വിദ്യാര്‍ത്ഥികളല്ലെ, ജനാധിപത്യരാജ്യമല്ലെ. ഇതൊക്കെ സ്വാഭാവികം എന്നു പറയുന്നവര്‍ എത്രയോ ഉണ്ട്. അധികാരത്തിന്റെ ഹുങ്കും അഹങ്കാരവും തലയില്‍ കയറിയാല്‍ എന്തും ചെയ്യും. എംപിയുടെ ഓഫീസായാലും അടിച്ചുനിരത്തും. കോളജ് പ്രിന്‍സിപ്പാള്‍ ആണായാലും പെണ്ണായാലും അക്രമിക്കാനെത്തുന്നവര്ക്കത് പ്രശ്നമല്ല. അവര്‍ മേയാന്‍ തീരുമാനിച്ചാല്‍ മേഞ്ഞിരിക്കും. അമ്മാതിരി കൂട്ടമാണവര്‍ എന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. അധികാരക്കൊതിയുടെ ആഴം അല്പമല്ല. അത് മനുഷ്യ ഹൃദയത്തില്‍ അധികമധികം വേരൂന്നിയാല്‍ ആധിപത്യമായി തഴച്ചുവളരും. അത് നമ്മുടെ സ്വാതന്ത്ര്യത്തിന് തന്നെ കടുത്ത ദോഷമാണ് ഉണ്ടാക്കുക. പറഞ്ഞുവന്നത് കഴക്കൂട്ടത്തെ എസ്എഫ്ഐ പേക്കൂത്തിനെ കുറിച്ചുതന്നെ. ഇത് പുത്തരിയല്ല. നേരത്തെ കൊച്ചി മഹാരാജാസിലും പാലക്കാട് വിക്ടോറിയാ കോളജിലും നടന്നതിന്റെ ആവര്‍ത്തനം.
മഹാരാജാസ് കോളജ് പ്രിന്‍സിപ്പാളിന്റെ കസേര കത്തിച്ച സംഭവത്തില്‍ കുറ്റസമ്മതം നടത്തിയതാണ് എസ്എഫ്ഐ. സംഘടനയുടെ എറണാകുളം ജില്ലാ സമ്മേളന റിപ്പോര്‍ട്ടിലാണ് സംഭവം തെറ്റായിപ്പോയെന്ന ആത്മവിമര്‍ശനം നടത്തിയത്.
ജില്ലാ സെക്രട്ടറി ജുനൈദാണ് റിപ്പോര്‍ട്ട് അവതരണ വേളയില്‍ വിവാദമായ കസേര കത്തിക്കല്‍ സംഭവത്തില്‍ കുറ്റസമ്മതം നടത്തിയത്. പ്രിന്‍സിപ്പാളിന്റെ കസേര കത്തിച്ചുകൊണ്ടുള്ള പ്രതിഷേധ രീതി തെറ്റായിപ്പോയി. പൊതുസമൂഹത്തില്‍ മോശം പ്രതിച്ഛായ സൃഷ്ടിച്ചതിനൊപ്പം പ്രതിപക്ഷം ഇത് ആയുധമാക്കുന്ന സാഹചര്യമാണ് ഉണ്ടായത്. ഇത്തരം സമരരീതികള്‍ ആശാസ്യമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്യാമ്പസില്‍ അടുത്തിടെ വര്‍ദ്ധിച്ചു വരുന്ന അരാഷ്ട്രീയ പ്രവണതകള്ക്കതിരെയും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. സംഘടനാ പ്രവര്‍ത്തകര്‍ ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അത്തരക്കാര്‍ സ്വയം തിരുത്താന്‍ തയ്യാറാകണമെന്നും സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു.
ഇതിനിടെ മഹാരാജാസ് കോളജില്‍ നിന്നും മാരകായുധങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ സംഘടനയെ ന്യായീകരിക്കാനുള്ള ശ്രമങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉടനീളം. കോളേജ് അധികൃതരും പോലീസും മനഃപൂര്‍വം കുടുക്കുകയായിരുന്നുവെന്ന വാദമാണ് ഇവര്‍ ഉന്നയിക്കുന്നത്.
അതേസമയം കസേര കത്തിക്കല്‍ സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നായിരുന്നു എസ്എഫ്ഐ നേതൃത്വത്തിന്റെ ആദ്യ നിലപാട്. മാത്രമല്ല പുതിയ നിലപാടിലൂടെ മതസ്പര്‍ദ്ധ വളര്‍ത്തുന്നതും, അശ്ലീലം നിറഞ്ഞതുമായ പോസ്റ്ററുകള്‍ പതിച്ച സംഭവവത്തിലും തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് അംഗീകരിക്കുകയാണ് എസ്എഫ്ഐ. ഇതേ രീതിയാണ് പാലക്കാടും സംഭവിച്ചത്. വിക്ടോറിയ കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ശവക്കല്ലറയൊരുക്കി യാത്രയാക്കിയ മുന്‍ പ്രിന്‍സിപ്പാള്‍ ഡോ.ടി.എന്‍.സരസു കണ്ണീരോടെയാണ് മടങ്ങിയത്.
വിരമിക്കല്‍ ദിവസമായ 2016 മാര്‍ച്ച് 31 നാണ് സംഭവം. ഇതിന് പ്രേരിപ്പിച്ചത് ഇടത് അധ്യാപക സംഘടനയായ എകെജിസിടിഎയായിരുന്നു. സംഭവ ദിവസം രാവിലെ ഭര്‍ത്താവുമൊത്ത് കാറില്‍ കോളേജിലെത്തിയപ്പോള്‍ ഗെയ്റ്റിന് സമീപം ശവകല്ലറയും റീത്തും കണ്ടിരുന്നു. തനിക്ക് വേണ്ടി തീര്‍ത്ത കല്ലറ കണ്ട് തകര്‍ന്ന് ഓഫീസില്‍ കയറിയ ടീച്ചര്‍ പോലീസിന് വിവരം അറിയിക്കുകയായിരുന്നു. അത്രതന്നെ ധിക്കാരപരമായ നിലപാടായിരുന്നു തിങ്കളാഴ്ച കഴക്കൂട്ടം കാര്യവട്ടം കോളേജിലും ഉണ്ടായത്.
പൂര്‍ത്തിയാക്കിയ അതേ കോഴ്സില്‍ അതേ കോളജില്‍ നേതാവിനു വീണ്ടും പ്രവേശനം ആവശ്യപ്പെട്ട് എസ്എഫ്ഐ നടത്തിയ സമരം മണിക്കൂറുകളോളം ഗവ.കോളജിനെ സംഘര്‍ഷത്തിലാക്കി. വനിതാ പ്രിന്‍സിപ്പലിനെ തടഞ്ഞുവച്ചും കോളജ് ഗേറ്റ് പൂട്ടിയിട്ടു കൊടിനാട്ടിയും പൊലീസുകാരെ കായികമായി നേരിട്ടുമായിരുന്നു എസ്എഫ്ഐയുടെ അതിക്രമം കോളജില്‍ നിന്നും ബിഎസ്സി സ്റ്റാറ്റിസ്റ്റിക്സില്‍ മൂന്നു വര്‍ഷം കോഴ്സ് പൂര്‍ത്തിയാക്കിയ എസ്എഫ്ഐ മുന്‍ കോളജ് യൂണിയന് സെക്രട്ടറി രോഹിത് രാജിന്റെ പ്രവേശനത്തെ ചൊല്ലിയായിരുന്നു മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷാവസ്ഥ.
ഏകജാലക സംവിധാനത്തിലൂടെ എസ്ടി കോട്ടയില്‍ സര്‍വകലാശാലയില്‍നിന്ന് ഇതേ കോളജില്‍ നേരത്തെ പഠിച്ച കോഴ്സിന് ഇയാള്‍ പ്രവേശനം നേടി. പ്രവേശനം നേടേണ്ട അവസാന ദിവസമായ തിങ്കളാഴ്ച വൈകുന്നേരം വരെ കോളജില്‍ നിന്നെങ്കിലും ഒരിക്കല്‍ കോഴ്സ് പൂര്‍ത്തിയാക്കിയതിനാല്‍ ഇതേ കോഴ്സിന് പ്രവേശനം നല്കാന് കഴിയില്ലെന്ന് പ്രിന്‍സിപ്പാള്‍ എ.എസ്. ജയ അറിയിച്ചു. ഇതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിന്റെ ഓഫിസ് ഉപരോധിച്ചു. കഴക്കൂട്ടം പൊലീസ് എത്തി ബലം പ്രയോഗിച്ച് എസ്എഫ്ഐക്കാരെ പുറത്താക്കി പ്രിന്‍സിപ്പലിനെ രക്ഷിച്ച് പൊലീസ് ജീപ്പില്‍ കയറ്റി ഇരുത്തി.
അതിനിടയില്‍ പ്രിന്‍സിപ്പലിനെ കോളജിനു പുറത്തേക്കു കൊണ്ടു പോകാതിരിക്കാന്‍ ഇരുപതോളം വരുന്ന എസ്എഫ്ഐ പ്രവര്‍ത്തകര്‍ കോളജ് ഗേറ്റ് അടച്ച് കൊടി നാട്ടി ഗേറ്റിനു മുന്നില്‍ നിന്ന് മുദ്രാവാക്യം മുഴക്കി. കഴക്കൂട്ടം അസി. കമ്മിഷണര്‍ സി.എസ്. ഹരിയുടെ നേതൃത്വത്തില്‍ എസ്എച്ച്ഒ ജെ.എസ് പ്രവീണും സംഘവും എത്തി എസ്എഫ്ഐക്കാരെ മാറ്റി ഗേറ്റ് ബലം പ്രയോഗിച്ചു തുറന്നു. തുടര്‍ന്ന് പൊലീസിനെതിരെ തിരിഞ്ഞ എസ്എഫ്ഐക്കാരുമായി വാക്കേറ്റം നടന്നു. ഏതാനും വിദ്യാര്‍ഥികള്‍ പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചതോടെ ലാത്തി വീശി.
ഒരു എസ്എഫ്ഐ പ്രവര്‍ത്തകര്‍ എസിപിയുടെ കൈയില്‍ അടിച്ചതോടെ പൊലീസും എസ്എഫ്ഐക്കാരും തമ്മില്‍ സംഘട്ടനം നടന്നു. ഇതില്‍ നാലു പൊലീസുകാര്‍ക്കും ആറ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കും മര്‍ദനം ഏറ്റു. അതിനുശേഷം ബൈക്കുകള്‍ നിരത്തി ഗേറ്റ് ഉപരോധിച്ച എസ്എഫ്ഐക്കാരെ ബലം പ്രയോഗിച്ച് മാറ്റിയ പൊലീസ് പ്രിന്‍സിപ്പലിനെ പൊലീസ് ജീപ്പില്‍ തന്നെ കോളജിനു പുറത്തെത്തിച്ചു. സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച ആറു എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ഇവര്‍ക്കെതിരെ. എന്ത് നടപടി ? നാളത്തെ പിണറായിയും കൊടിയേരിയുമല്ലേ കുട്ടികള്‍. ആദരപൂര്‍വ്വം വിട്ടയച്ചാലും മതി.
ഇത് മൂര്ഖന്മാരാണ്. ഇതിനെയൊക്കെ മെരുക്കിയെടുത്ത് കളിപ്പിക്കുന്ന പാമ്പാട്ടികളാണ് തലപ്പത്ത്. പാമ്പുനൃത്തമാണ് കോളേജുകളില്‍ ഇവര്‍ നടത്തുന്നത്. ഇതിന് പാമ്പാട്ടികളുടെ സംഗീതമുണ്ട്. പുല്ലില്‍ നിന്നും പുറ്റില്‍ നിന്നും ഇഴഞ്ഞെത്തുന്ന ഇവറ്റകള്‍ക്ക് വിഷമുണ്ടെന്ന് തിരിച്ചറിയാന്‍ കാലമെടുത്തേക്കാം. അതാണല്ലൊ മഹാരാജാസില്‍ കണ്ടത്. നേതാക്കളുടെ മക്കള്‍ക്കും ഭാര്യമാര്‍ക്കുമായി ജോലിയും ലാവണവും ഒരുക്കാന്‍ വെമ്പല്‍ കാട്ടുമ്പോള്‍ ഇതൊക്കെ കാണാനും ചെയ്യരുത് കാട്ടാളരെ എന്നുപദേശിക്കാനും ആര്‍ക്കുണ്ട് സമയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: