തിരുവനന്തപുരം : സില്‍വര്‍ലൈന്‍ സംസ്ഥാനത്തിന്റെ വികസനത്തിന് ഏറെ ആവശ്യമുള്ള പദ്ധതിയാണ്. സര്‍ക്കാര്‍ ഇത് ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പദ്ധതിക്ക് അനുകൂലമായി കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.
സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഈ അതിവേഗ പദ്ധതി ഏറെ ആവശ്യമുള്ളതാണ്. ചില പ്രത്യേക സ്വാധീനങ്ങള്‍ക്ക് വഴങ്ങിയാണ് സില്‍വര്‍ ലൈനിലുള്ള അനുമതി വൈകിപ്പിക്കുന്നത്. പദ്ധതിക്കുള്ള സാമൂഹാഘാത പഠനത്തിന് കല്ലിടുന്നതിനൊപ്പം ജിയോ ടാഗ് സര്‍വെയും തീരുമാനിച്ചിരുന്നു. ഇതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. പദ്ധതിക്ക് അനുമതി തരില്ലെന്ന് കേന്ദ്ര സര്‍ക്കാരിന് എല്ലാകാലവും പറയാനാകില്ല. ഏത് ഘട്ടത്തിലായാലും അനുമതി തന്നേ മതിയാകൂവെന്നും പിണറായി പ്രതിപക്ഷം സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്കി.
കേരളത്തിന് അര്‍ദ്ധ അതിവേഗ റെയില്‍ വേണം. അതിന് സില്‍വര്‍ ലൈനെന്നോ കെ റെയില്‍ എന്നോ അതല്ല മറ്റെന്തെങ്കിലും പേരിട്ടാലും പ്രശ്നമില്ല. സംസ്ഥാനം അര്‍ദ്ധ അതിവേഗ റെയില്‍ പദ്ധതി കേന്ദ്രത്തിന് മുന്നിലേക്ക് വെച്ചു. കേന്ദ്രം പദ്ധതി ഏറ്റെടുക്കുകയാണെങ്കില്‍ സന്തോഷമാണ്. സംസ്ഥാനത്തിന് അതി വേഗതയിലോടുന്ന ട്രെയിന്‍ വേണമെന്ന് മാത്രമേയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതിക്കെതിരായ സമരത്തില്‍ ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെയാണ് പോലീസ് നിലവില്‍ കേസുകളെടുത്തിട്ടുള്ളത്. ഈ കേസുകള്‍ പിന്‍വലിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: