ന്യൂദല്‍ഹി: ആധുനിക ഡിജിറ്റല്‍ ലോകത്തെ വര്‍ധിച്ചു വരുന്ന തൊഴിലവസരങ്ങള്‍ മുന്നില്‍ക്കണ്ട് വ്യത്യസ്ത മേഖലകളില്‍ തൊഴില്‍ പരിചയമുള്ളവരെ വാര്‍ത്തെടുക്കുന്നതിന് ദേശീയ തല ഡിജിറ്റല്‍ പ്ലാറ്റഫോം നിലവില്‍ വരുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി, സംരംഭകത്വനൈപുണ്യ വികസന വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍.
സൂറത്തിലെ സര്‍വ്വജനിക് സര്‍വകലാശാലയില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകരും അക്കാഡമിക് പ്രമുഖരും വ്യവസായ പ്രതിനിധികളുമടങ്ങുന്ന സദസ്സിനെ അഭിമുഖീകരിച്ച് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. സബ്സിഡികള്‍ അടക്കമുള്ള സര്‍ക്കാര്‍ സഹായം അര്‍ഹിക്കുന്ന കൈകളില്‍ കൃത്യമായും എത്തുന്നുവെന്നുറപ്പ് വരുത്തുന്നതിന് നരേന്ദ്ര മോദി നേതൃത്വം നല്കുന്ന കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
വ്യവസായവും ഇതര സഹായങ്ങളുമെല്ലാം ഏതാനും കുടുംബങ്ങള്‍ക്ക് മാത്രമെന്ന മുന്‍കാലത്തെ നിന്ന് പ്രധാനമന്ത്രിയുടെ സബ് കാ സാഥ്, സബ് കാ വിശ്വാസ് എന്ന വീക്ഷണത്തിന്റെ സത്ത ഉള്‍ക്കൊണ്ടുകൊണ്ട് ഇന്ത്യ ഇന്ന് ലോകത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സംരംഭക രാഷ്ട്രമായി വളര്‍ന്നുകഴിഞ്ഞു.
ഡ്രോണുകളുടെ രംഗത്ത് മാത്രം 680 സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ബഹിരാകാശ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 120 സംരംഭങ്ങള്‍ക്ക് പുറമെയാണിത്. മുന്‍കാലങ്ങളില്‍ കേട്ടുകേള്‍വി പോലുമില്ലാതിരുന്ന മേഖലകളാണിവ. സൂറത്തിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി, വീര്‍ നര്‍മ്മദ് സൗത്ത് ഗുജറാത്ത് സര്‍വ്വകലാശാല , ആറോ സര്‍വ്വകലാശാല എന്നിവിടങ്ങളിലും മന്ത്രി വിദ്യാര്‍ഥികളുമായി സംവദിച്ചു. സൂറത്ത്, ബറൂച്ച് ജില്ലകളിലെ വിവിധ വാണിജ്യ, വ്യാപാര സംഘടനകളുമായും ചര്‍ച്ച നടത്തി. സൂറത്ത് മലയാളി സമാജം ഭാരവാഹികളും മന്ത്രിയെ കാണാനെത്തിയിരുന്നു. രണ്ടു ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ മന്ത്രി വൈകുന്നേരത്തോടെ ബാംഗ്ലൂരിലേക്ക് പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: