ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഹരിയാനയിലും പഞ്ചാബിലുമുള്ള ആരോഗ്യമേഖയിലെ രണ്ട് സുപ്രധാന സംരംഭങ്ങള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കും. രാവിലെ 11 മണിക്ക് ഹരിയാനയിലെ ഫരീദാബാദില്‍ മാതാ അമൃതാനന്ദമയി മഠം നിര്‍മ്മിച്ച അമൃത ആശുപത്രിയും ഉച്ചയ്ക്കുശേഷം 2.15ന് പഞ്ചാബിലെ മൊഹാലി മുള്ളന്‍പൂരിലെ ഹോമി ഭാഭ കാന്‍സര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററും ഉദ്ഘാടനം ചെയ്യും.
ഫരീദാബാദിലെ അമൃത ആശുപത്രി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതോടെ ദേശീയ തലസ്ഥാന മേഖലയില്‍ ആധുനിക മെഡിക്കല്‍ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയ്ക്ക് ഉത്തേജനം ലഭിക്കും. 2600 കിടക്കകളാണ് ഈ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ സജ്ജീകരിക്കുന്നത്. 6000 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ആശുപത്രി ഫരീദാബാദിലെയും എന്‍സിആര്‍ മേഖലയിലെയും ജനങ്ങള്‍ക്ക് അത്യാധുനിക ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ നല്‍കും.
പഞ്ചാബിലെയും അയല്‍ സംസ്ഥാനങ്ങളിലെയും നിവാസികള്‍ക്ക് ലോകോത്തര കാന്‍സര്‍ രോഗ പരിചരണം ലക്ഷ്യമിട്ടാണ് മുള്ളന്‍പൂരില്‍ ഹോമി ഭാഭാ കാന്‍സര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ആരംഭിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ആണവോര്‍ജ്ജ വകുപ്പിന് കീഴിലുള്ള എയ്ഡഡ് സ്ഥാപനമായ ടാറ്റ മെമ്മോറിയല്‍ സെന്ററാണ് 660 കോടിയിലധികം രൂപ ചെലവഴിച്ച് ആശുപത്രി നിര്‍മിച്ചത്.
300 കിടക്കകളുള്ള ഒരു ടെര്‍ഷ്യറി കെയര്‍ ഹോസ്പിറ്റലാണിത്. സര്‍ജറി, റേഡിയോ തെറാപ്പി, മെഡിക്കല്‍ ഓങ്കോളജി – കീമോതെറാപ്പി, ഇമ്മ്യൂണോതെറാപ്പി, മജ്ജ മാറ്റിവയ്ക്കല്‍ തുടങ്ങിയ എല്ലാ ചികിത്സാ രീതികളും ഉപയോഗിച്ച് എല്ലാത്തരം കാന്‍സറുകളും ചികിത്സിക്കുന്നതിനുള്ള ആധുനിക സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: