തൃശൂര്‍: കീഴൂര്‍ രുഗ്മിണി വധക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കേസിലെ പ്രതിയായ മകള്‍ ഇന്ദുലേഖ രണ്ട് മാസം മുമ്പും മാതാപിതാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഇതിനായി ഇരുപത് ഡോളോ ഗുളികകളും പ്രതി വാങ്ങിയിരുന്നു. ഇതില്‍ കുറച്ച് മാതാപിതാക്കള്‍ക്ക് കൊടുത്തിരുന്നു. തെളിവെടുപ്പില്‍ അവശേഷിച്ച ഗുളിക പായ്‌ക്കറ്റ് പോലീസ് കണ്ടെത്തി.
ഇന്ദുലേഖ അമ്മയെ കൊല്ലാനുപയോഗിച്ച എലി വിഷത്തിന്റെ ബാക്കിയും വിഷം നൽകിയ പാത്രവും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കിഴൂരിലെ വീട്ടിൽ പ്രതി ഇന്ദുലേഖയുമായി നടത്തിയ തെളിവെടുപ്പിലാണ് വിഷം കണ്ടെത്തിയത്. എലിവിഷം കുന്നംകുളത്തെ കടയില്‍ നിന്നാണ് ഇന്ദുലേഖ വാങ്ങിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് രുഗ്മിണി മരിച്ചത്. പരിശോധനയില്‍ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്തതോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്. 14 സെന്‍റ് ഭൂമിയും വീടും കൈക്കലാക്കാന്‍ വേണ്ടിയായിരുന്നു അരുംകൊല നടത്തിയത്. എട്ട് ലക്ഷം രൂപയുടെ സാമ്പത്തിക ബാദ്ധ്യത യുവതിയ്‌ക്കുണ്ട്.
ഇന്ദുലേഖ തന്നെയാണ് അമ്മ രുഗ്മിണിയെ ആശുപത്രിയിൽ എത്തിച്ചത്. നില ഗുരുതരമായതിനാൽ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റി. പിന്നീട് രുഗ്മിണി മരണം സംഭവിക്കുകയായിരുന്നു വിഷം ഉള്ളിൽചെന്നുള്ള മരണമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ സ്ഥിരീകരിച്ചതോടെയാണ് ഇന്ദുലേഖയിലേക്ക് പോലീസെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: