തിരുവനന്തപുരം: സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണ ചര്‍ച്ചക്കുള്ള കരട് സമീപന രേഖയില്‍നിന്ന് സ്‌കൂളുകളിലെ ലിംഗ വ്യത്യാസമില്ലാത്ത ഇരിപ്പിടം ഉള്‍പ്പെടെ വിവാദ ഭാഗങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തിരുത്തി. ‘ലിംഗസമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം’ എന്ന തലക്കെട്ടില്‍ ഉള്‍പ്പെടുത്തിയിരുന്ന ചര്‍ച്ചക്കുള്ള വിഷയ മേഖല ‘ലിംഗനീതിയിലധിഷ്ഠിതമായ വിദ്യാഭ്യാസം’ എന്ന രൂപത്തില്‍ ഭേദഗതി വരുത്തിയാണ് അന്തിമ രേഖ പ്രസിദ്ധീകരിച്ചത്. ഇരിപ്പടം എന്ന വാക്ക് മാറ്റി പകരം സ്കൂൾ അന്തരീക്ഷം എന്നാക്കുകയും ചെയ്തു.
പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സമൂഹ ചര്‍ച്ചക്ക് നല്‍കാന്‍ എസ്.സി.ആര്‍.ടി ആണ് കരട് സമീപന രേഖ പുറത്തിറക്കിയത്. ഇതിലാണ് ക്ലാസ്സുകളില്‍ ലിംഗവ്യത്യാസമില്ലാതെ ഇരിപ്പിടങ്ങള്‍ ഒരുക്കേണ്ടതിനെ കുറിച്ചുള്ള ചോദ്യമുള്ളത്. ഇതിനെതിരെ സമസ്ത ഉൾപ്പടെയുള്ള വിവിധ മുസ്ലീം സംഘടനകള്‍ സര്‍ക്കാറിനെതിരെ രംഗത്തുവന്നിരുന്നു. പാഠ്യപദ്ധതി, പാഠപുസ്തകം, വിദ്യാലയ അന്തരീക്ഷം, ബോധന രീതികള്‍ ഇവയാണ് ലിംഗനീതി വിദ്യാഭ്യാസം ഉറപ്പുവരുത്താനുള്ള പ്രധാന ഉപാധികളെന്ന് ഭേദഗതി വരുത്തിയ രേഖയില്‍ പറയുന്നു.
വിഷയത്തില്‍ എട്ട് പോയന്റുകളാണ് സമൂഹ ചര്‍ച്ചക്കായി ഉള്‍പ്പെടുത്തിയത്. ‘തുല്യ അവസരം, അധികാര പങ്കാളിത്തം, പൊതുയിടങ്ങളുമായുള്ള സമ്ബര്‍ക്ക സന്ദര്‍ഭങ്ങള്‍, ജെന്‍ഡര്‍ ന്യൂട്രല്‍ സമീപനം എന്നിവയെല്ലാം വിദ്യാലയ പ്രവര്‍ത്തനങ്ങളില്‍ പാലിക്കുന്നത് സംബന്ധിച്ച് എന്താണ് അഭിപ്രായം’ എന്നതാണ് ചര്‍ച്ചക്കായി രേഖയില്‍ ഉള്‍പ്പെടുത്തിയ ചോദ്യങ്ങളില്‍ ഒന്ന്.
ലിംഗനീതി, ലിംഗസമത്വാവബോധം എന്നിവ കുട്ടികളില്‍ വികസിപ്പിക്കാന്‍ പാഠ്യപദ്ധതിയില്‍ ഇനിയും കൂട്ടിച്ചേര്‍ക്കേണ്ട ഘടകങ്ങള്‍ ഉണ്ടോ, വീടുകളില്‍ കുട്ടികള്‍ക്ക് ലിംഗ വ്യത്യാസമില്ലാത്ത പഠനം, കളികള്‍, ജീവിതാനുഭവങ്ങള്‍ എന്നിവയില്‍ പങ്കാളികളാകുന്നതിനു വേണ്ടത്ര അവസരം നല്‍കേണ്ടതുണ്ടോ ഉണ്ടെങ്കില്‍ എങ്ങനെ നല്‍കാന്‍ കഴിയും, സ്‌കൂള്‍തലത്തില്‍ എല്ലാ പ്രവര്‍ത്തനങ്ങളിലും പെണ്‍കുട്ടികള്‍ മികവ് പുലര്‍ത്തുന്നുണ്ടെങ്കിലും വളര്‍ന്നുവരുമ്പോള്‍ പൊതുസമൂഹത്തില്‍ അവരുടെ പങ്കാളിത്തം പിന്നോട്ട് പോകുന്നത് എന്തുകൊണ്ടായിരിക്കാം, പുസ്തകങ്ങള്‍, കലാരൂപങ്ങള്‍, അച്ചടി ദൃശ്യമാധ്യമങ്ങള്‍, നവമാധ്യമങ്ങള്‍ എന്നിവയിലൂടെ കുട്ടി പരിചയപ്പെടുന്ന ഭാഷ ലിംഗനീതിയില്‍ അധിഷ്ഠിതമാണെന്ന് ഉറപ്പാക്കാന്‍ എങ്ങനെ കഴിയും തുടങ്ങിയ ചോദ്യങ്ങളാണ് രേഖയില്‍ ഉള്‍പ്പെടുത്തിയത്.
ലിംഗ തുല്യത, ലിംഗനീതി എന്നിവ സംബന്ധിച്ച കേരളീയ സമൂഹത്തിന്റെ പൊതുബോധം വിമര്‍ശനമായി പരിശോധിക്കപ്പെടേണ്ടതുണ്ടെന്ന് രേഖയുടെ ആമുഖത്തില്‍ പറയുന്നുണ്ട്. സ്‌കൂള്‍ പാഠപുസ്തകങ്ങള്‍, പഠന ബോധനരീതികള്‍, സ്‌കൂള്‍ കാമ്പസ്, കളിസ്ഥലം എന്നിവ ജെന്‍ഡര്‍ ഓഡിറ്റിങ്ങിന് വിധേയമാക്കേണ്ടതുണ്ടെന്നും ഇതിനു സഹായകമായ രീതിശാസ്ത്രം എങ്ങനെ വികസിപ്പിക്കാന്‍ കഴിയുമെന്ന ചോദ്യവും രേഖയില്‍ മുന്നോട്ടുവെക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: