കോഴിക്കോട്: സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവാഘോഷഭാഗമായി ചേര്‍ന്ന, നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന്റെ ആദ്യ ദിനം അമൃതോത്സവത്തെക്കുറിച്ച് ആദ്യ ദിവസത്തെ ചര്‍ച്ചയില്‍ സര്‍ക്കാരും സ്പീക്കറും അവഗണിച്ച കെ. കേളപ്പന് കേരളം ഇന്ന് സ്മരണാഞ്ജലി അര്‍പ്പിക്കും. കേരള ഗാന്ധി കെ. കേളപ്പന്റെ ജന്മവാര്‍ഷികദിനമാണ് ഇന്ന്. 1889 ആഗസ്ത് 24നാണ് കേളപ്പജി ജനിച്ചത്.
സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവത്തില്‍ വിവിധ പ്രദേശങ്ങളിലെ ഏറ്റവും പ്രമുഖരായ 75 സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടിക കേന്ദ്ര സര്‍ക്കാര്‍ തയാറാക്കിയപ്പോള്‍ കേരളത്തില്‍നിന്ന് കേളപ്പജിയും ഉള്‍പ്പെട്ടിരുന്നു. എന്നിട്ടും സ്പീക്കര്‍ ഏം.ബി. രാജേഷിന്റെ പ്രസംഗത്തില്‍ കേളപ്പജിയെക്കുറിച്ച് പരാമര്‍ശിച്ചതേയില്ല. പകരം മാപ്പിള കലാപ കാലത്ത് ഹിന്ദു വംശഹത്യയ്ക്ക് നേതൃത്വം നല്കിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ സ്വാതന്ത്ര്യസമര പോരാളി എന്ന് വാഴ്ത്തുകയും ചെയ്തു.
മാപ്പിള കലാപത്തെക്കുറിച്ച് ”അതില്‍ വര്‍ഗ്ഗീയമായ വഴിപിഴയ്ക്കലുകളും ആക്രമണങ്ങളും ഉണ്ടായിട്ടുണ്ട്” എന്നാണ് കേളപ്പജി വിലയിരുത്തിയത്. ‘ഖിലാഫത്തിന്റെ മതാന്ധത’ എന്ന ലേഖനത്തില്‍ കെ. കേളപ്പന് ഇങ്ങനെ എഴുതുന്നു: ‘…1921ലെ ലഹളയില്‍ നടന്ന കൊള്ള, കൊലപാതകം, മതപരിവര്‍ത്തനം സ്ത്രീകളുടെ മാനഭംഗം തുടങ്ങിയ കാര്യങ്ങളോര്‍ത്താല്‍ മറ്റ് കലാപങ്ങളെല്ലാം നിഷ്പ്രഭമാകുന്നു.” പൊന്നാനിയില്‍ ഹിന്ദു സമൂഹത്തില്‍ പെട്ടവരെ ആക്രമിക്കാന്‍ ചമ്രവട്ടം കേന്ദ്രീകരിച്ച് ഖിലാഫത്തിന്റെ പേരില്‍ സമരം നടത്തിയവര്‍ സംഘടിച്ച് വന്നപ്പോള്‍ അവരെ അഹിംസാമാര്‍ഗത്തില്‍ ചെറുത്ത് തിരിച്ചയച്ചത് കേളപ്പനും കൂട്ടരുമായിരുന്നു.
ഖിലാഫത്തിന്റെ മതാന്ധത എന്നു ലേഖനമെഴുതിയ കേളപ്പജിയെ പുറത്താക്കി വാരിയംകുന്നനെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ കുടിയിരുത്തുകയാണ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍. അതിനു കാരണം പലതുണ്ട്:
അങ്ങാടിപ്പുറത്ത് തളി ക്ഷേത്രപുനരുദ്ധാരണത്തിന് മുന്നിട്ടിറങ്ങി, മലബാര്‍ ക്ഷേത്ര സംരക്ഷണ സമിതി കെട്ടിപ്പടുത്ത് സ്വാതന്ത്ര്യാനന്തരം സ്വത്വം നേടിയെടുക്കാന്‍ ഒരു ജനതയ്ക്ക് ആത്മവിശ്വാസം കൊടുത്തവരില്‍ മുന്‍നിരയില്‍നിന്ന കേളപ്പന്, ഗാന്ധിജിയുടെ ആത്മീയ ലക്ഷ്യത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ആ ആത്മപ്രഭാവത്തിന്റെ വിജയമായിരുന്നു അങ്ങാടിപ്പുറത്ത് തുടങ്ങിയത്. കേരളത്തില്‍ അന്ന് അധികാരത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു. മലപ്പുറം ഒരു പ്രത്യേക സമുദായത്തിന് ജനസംഖ്യാപരമായി മേല്‍ക്കൈ നല്കുന്ന തരത്തില്‍ പുതിയ ജില്ലയാക്കാനുള്ള തീരുമാനം എടുത്ത സര്‍ക്കാരായിരുന്നു ഭരണത്തില്‍. അതുകൊണ്ടുതന്നെ് കേളപ്പജിയുടെ ക്ഷേത്ര പുനരുദ്ധാരണത്തെ അവര്‍ എതിര്‍ത്തു. തകര്‍ക്കാനുള്ള പദ്ധതികള്‍ പക്ഷേ, പല ധീരരുടേയും അര്‍പ്പിത മനസ്സുകളുടേയും പ്രതിരോധത്തില്‍ തകര്‍ന്നു.
”നായ പാത്തിയ കല്ലിന്മേല് കളഭം ചാര്‍ത്തിയ കേളപ്പാ” എന്ന് കമ്യൂണിസ്റ്റുകള്‍, കേളപ്പജിയെ വിമര്‍ശിക്കുകയും ആക്ഷേപിക്കുകയും ചെയ്തു. എ.കെ. ഗോപാലന് പൊതുയോഗത്തില്‍ അധിക്ഷേപിച്ചപ്പോള്‍ കേളപ്പജിയുടെ മറുപടി ഇങ്ങനെയായിരുന്നു, ”അവന് നല്ല രാഷ്ട്രീയക്കാരനാണ്, രാഷ്ട്രീയക്കാര്‍ക്ക് എന്താണ് പറഞ്ഞുകൂടാത്തത്. നമുക്ക് അതു വയ്യല്ലോ.” കേളപ്പന് കമ്മ്യൂണിസ്റ്റുകള്‍ക്ക് തലവേദനയായി മാറിയിരുന്നു. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച്, അതിന്റെ പലതലത്തിലും ഭാരവാഹികളെ നിയോഗിച്ച് സ്വാതന്ത്ര്യ സമരപ്രവര്‍ത്തനം നയിക്കുന്നുവെന്ന പ്രതീതി ഉണ്ടാക്കിയപ്പോഴും ആ പാര്‍ട്ടിയില്‍നിന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തിച്ചവരായിരുന്നു കമ്യൂണിസ്റ്റുകള്‍. ആ കാര്യങ്ങളിലെല്ലാം കേളപ്പന് ആ പാര്‍ട്ടിക്ക് തടസമായിരുന്നു. അങ്ങനെയാണ് ‘കിണാവൂര്‍’ സംഭവം ഉണ്ടായത്. കിണാവൂരിലും ക്ലായിക്കോട്ടും കോണ്‍ഗ്രസ് സമ്മേളന പന്തലുകള്‍ തീവെക്കാനും വര്‍ഗശത്രുക്കളുടെ ഹിറ്റ്ലിസ്റ്റ് തയാറാക്കി അവരെ അപായപ്പെടുത്താനും കമ്യൂണിസ്റ്റുകള്‍ തീരുമാനിച്ചിരുന്നു. കിണാവൂര്‍ സമ്മേളനത്തില്‍ പ്രസംഗിച്ച് മടങ്ങിയ ശേഷമാണ് തന്നെ വകവരുത്താനുള്ള ആസൂത്രണം കേളപ്പജി അറിഞ്ഞത്. ആ കേളപ്പജിയെ കമ്യൂണിസ്റ്റുകള്‍ ഭരണം കൈയാളുന്ന കാലത്ത് നിയമസഭ അനുസ്മരിക്കില്ല എന്നത് തികച്ചും സ്വാഭാവികം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: