്ങള്‍ക്കു മുമ്പു മുതല്‍ തന്നെ ഭിന്നശേഷി സൗഹൃദ സംവിധാനങ്ങള്‍ നിലവിലുണ്ട്. വിദ്യാലയങ്ങള്‍, ഓഫീസുകള്‍, ഗതാഗത സംവിധാനങ്ങള്‍, പാര്‍ക്കുകള്‍ തുടങ്ങി എല്ലായിടത്തും അത് കാണാം. ഭാരതത്തിലും പതുക്കെ ആണെങ്കിലും അവയെല്ലാം എത്തുന്നുണ്ട് എന്നത് സന്തോഷകരമാണ്. എങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നമ്മുടെ സമൂഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ഈ രംഗത്ത് നാം ഇപ്പോഴും എത്രമാത്രം പിന്നിലാണ് എന്ന് എടുത്തു കാണിയ്‌ക്കുന്ന ഒരു അനുഭവവും ഉണ്ടായി. അമ്പതോളം പേരടങ്ങിയ ഒരു സംഘമാണ് തിരുവനന്തപുരം ജില്ലയില്‍ നിന്നും പരിപാടിയില്‍ പങ്കെടുത്തത്. അവര്‍ക്ക് തിരികെ പോകാനുള്ള ട്രെയിന്‍ രാത്രി പതിനൊന്നു മണിയ്‌ക്കായിരുന്നു. ധാരാളം സമയം ഉണ്ടായിരുന്നതിനാല്‍ എറണാകുളം നോര്‍ത്ത് സ്‌റ്റേഷനില്‍ നേരത്തേ തന്നെ എത്തി. ട്രയിന്‍ രണ്ടാം പ്ലാറ്റ്‌ഫോമിലാണ് എത്തുക എന്നറിഞ്ഞ് അവിടേയ്‌ക്ക് പോകാന്‍ തയ്യാറെടുക്കുമ്പോള്‍ സ്‌റ്റേഷനില്‍ റാമ്പ് ഇല്ലെന്ന് കണ്ടു. യാത്രക്കാരുടെ കൂട്ടത്തില്‍ വീല്‍ചെയറില്‍ മാത്രം നീങ്ങാന്‍ കഴിയുന്ന ഒരു കുട്ടിയും ഉണ്ടായിരുന്നു. ഒന്നാം പ്ലാറ്റ്‌ഫോമില്‍ ഒരു ലിഫ്റ്റ് കണ്ടതോടെ ആശ്വാസമായി. എന്നാല്‍ ആ ആശ്വാസത്തിന് അല്പായുസ്സേ ഉണ്ടായിരുന്നുള്ളൂ. ലിഫ്റ്റില്‍ കയറി മുകളിലെ ലാന്റിംഗില്‍ ഇറങ്ങിയ സംഘം കണ്ടത് അവിടെ നിന്നും ഫുട്ട് ഓവര്‍ ബ്രിഡ്ജിലേയ്‌ക്ക് കയറാനുള്ള നാല് പടികളാണ്. ഒരു ദിവ്യാംഗന് ഒരിയ്‌ക്കലും അത്തരം ഒരു സാഹചര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയുകയില്ല. ഇവിടെ കൂടെയുള്ള മറ്റുള്ളവര്‍ വീല്‍ ചെയറോടുകൂടി കുട്ടിയെ എടുത്ത് നാല് പടികള്‍ക്കു മുകളില്‍ എത്തിച്ചു. ചെയര്‍ ഉരുട്ടി മറുവശത്ത് എത്തിയപ്പോള്‍ അതാ പന്തവും കൊളുത്തി പട എന്നു പറഞ്ഞതു പോലെയായി. അവിടെ ലിഫ്റ്റ് ഇല്ല. വീല്‍ ചെയര്‍ എസ്‌ക്കലേറ്ററില്‍ കൂടി കയറ്റാനോ ഇറക്കാനോ കഴിയില്ല. ഫുട്ട് ഓവര്ബ്രിജാകട്ടെ നാല്‍പ്പതോളം പടികള്‍ ഉയരത്തിലുമാണ്. വേറെ നിവൃത്തിയില്ലാതെ കൂടെയുള്ളവര്‍ കുട്ടിയെ വീണ്ടും വീല്‍ചെയറോടെ എടുത്ത് ആ നാല്‍പ്പതു പടികളും ഇറങ്ങി രണ്ടാം പ്ലാറ്റ് ഫോമില്‍ എത്തിയ്‌ക്കേണ്ടി വന്നു. ഇത്തവണ കൂടുതല്‍ പേരുടെ സഹായം വേണ്ടി വന്നു. എറണാകുളം പോലെ പ്രധാനപ്പെട്ട ഒരു നഗരത്തിലെ ഒരു പ്രധാന സ്‌റ്റേഷനിലെ അവസ്ഥയാണ് ഇത്. അമൃത പോലെയുള്ള ആശുപത്രികളിലേക്ക് ദിവസേനയെന്നോണം നിരവധി രോഗികള്‍ എത്തുന്ന സ്ഥലമാണ് എറണാകുളം എന്നോര്‍ക്കണം. വേണ്ടത്ര സമയം ഇല്ലാതെ സ്‌റ്റേഷനില്‍ തിരക്കിട്ട് എത്തിപ്പെടുന്ന ഒരു ഭിന്നശേഷി വ്യക്തിയ്‌ക്ക് ഇത്തരം ഒരു സാഹചര്യത്തില്‍ എന്ത് ചെയ്യാന്‍ കഴിയും ? ഒരു വ്യക്തിയ്‌ക്ക് യാതൊരു പരസഹായവും കൂടാതെ തന്നെ തന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുക എന്നത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തിന് സമൂഹം കല്‍പ്പിയ്‌ക്കുന്ന മൂല്യത്തിന്റെ അളവുകോലാണ്. ഏതായാലും സക്ഷമ പ്രവര്‍ത്തകര്‍ ഉടനടി തന്നെ ഒരു പരാതി തയ്യാറാക്കി സ്‌റ്റേഷന്‍ മാസ്റ്റര്‍ക്ക് സമര്‍പ്പിച്ചു കഴിഞ്ഞു. അടിയന്തിര നടപടി ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിനും പ്രധാനമന്ത്രിയുടെ ഓഫീസിനും കൂടി പരാതി കൊടുക്കാനാണ് ഉദ്ദേശം.
അടുത്തതായി കണ്ട അപാകത ട്രയിന്‍ വന്നു നില്‍ക്കുമ്പോഴുള്ള ബോഗി പൊസിഷന്‍ ആണ്. പത്താമതാണ് ബോഗി എന്ന് കണ്ട് എല്ലാവരും ആ ബോര്‍ഡിനു കീഴില്‍ കാത്തിരുന്നു. ട്രെയിന്‍ വന്നു നിന്നപ്പോള്‍ ബോഗികള്‍ പറഞ്ഞിരുന്ന പൊസിഷന്റെ ഏതാണ്ട് 15 മീറ്ററോളം പിന്നിലാണ് നിന്നത്. സാധാരണക്കാര്‍ക്ക് അതൊരു വിഷയമായിരിക്കില്ല. എന്നാല്‍ അവസാനനിമിഷം ലഗ്ഗേജുകളുമായി എല്ലാ ബോഗിയിലേക്കും യാത്രക്കാര്‍ തിക്കിത്തിരക്കി ഓടുമ്പോള്‍ ഉണ്ടാകുന്ന ആശങ്കയും ശാരീരികാദ്ധ്വാനവും വൃദ്ധര്‍, രോഗികള്‍, ഗര്‍ഭിണികള്‍, കൈക്കുഞ്ഞുങ്ങളെ പേറുന്ന അമ്മമാര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്ക് വലിയ സമ്മര്‍ദ്ദമാണ് കൊടുക്കുന്നത്. മുമ്പൊരിയ്‌ക്കല്‍ ബംഗളൂരു കന്റൊന്മെന്റ്‌റ് സ്‌റ്റേഷനില്‍ വച്ച് സമാനമായ അനുഭവം ഉണ്ടായത് ഓര്‍ക്കുന്നു. അന്ന് ബംഗളൂരുവില്‍ വന്ന് കൃത്രിമക്കാല്‍ പിടിപ്പിച്ചിട്ട് നാട്ടിലേക്ക് തിരികെ പുറപ്പെട്ട ഒരു മദ്ധ്യവയസ്‌ക്കനായ സുഹൃത്തിനായിരുന്നു തന്റെ ബോഗിയില്‍ കയറിപ്പറ്റാന്‍ മുപ്പതോളം മീറ്റര്‍ ഓടേണ്ടി വന്നത്. അപൂര്‍വ്വമായി നടക്കുന്നതായാലും ഇതൊക്കെ ഒഴിവാക്കപ്പെടേണ്ട സംഗതിയാണ്. റെയില്‍വേ അധികാരികള്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്വം പുലര്‍ത്തേണ്ടി ഇരിയ്‌ക്കുന്നു.
ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി ദിനത്തിലെ ശ്രദ്ധേയ ദൃശ്യത്തെക്കുറിച്ചും സൂചിപ്പിക്കാതിരിക്കാനാവില്ല. അത് തിരുവനന്തപുരത്ത് ദിവ്യാംഗരായ കുട്ടികള്‍ ശോഭായാത്രയില്‍ കൃഷ്ണ ഗോപികാ വേഷധാരികളായി വീല്‍ചെയറുകളിലും അല്ലാതെയും ഒക്കെ നീങ്ങുന്ന ചിത്രമാണ്. ചലനശേഷിയില്ലാത്തവര്‍, മനസ്സിനൊപ്പം ശരീരം ചലിപ്പിക്കാന്‍ കഴിയാതെ പോകുന്നവര്‍ ചക്രക്കസേരയില്‍ ഇരുന്ന് ശോഭായാത്രയില്‍ പങ്കാളികളായി. അവരിരുന്ന ചക്രക്കസേരയുടെ കൈപ്പിടിയേന്തിയ ചേട്ടന്മാരുടെയും ചേച്ചിമാരുടെയും ഇളംപ്രായക്കാരായ കൂടപ്പിറപ്പുകളുടെയും മുഖത്തു കാണുന്ന നിര്‍വൃതിയുണ്ടല്ലോ, അതിന് ഉദയ സൂര്യന്റെ കിരണശോഭയുണ്ട്. ശോഭായാത്രയുടെ സമാപന വേദിയായിരുന്ന പുത്തരിക്കണ്ടം ഈ കെ നായനാര്‍ പാര്‍ക്കിലും സമാന പ്രശ്നം നേരിട്ടു. വീല്‍ ചെയര്‍ കയറ്റാന്‍ ഉള്ള റാമ്പ് ഇവിടെയില്ല. എത്രയോ സാംസ്കാരിക പരിപാടികള്‍ നടക്കുന്നിടമാണ് തിരുവനന്തപുരത്തെ ഈ പാര്‍ക്ക്. ഇതുവരേയും ഇക്കാര്യം അധികാരികളുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ല.
താനുണ്ടാക്കിയ കാരണത്താലല്ലാതെ അവശത നേരിടുന്ന സഹോദരങ്ങള്‍ തങ്ങളുടെ നിസ്സഹായതയോര്‍ത്ത് നെടുവീര്‍പ്പിടേണ്ടി വരുന്നതിനു പകരം എല്ലാരംഗത്തും എല്ലാ പൊതു ഇടങ്ങളിലും അവര്‍ക്കും മറ്റുള്ളവര്‍ക്കുള്ളത്ര അവസരവും സൗകര്യവും ഒരുക്കുകയാണ് വേണ്ടത്. അമൃതകാലത്തെ പൗരന്റെ കടമകളില്‍ ഇതുമുണ്ടാകണം.
കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: