ന്യൂദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദിന്റെ രാജിക്കത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരേ രൂക്ഷ വിമര്‍ശം. രാഹുല്‍ ഗാന്ധിയുടേയേത് പക്വതയില്ലാത്തതും ഉള്‍പാര്‍ട്ടി ജനാധിപത്യം സൂക്ഷിക്കാത്തതുമായ സമീപനമാണെന്ന് ഗുലാം നബി ആസാദ് അഭിപ്രായപ്പെട്ടു. ഇന്ത്യക്ക് വേണ്ടി പോരാടാനുള്ള ഇച്ഛാശക്തിയും ശേഷിയും കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു. ഉപജാപക സംഘമാണ് എഐസിസിയെയും രാഹുലിനേയും നയിക്കുന്നത്. കോണ്‍ഗ്രസിനെ മോചിപ്പിക്കേണ്ടതുണ്ടെന്നും ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി. ഭാരത് ജോഡോ യാത്രയല്ല, കോണ്‍ഗ്രസ് ജോഡോ യാത്രയാണ് നടത്തേണ്ടത്. തന്റെ കോണ്‍ഗ്രസുമായുള്ള അരനൂറ്റാണ്ട് കാലത്തെ ബന്ധം തീവ്ര ദുഃഖത്തോടെയാണ് അവസാനിപ്പിക്കുന്നതെന്നും ഗുലാം നബി ആസാദ് രാജിക്കത്തില്‍ പറയുന്നു.
2020 ഓഗസ്റ്റില്‍ ഞാനും മുതിര്‍ന്ന 22 നേതാക്കളും മുന്‍ കേന്ദ്ര മന്ത്രിമാരും മുഖ്യമന്ത്രിമാരും പാര്‍ട്ടിയിലെ ജീര്‍ണമായ ഈ വ്യതിയാനം ചൂണ്ടിക്കാട്ടിയിരുന്നു. പ്രത്യേക താല്പര്യക്കാരുടെ ഈ സംഘം മുഖസ്തുതിക്കാരെ അഴിച്ചുവിട്ട് ഞങ്ങളെ ആക്രമിച്ച. ഞങ്ങളെ വില്ലന്മാരാക്കി, തേജോവധം ചെയ്തു, ഒരു മാന്യതയുമില്ലാതെ അപമാനിച്ചു. ഈ സംഘത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ജമ്മുവില്‍ എന്റെ ശവഘോഷയാത്ര നടത്തിയത്. എന്റെ ശവഘോഷയാത്ര നടത്തിയവര്‍ക്ക് എഐസിസി ജനറല്‍ സെക്രട്ടറിമാരും രാഹുല്‍ ഗാന്ധിയും വിരുന്നൊരുക്കി. കായികമായി ആക്രമിക്കാന്‍ കപില്‍ സിബലിന്റെ വസതിയിലേക്ക് ഗുണ്ടകളെ അഴിച്ചുവിട്ടത് ഇതേ സംഘമാണ്. പാര്‍ട്ടിയിലെ പോരായ്മകളും പരിഹാരങ്ങളും ചൂണ്ടിക്കാട്ടുക മാത്രമാണ് 23 നേതാക്കള്‍ ചെയ്ത ഏക കുറ്റകൃത്യം.’ ഗുലാം നബി ആസാദ് ചൂണ്ടികാട്ടി.
രാഹുല്‍ ഗാന്ധിയുടെ വരവോടെ മുതിര്‍ന്ന നേതാക്കളോട് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുന്ന രീതി തകര്‍ന്നു. മുതിര്‍ന്ന നേതാക്കള്‍ അരികുവല്‍ക്കരിക്കപ്പെട്ടു. അനുഭവസമ്പത്തില്ലാത്ത മുഖസ്തുതിക്കാര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ നിയന്ത്രിക്കാന്‍ ആരംഭിച്ചുവെന്നും ഗുലാം നബി ആസാദ് രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് രാഹുല്‍ കീറിയെറിഞ്ഞത് ഈ പക്വതയില്ലായ്മയുടെ ജ്വലിക്കുന്ന ഉദാഹരണമാണ്. രാഹുല്‍ അന്ന് കീറിയെറിഞ്ഞത് കോണ്‍ഗ്രസിന്റെ ഏറ്റവും മുതിര്‍ന്ന നേതാക്കളും പ്രധാനമന്ത്രിയും ചേര്‍ന്ന് രൂപം നല്‍കിയതാണ് ഓര്‍ഡിനന്‍സ്. ബാലിശമായ ഈ പ്രവൃത്തി പ്രധാനമന്ത്രിയുടേയും ഇന്ത്യാ ഗവണ്മെന്റിന്റേയും അധികാരത്തെ തകിടം മറിച്ചു. 2014ല്‍ യുപിഎ സര്‍ക്കാരിനെ താഴെയിറക്കിയതില്‍ രാഹുല്‍ ഗാന്ധിയുടെ ഈ പ്രവൃത്തിക്ക് നിര്‍ണായക പങ്കുണ്ട്. കോര്‍പറേറ്റുകളുടെ പിന്തുണയോടെ വലതുപക്ഷ ശക്തികള്‍ അധികാരത്തില്‍ വരാന്‍ രാഹുല്‍ ഗാന്ധിയുടെ പ്രവൃത്തി കാരണമായെന്നും ഗുലാം നബി ആസാദ് വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: