ന്യൂദല്‍ഹി: 2007ല്‍ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നിഷേധിച്ച നടപടിയെ ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതിയും തള്ളി. 2007ലെ വിദ്വേഷ പ്രസംഗം സംബന്ധിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തായിരുന്നു ഹര്‍ജി.
പ്രോസിക്യൂട്ട് അനുമതി നിഷേധിച്ച ഉത്തരവ് പുന:പരിശോധിക്കേണ്ട ആവശ്യമില്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസ് ഹിമ കോലി, ജസ്റ്റിസ് സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. കേസിന്റെ വാദം നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിന്റെ വെബ്കാസ്റ്റ് പോര്‍ട്ടലിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്തു. വിധിയുടെ മുഴുവന്‍ പകര്‍പ്പ് ഓണ്‍ലൈന്‍ സൈറ്റില്‍ അപ്‌ലോഡ് ചെയ്യുമെന്നും ബെഞ്ച് വ്യക്തമാക്കി. കേസില്‍ നിയമപരമായി നടപടി എടുക്കുന്നതിന് ആവശ്യമായ യാതൊരു വിധ തെളിവുകളും ലഭിച്ചിട്ടില്ലെന്നും അപ്പീല്‍ നിരസിക്കുകയുമാണെന്നാണ് ജസ്റ്റിസ് രവികുമാര്‍ പറഞ്ഞത്. 2007 ജനുവരി 27 ന് ഗോരഖ്പൂരില്‍ നടന്ന യോഗത്തില്‍ ‘ഹിന്ദു യുവ വാഹിനി’ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേ യോഗി ആദിത്യനാഥ് വിദ്വേഷപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നായിരുന്നു ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക