തിരുവനന്തപുരം: സര്‍വകലാശാല നിയമ ഭേദഗതി ബില്ലില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. എന്ത് ബില്ല് പാസാക്കിയാലും ബന്ധു നിയമനം അംഗീകരിക്കില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. കണ്ണൂര്‍ സര്‍വകലാശാലയില്‍ അസ്സോസിയേറ്റ് പ്രൊഫസര്‍ സ്ഥാനത്തേക്കുള്ള പ്രിയാ വര്‍ഗീസിന്റെ റാങ്ക് പട്ടികയുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നിയമസഭയില്‍ ഏത് ബില്ല് പാസാക്കിയാലും, ഗവര്‍ണര്‍ എന്ന നിലയില്‍ രാഷ്ട്രീയ നിയമനം താന്‍ അനുവദിക്കില്ല.സര്‍വകലാശാലകളില്‍ ഇഷ്ടക്കാരെ നിയമിക്കാന്‍ സമ്മതിക്കില്ല. നിയമ നിര്‍മ്മാണത്തിന്റെ ഭാഗമായി ബില്ലുകള്‍ പാസാക്കാനുള്ള അധികാരം നിയമസഭകള്‍ക്ക് ഉണ്ട്. അത് സബ്ജക്ട് കമ്മിറ്റിക്ക് വിടണോ എന്നും അവര്‍ക്ക് തീരുമാനിക്കാം. എന്നാല്‍ ഗവര്‍ണറുടെ ചുമതലകളും ജനാധിപത്യപരമായി നിലനില്‍ക്കുന്നതാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.സര്‍വകലാശാലാ ചാന്‍സലര്‍ ആയിരിക്കുന്നത് തനിക്ക് നാണക്കേടായി തോന്നുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു.
നിയമപരമായും ഭരണഘടനാപരമായും തന്നില്‍ അര്‍പ്പിതമായ ജോലിയാണ് നിര്‍വഹിക്കുന്നത്. കണ്ണൂര്‍ സര്‍വകലാശാലയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിനു നിയമനം നല്‍കാനുള്ള തീരുമാനം പൊതുജനങ്ങള്‍ അറിഞ്ഞിട്ടും സര്‍ക്കാര്‍ പ്രതിരോധം തീര്‍ക്കുകയാണെന്ന് ഗവര്‍ണര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: