ജിഷ്ണു ആലുവ
കുപ്രസിദ്ധ മയക്കുമരുന്നു മാഫിയാത്തലവന്‍ പാബ്ലോ എസ്കോബാര്‍ അമേരിക്കയിലേക്ക് കൊളമ്പിയന്‍ അതിര്‍ത്തിവഴി മയക്കുമരുന്നുമായി പോകുന്ന തന്റെ വാഹനങ്ങള്‍ പിടിക്കുമ്പോള്‍ പോലീസുകാരോട് ചോദിക്കുമായിരുന്നു…
‘പ്ലാത്ത ഓര് പ്ലോമോ..?’
(സില്‍വര്‍ ഓര് ലെഡ്?)
മയക്കുമരുന്നു കടത്തിവിട്ട് അതിന്റെ കൂലിയായി വെള്ളിക്കാശ് (സില്‍വര്‍) വാങ്ങുന്നോ, അതോ ഇതു പിടിച്ചതിന്റെ ശിക്ഷയായിവെടിയുണ്ട (ലെഡ്) നെഞ്ചില്‍ തറച്ച് എന്നന്നേക്കുമായി ഈ ലോകം വിട്ട് പോകുന്നോ എന്നതാണ് ആ ചോദ്യത്തിന്റെ പൊരുള്‍.
പല പോലീസുകാരും ആദ്യത്തെ ഓപ്ഷന് തെരഞ്ഞെടുക്കുമായിരുന്നു. പാബ്ലോ നല്കുന്ന വെള്ളിക്കാശും വാങ്ങി സുഖ ജീവിതം നയിക്കുമായിരുന്നു. അതിര്‍ത്തികളിലൂടെ തടസങ്ങളില്ലാതെ മയക്കുമരുന്ന് കൊളമ്പിയയില്‍ നിന്നും അമേരിക്കയിലേക്കും ഒഴുകി. യുവാക്കളും യുവതികളും മയക്കുമരുന്നിന് അടിമകളായി. കൊളമ്പിയ അമേരിക്ക ഉള്‍പ്പടെ പല രാജ്യങ്ങളില്‍ ഒരു തലമുറ തന്നെ മയക്കുമരുന്നിന് അടിമപ്പെട്ടു. കണക്കില്ലാത്ത സമ്പത്തിന് ഉടമയായി പാബ്ലോ മാറി. എണ്‍പതുകളില്‍ കൊളംമ്പിയന്‍ രാഷ്ട്രീത്തേയും നിയന്ത്രിച്ചു.
സര്‍വ്വ മേഖലയിലും പാബ്ലോയെന്ന മാഫിയ തലവന്‍ പിടിമുറുക്കി. അനൗദ്യോഗികമായി താനാണ് കൊളംമ്പിയയുടെ പ്രസിഡന്റെന്നും തന്നെ ആര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റില്ലെന്നും പാബ്ലോ വെല്ലുവിളിച്ചു.
ജനങ്ങളില്‍ സ്വീകാര്യത ഉണ്ടാക്കാന്‍ മയക്കുമരുന്ന് ബിസിനസ്സില്‍ നിന്ന് ലഭിക്കുന്ന തുകയില്‍ നിന്നും പാവങ്ങള്‍ക്ക് വീടും ആശുപത്രിയിയുമെല്ലാം നിര്‍മ്മിച്ച് നല്കി അവരെ സ്വാധീനിച്ച് തന്റെ സാമ്രാജ്യത്തിന് ജനങ്ങളെക്കൊണ്ട് തന്നെ സംരക്ഷണമൊരുക്കിക്കാനും പാബ്ലോ മറന്നില്ല. പക്ഷെ ജനങ്ങള്‍ പോലും ഒടുവിലാണ് മയക്കുമരുന്നെന്ന മാരകമായ ഉത്പന്നതിന്റെ ഭീകരത മനസ്സിലാക്കുന്നത്.
പാബ്ലോയുടെ മയക്കുമരുന്ന് സാമ്രാജ്യം ഭീക്ഷണിയായപ്പോള്‍ ഗത്യന്തരമില്ലാതെ അധികാരികള്‍ നടപടിയുമായി ഇറങ്ങി. അമേരിക്കക്കും കൊളമ്പിയക്കും ഒരുപോലെ തലവേദന സൃഷ്ടിച്ച പാബ്ലോയെ സംയുക്ത അമേരിക്കന്‍-കൊളമ്പിയ സംഘം തന്നെ കമാന്‍ഡോ തീക്കത്തിലൂടെ, തലതുളച്ച് കയറിയ ഒരു വെടിയുണ്ടയുടെ രൂപത്തില്‍ ഇത്താഗ്യോയിലെ കല്ലറക്കുള്ളില്‍ എന്നന്നേക്കുമായി ഉറക്കിക്കിടത്തി. കമാന്‍ഡോകളെ ഭയന്ന് സ്വയം വെടിവെച്ച് മരിച്ചതാണെന്നും സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. 1993ലായിരുന്നു അത്.
പക്ഷെ കാര്യങ്ങള്‍ വളരെ വൈകിയിരുന്നു. കൊളംബിയയിലും അമേരിക്കയിലുമെല്ലാം സുലഭമായി മയക്കുമരുന്ന് പിന്നീടും ലഭിക്കുമായിരുന്നു. ഒരു പാബ്ലോയെ തീര്‍ത്താല്‍ നില്‍ക്കുന്നതല്ലായിരുന്നു അയാള്‍ സൃഷ്ടിച്ച ഡ്രഗ് മാഫിയയുടെ ആഴം. വര്‍ഷങ്ങളോളം എന്തെന്നില്ലാത്ത അരക്ഷിതാവസ്ഥ പിന്നെയും അന്തരീക്ഷത്തില്‍ നിറഞ്ഞുനിന്നു.
കേരളവും ഇപ്പോള്‍ ഇതുപോലുള്ള മയക്കുമരുന്ന് സംഘത്തിന്റെ കൈപ്പിടിയില്‍ അകപ്പെട്ടിരിക്കുകയാണ്. ഒരു സംസ്ഥാനത്തേക്ക് ഇങ്ങനെ നിയന്ത്രണമില്ലാതെ മയക്കുമരുന്ന് ഒഴുകണമെങ്കില്‍ അതെങ്ങനെയാണ് സാധ്യമാവുക? ഒരു പകലന്തിയിലെ ഹരത്തിനായി യുവാക്കള്‍ കടത്തിക്കൊണ്ടുവരുന്ന വെള്ള പാക്കറ്റുകള്‍ക്ക് അപ്പുറം ഇതിന് പുറകില്‍ ഒരു മാഫിയ സംഘമുണ്ടാകുമെന്നത് തീര്‍ച്ചയാണ്. ആരാണവര്‍? കേരളത്തിലേക്ക് കോടികണക്കിന് രൂപയുടെ മയക്കുമരുന്ന് ഇറക്കുമതിചെയ്ത് ഒരു സമൂഹത്തെ ലഹരിക്ക് അടിമപ്പെടുത്തി ഇല്ലാതാക്കുന്നവര്‍? എന്താണ് അവരുടെ കൃത്യമായ ലക്ഷ്യം?
പെണ്‍കുട്ടികള്‍ എന്നോ ആണ്‍കുട്ടികള്‍ എന്നോ ഭേദമില്ലാതെ കൗമാരവും യുവത്വവും കേരളത്തില്‍ മയക്കുമരുന്നിന് അടിമപ്പെടുന്നു. ഒരു ദിക്കില്‍ നിന്നും മറ്റൊരു ദിക്കിലേക്ക് മയക്കുമരുന്ന് എത്തിച്ച് നല്കുന്ന ക്യാരിയേഴ്സായി യുവാക്കള്‍ മാറുന്നു. പ്രണയം നടിച്ചും പ്രലോഭിപ്പിച്ചും പലരേയും ചതിയില്‍ പെടുത്തി ഡ്രഗ് മാഫിയ സംഘത്തിന്റെ കണ്ണികളാക്കുന്നു. പെണ്‍കുട്ടികളേയും വിദ്യാര്‍ത്ഥികളേയും മറയാക്കി കേരളത്തില്‍ പ്രതിദിനം കിലോക്കണക്കിന് മയക്കുമരുന്ന് വ്യാപാരമാണ് നടക്കുന്നത്. വീട്ടില്‍ നല്ല സാമ്പാത്തിക സ്ഥിതി ഉള്ളവരും അല്ലാത്തവരും ഒരുപോലെ ഈ കണ്ണിയില്‍ പെടുന്നു. ദിവസവും നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്യുന്നത്.
നാട്ടില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന ഒരാളെയെങ്കിലും നേരിട്ട് അറിയാത്തവര്‍ വളരെ ചുരുക്കമായിരിക്കും. അതിനര്‍ത്ഥം ഇത് വളരെ സുലഭമായി നമ്മുടെ നാട്ടില്‍ ലഭ്യമാണ്, ഇതിന്റെ ഉപയോഗം മറയില്ലാതെ നടക്കുന്നു എന്നതാണ്.
കേരളത്തില്‍ ആഗസ്ത് അഞ്ചു മുതല്‍ 21 വരെ കേരളത്തില്‍ എക്സൈസ് സ്പെഷ്യല്‍ ഡ്രൈവ് എന്ന് പേരിട്ട് നടത്തിയ പരിശോധനയില്‍ 5036 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, 1300 പേര് അറസ്റ്റിലായി. സപ്തംബര്‍ 12 വരെ തുടരുന്ന പരിശോധന കഴിയുന്നതോടെ കിട്ടുന്ന കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാവും.
ഇതിന്റെയെല്ലാം ഭീകരത ഇവിടംകൊണ്ട് നില്ക്കുന്നില്ല. ഉപയോഗിക്കുന്നവരേയും കൊണ്ടു നടക്കുന്നവരേയും പിടിക്കുന്ന അതേ ഗൗരവത്തോടെ ഇത് സപ്ലൈ ചെയ്യുന്ന വമ്പന്മാരെ പിടിക്കാന്‍ സാധിക്കുന്നില്ല. അറിഞ്ഞോ അറിയാതെയോ നിശബ്ദമായി പാബ്ലോ എസ്ക്കോബാര്‍മാരെ സൃഷ്ടിക്കാന്‍ കേരളത്തിലെ നിയമവ്യവസ്ഥ നിന്നുകൊടുക്കുകയാണ്. സീസണലായി പ്രവര്‍ത്തിക്കാതെ നര്‍ക്കോട്ടിക് വേട്ടക്കിറങ്ങണം ഇവിടുത്തെ എക്സ്സൈസ്, പോലീസ് സന്നാഹങ്ങള്‍.
കഴിഞ്ഞ ദിവസം വാര്‍ത്തയില്‍ നിറഞ്ഞ കോതമംഗലം സ്വദേശി അക്ഷയയും യൂനസും കഴിഞ്ഞുപോയ വാര്‍ത്ത മാത്രമാണ്. നാളെ പേരുകള്‍ മാറി വേറെ വരും, അന്ത്യമില്ലാതെ തുടരും. ഇതിന് അന്ത്യം കുറിക്കണം, സമൂഹം ഒന്നിച്ച് നിന്ന് പ്രതിരോധം തീര്‍ക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: