ഷാജന് സി. മാത്യു
കൊച്ചി: ഇന്ത്യന്‍ എന്‍ജിനീയറിങ്ങിന്റെയും ഗവേഷണത്തിന്റെയും യശസ്സ് അനന്ത വിഹായസ്സിലുയര്ത്തുന്ന ആദ്യ തദ്ദേശീയ വിമാന വാഹിനിക്കപ്പല്‍, വിക്രാന്ത് രാജ്യത്തിനു സമര്‍പ്പിക്കുന്ന ചടങ്ങ് ദേശസ്നേഹത്തിന്റെ നിറപ്പകിട്ടാല് അലംകൃതമാകും.
ചടങ്ങിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊച്ചി കപ്പല്‍ശാലയിലെ ജീവനക്കാര്‍ ത്രിവര്‍ണമണിഞ്ഞു സ്വീകരിക്കും. കപ്പല്‍ശാലയിലെ 1754 സ്ഥിരം ജീവനക്കാരും 1437 കരാര്‍ ജീവനക്കാരും ത്രിവര്‍ണം ആലേഖനം ചെയ്ത കോട്ടണിഞ്ഞാണു ചടങ്ങില്‍ പങ്കെടുക്കുക. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര് ത്രിവര്‍ണമണിഞ്ഞ് ഒരു സ്ഥാപനത്തില്‍ പങ്കെടുക്കുന്ന ആദ്യ ചടങ്ങാകും ഇത്.
കപ്പലിന്റെ ഫ്ളൈറ്റ് ഡെക്കില്‍ പ്രധാനമന്ത്രി, നാവികസേനാ മേധാവി, കപ്പല്‍ശാലാ മേധാവി തുടങ്ങി ഏതാനും പേര് മാത്രമാണ് വിമാനവാഹിനി രാജ്യത്തിനുസമര്പ്പിക്കുന്ന ചടങ്ങില്‍ നേരിട്ടു പങ്കെടുക്കുക. വിഐപികളും മാധ്യമപ്രവര്‍ത്തകരും കപ്പല്‍ശാലയുടെ ബര്‍ത്തില്‍ പ്രത്യേകം തയാറാക്കിയ പവിലിയനില്‍ ചടങ്ങ് വീക്ഷിക്കും.
വിമാനവാഹിനി രാജ്യത്തിനു സമര്‍പ്പിച്ച ശേഷം പ്രധാനമന്ത്രി അവരെ അഭിസംബോധന ചെയ്യും. ഈ പവിലിയനു പുറത്താണ് 3200 ജീവനക്കാര്‍ ത്രിവര്‍ണം ആലേഖനം ചെയ്ത പുറംകുപ്പായമണിഞ്ഞു ചടങ്ങിനു ദേശസ്നേഹത്തിന്റെ നിറച്ചാര്‍ത്തേകാന്‍ അണിനിരക്കുന്നത്. രണ്ടിനു രാവിലെ 10നും 11നും ഇടയ്ക്കാണ് ചടങ്ങെങ്കിലും കാലാവസ്ഥാ വ്യതിയാനമനുസരിച്ച് സമയത്തില്‍ മാറ്റം വരാം.
തുറന്ന ഡെക്കിലാണ് സമര്‍പ്പണച്ചടങ്ങ്. മഴയില്ലാത്തപ്പോഴേ അതു നടത്താനാകൂ. രണ്ടിനു കൊച്ചിയില്‍ മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ചടങ്ങ് ഒന്നുരണ്ടു ദിവസം മാറ്റിവയ്ക്കാന്‍ നാവികസേന നിര്‍ദേശിച്ചിരുന്നു. എന്നാല്‍, നിശ്ചയിച്ച ദിവസം മാറ്റേണ്ടെന്നും അന്നു തന്നെ മഴയ്ക്കു സാധ്യതയില്ലാത്ത പ്പോള്‍ ചടങ്ങ് നടത്താനുമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചത്. അങ്ങനെ കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് രാവിലെ 10 എന്നതു നിശ്ചയിച്ചത്. എന്നാല്‍, കാലാവസ്ഥാ റിപ്പോര്‍ട്ട് മാറിയാല്‍ പരിപാടിയുടെ സമയവും മാറിയേക്കാമെന്ന് അധികൃതര്‍ ‘ജന്മഭൂമി’യോടു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: