Categories: Ernakulam

75 ദിനങ്ങള്‍ കൊണ്ട് 75 സ്വാതന്ത്ര്യസമര സേനാനികള്‍; ശ്രദ്ധമായി അഞ്ജന്‍ സതീഷിന്റെ ചിത്രപ്രദര്‍ശനം

Published by

കൊച്ചി: പരിമിതികളെല്ലാം അവഗണിച്ച് ചിത്ര രചനാ രംഗത്ത് തന്റെ പാതതെളിയിച്ച് രഞ്ജന്‍ സതീഷ്. 75 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ 75 സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രങ്ങളുമായി എറണാകുളം എസ്ആര്‍വി സ്‌കൂളിലെ അഞ്ജന്‍ സതീഷിന്റെ ചിത്ര പ്രദര്‍ശനം ശ്രദ്ധേയമായി.

സെറിബ്രല്‍ പാള്‍സി ബാധിച്ച് സംസാര ശേഷിയും കേള്‍വി ശക്തിയും കാഴ്ച പരിമതിയും വന്നിട്ടും പരിമിതികളെ ചിത്രരചനയിലൂടെ സാധ്യതകളാക്കി മാറ്റുകയാണ് തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങര സ്വദേശി അഞ്ജന്‍. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി എസ്ആര്‍വി ഹയര്‍ സെക്കന്‍ഡറി സ്‌കൂളും എസ്ആര്‍വി ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷനും ചേര്‍ന്നാണ് സ്‌കൂളില്‍ പ്രദര്‍ശനം സംഘടിപ്പിച്ചത്.  

എസ് ആര്‍വി സ്‌കൂള്‍ അധ്യാപിക പി.വി. റാണിയുടെ നേതൃത്വത്തിലായിരുന്നു അഞ്ജന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചത്. തൃപ്പൂണിത്തുറ പാലസ് സ്‌കൂളില്‍ അഞ്ജന്റെ അധ്യാപികയായിരുന്നു. ചിത്ര പ്രദര്‍ശനത്തോടൊപ്പം കാണാന്‍ എത്തുന്നവരുടെ കാരിക്കേച്ചറും മിനുട്ടുകള്‍ക്കുള്ളില്‍ അഞ്ജന്‍ വരച്ചു നല്‍കും. കൗണ്‍സിലര്‍ പത്മജ എസ്. മേനോന്‍ ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.

ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ എ.എന്‍. ബിജു അധ്യക്ഷത വഹിച്ചു. ഒഎസ്എ പ്രസിഡന്റ് ബി.ആര്‍. അജിത്, എ.കെ. സഭാപതി, കെ.ജെ. ഷിനിലാല്‍, എം.പി. ശശിധരന്‍, പി.വി. റാണി, സി. രാധിക തുടങ്ങിയവര്‍ സംസാരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക