പാലക്കാട്: യാക്കരയിൽ യുവാവിനെ കൊന്ന് പുഴയിൽ തള്ളിയ കേസിൽ ആറ് പേർ പോലീസ് കസ്റ്റഡിയിൽ. സ്വരാജ്, ഹക്കീം, ഋഷികേശ്, അജയ്, ഷമീർ, മദൻകുമാർ എന്നിവരെയാണ് സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. പാലക്കാട് തത്തമംഗലം സ്വദേശി സുവീഷ് (20) ആണ് കൊല്ലപ്പെട്ടത്. ഒരുമാസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം ഇന്നലെ യാക്കര പുഴയുടെ സമീപത്ത് നിന്നും കണ്ടെത്തിയിരുന്നു.
സുവീഷിനെ കൊന്ന് പുഴയില്‍ തള്ളുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. മൃതദേഹ അവശിഷ്ടം ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധിച്ചിരുന്നു. പഴക്കമുള്ളതിനാല്‍ ശരീരം ഏകദേശം പൂര്‍ണ്ണമായും അഴുകിയ നിലയിലായിരുന്നു. ജൂലൈ 19 മുതലാണ് സുവീഷിനെ കാണാതായത്. ജൂലൈ 19 ന് രാത്രി പാലക്കാടുള്ള മെഡിക്കൽ ഷോപ്പിന് സമീപം വച്ച് സുവീഷിനെ പ്രതികള്‍ ബലമായി സ്കൂട്ടറിൽ കയറ്റി മലബാർ ആശുപത്രിയ്ക്ക് സമീപത്തെ ശ്മാശനത്തിൽ വച്ച് വടികൊണ്ടും കൈകൊണ്ടും അടിച്ചും ചവിട്ടിയും കൊന്നു എന്നാണ് പോലീസ് പറയുന്നത്.
ജൂലൈ 20ന് രാവിലെ മൃതദേഹം പ്രതികൾ യാക്കര പുഴയിൽ ഉപേക്ഷിച്ചു. മകന് ഭീഷണി ഉണ്ടായിരുന്നുവെന്ന് കൊലപ്പെട്ട സുവീഷിന്റെ അമ്മ വിജി പറയുന്നു. ഇയാളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍, മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ എന്നിവയെല്ലാം പോലീസ് പരിശോധിച്ചു. സംശയം തോന്നിയവരെ ചോദ്യം ചെയ്യുന്നതിനിടയിലാണ് മൃതദേഹം യാക്കര പുഴയില്‍ നിന്ന് കണ്ടെത്തിയത്.
ഇയാളുടെ സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന സംശയത്തില്‍ സുവിഷിന്റെ അമ്മ ചിറ്റൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. കാർ വാടകക്ക് എടുത്തതുമായി ബന്ധപ്പെട്ട തർക്കം നിലനിന്നിരുന്നു. ഋഷികേശ് അടക്കമുള്ളവർ മകനെ നേരത്തെയും മർദ്ദിച്ചിട്ടുണ്ടെന്നും വിജി പറയുന്നു. സുവീഷിനെ കാണാതായതോടെ ജൂലൈ 26നാണ് കുടുംബം പോലീസിൽ പരാതി നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: