Categories: Kerala

ടെക്‌നോപാര്‍ക്ക് ഡൗണ്‍ ടൗണ്‍ പദ്ധതിക്ക് പിന്നില്‍ അഴിമതി; കൈക്കൂലിയുടെ വിശദാംശങ്ങള്‍ക്കായി വീണയുടെ എക്‌സാലോജിക്കിന്റെ അക്കൗണ്ടുകള്‍ പരിശോധിക്കണം

Published by

കോട്ടയം : തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ നടപ്പാക്കുന്ന ഡൗണ്‍ ടൗണ്‍ പ്രോജക്ടിന് പിന്നില്‍ വന്‍ അഴിമതിയെന്ന് ജനപക്ഷം നേതാവും മുന്‍ എംഎല്‍എയുമായ പി.സി. ജോര്‍ജ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പനിക്കും ഇതുമായി ബന്ധമുണ്ടെന്നും പി.സി. ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.  

ഡൗണ്‍ ടൗണ്‍ പ്രോജക്ടിനുവേണ്ടി തണ്ണീര്‍തടങ്ങള്‍ ഉള്‍പ്പെടെ 19.73 ഏക്കര്‍ ഭൂമി തരം മാറ്റാന്‍ കമ്പനിക്ക് അനുമതി നല്‍കിയത് വെറും 35 ദിവസം കൊണ്ടാണ്. ഇതിലെ കൈക്കൂലിയുടെ വിശദാംശങ്ങള്‍ ലഭിക്കണമെങ്കില്‍ വീണയുടെ എക്‌സാലോജിക് കമ്പനിയുടെ അക്കൗണ്ടുകള്‍ പരിശോധിക്കണം.  

അമേരിക്കന്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ടോറസ് കമ്പനിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിന്റര്‍ഫെല്‍ റിയാലിറ്റി കടലാസ് കമ്പനി മാത്രമാണ്. ഇവര്‍ക്ക് ആയിരം കോടിയിലധികം വായ്പ ലഭിച്ചത് എങ്ങനെയെന്ന് അന്വേഷിക്കണം. ഇതുമായി ബന്ധപ്പെട്ട് തന്റെ കയ്യിലുള്ള തെളിവുകള്‍ ഇഡിക്ക് കൈമാറുമെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

ടോറസ് രാജ്യത്ത് ആദ്യമായി നടത്തുന്ന റിയല്‍ എസ്റ്റേറ്റ് നിക്ഷേപമാണ് ടെക്‌നോപാര്‍ക്കിലെ ഡൗണ്‍ ടൗണ്‍. ഐടി ഇടം, മാള്‍, റസിഡന്‍ഷ്യല്‍ സമുച്ചയം, ഹോട്ടല്‍ എന്നിവ ഉള്‍പ്പെടുന്ന ബൃഹത്തായ പദ്ധതിയാണ് ഇത്. 20 ലക്ഷം ചതുരശ്ര അടിയില്‍ ഐടി വിഭിഗാവും 13 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ടോറസ് സെന്‍ട്രം ഷോപ്പിംഗ് മാളും ഉള്‍പ്പെടുന്നതാണ് പദ്ധതി.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക